തിരയുക

കുരിശുരൂപം കുരിശുരൂപം 

സീറോ മലങ്കര കത്തോലിക്കാ സഭയിൽ മെത്രാന്മാരുടെ നിയമനങ്ങൾ!

നിയുക്ത മെത്രാന്മാർ: മാത്യു മണക്കരകാവിൽ, തിരുവനന്തപുരം സീറോമലങ്കര സഭാ അതിരൂപതയുടെ സഹായമെത്രാൻ, ആൻറണി കാക്കനാട്ട് - കൂരിയാ മെത്രാൻ. ഹരിയാനയിൽ, ഗുർഗാവോണിലെ സെൻറ് ജോൺ ക്രിസോസ്റ്റോം മലങ്കര രൂപതയുടെ പുതിയ മെത്രാനായി മാർ തോമസ് അന്തൊണിയോസ് വലിയവിളയിൽ നിയമിതനായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തിരുവനന്തപുരം സീറോമലങ്കര കത്തോലിക്കാസഭാ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ.

കോർഎപ്പിസ്കോപ്പൊ മാത്യു മണക്കരകാവിൽ (Corepiscopo Mathew Manakkarakavil) ആണ് പുതിയ മെത്രാൻ.

സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭാ സിനഡ് അദ്ദഹത്തെ മെത്രാനായി തിരഞ്ഞെടുത്തതിന് ഫ്രാൻസീസ് പാപ്പാ അംഗീകാരം നല്കി.

1955 നവമ്പർ 10-ന് ജനിച്ച നിയുക്ത മെത്രാൻ മാത്യു മണക്കരകാവിൽ വടവാത്തൂർ സെൻറ് തോമസ് അപ്പൊസ്തോലിക് സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ ശേഷം 1982 ഡിസമ്പർ 18-നാണ് പൗരോഹിത്യം സ്വീകരിച്ചത്.

ഇന്ത്യയിലും വിദേശത്തുമായി വിവിധ സർവ്വകലാശാലകളിൽ പഠന നടത്തിയിട്ടുള്ള അദ്ദേഹത്തിന് സാഹിത്യത്തിൽ ഡോക്ടറേറ്റുണ്ട്.

സീറോമലങ്കര മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭാ സിനഡ്, വൈദികൻ ആൻറണി കാക്കനാട്ടിനെ കൂരിയാ മെത്രാനായി തിരഞ്ഞെടുത്തതിനും പാപ്പാ അംഗീകാരം നല്കി.

നിയുക്ത മെത്രാൻ ആൻറണി കാക്കനാട്ട് 1961 ജൂലൈ 18-ന് കടമങ്കുളത്താണ് ജനിച്ചത്.

വൈദിക പഠനം വടവാത്തൂർ സെൻറ് തോമസ് അപ്പൊസ്തോലിക് സെമിനാരിയിൽ ആയിരുന്നു.

1987 ഡിസമ്പർ 30-ന് തിരുവല്ല രൂപതയ്ക്കുവേണ്ടി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന്  മതബോധനത്തിൽ ഡോക്ടറേറ്റു നേടിയിട്ടുണ്ട് നിയുക്ത മെത്രാൻ ആൻറണി കാക്കനാട്ട്.

ഹരിയാനയിലെ ഗുർഗാവോണിലെ സെൻറ് ജോൺ ക്രിസോസ്റ്റോം  മലങ്കര രൂപതയ്ക്കും പുതിയ മെത്രാനെ ലഭിച്ചു.

മാർ തോമസ് അന്തൊണിയോസ് വലിയവിളയിൽ ആണ് പ്രസ്തുത രൂപതയുടെ പുതിയ ഭരണ സാരഥി.

ഖാദ്കിയിലെ വിശുദ്ധ എഫ്രേമിൻറെ സീറോമലങ്കര രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹത്തിന് ഈ പുതിയ നിയമനം.

മാർ തോമസ് അന്തൊണിയോസ് വലിയവിളയിൽ 1955 നവമ്പർ 21-ന് അടൂരിൽ ജനിച്ചു.1981 ഡിസംമ്പർ 27-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2010 മാർച്ച് 13-ന് മെത്രാനായി അഭിഷിക്തനായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2022, 21:32