തിരയുക

കർദ്ദിനാൾ ഹവിയേർ ലൊസ്സാനോ ബറഗാൻ കർദ്ദിനാൾ ഹവിയേർ ലൊസ്സാനോ ബറഗാൻ  

കർദ്ദിനാൾ ഹവിയേർ ലൊസ്സാനോ ബറഗാൻ അന്തരിച്ചു

ആരോഗ്യപ്രവർത്തകർക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ മുൻ പ്രസിഡന്റ് കർദ്ദിനാൾ ഹവിയേർ ലൊസ്സാനോ ബറഗാൻ അന്തരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ ഇരുപതിന് റോമിൽവച്ചാണ് 89 കാരനായ കർദ്ദിനാൾ ബറഗാൻ അന്തരിച്ചത്. മെക്സിക്കോയിൽനിന്നുള്ള അദ്ദേഹത്തിന്റെ മരണത്തോടെ കർദ്ദിനാൾ സംഘത്തിന്റെ സംഖ്യ 210 ആയി. ഇവരിൽ 117 പേർ വോട്ടവകാശമുള്ളവരും 93 പേർ വോട്ടവകാശമില്ലാത്തവരുമാണ്.

1933-ൽ മെക്സിക്കോയിലാണ് അദ്ദേഹം ജനിച്ചത്. 1984 മുതൽ, മെക്സിക്കോയിലെ സ്സക്കാത്തെക്കാസ്സ് രൂപതയുടെ മെത്രാനായിരുന്ന അദ്ദേഹം, 1996ലാണ് ആരോഗ്യപ്രവർത്തകർക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2003-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. 2005-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവിൽ പങ്കെടുത്തിരുന്നു. 2009-ൽ സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ ബറഗാൻ റോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഏപ്രിൽ 13-ന് സ്പെയിനിൽ നിന്നുള്ള കർദ്ദിനാൾ റിക്കാർദോ ബ്ലാസ്ക്കെസ് പേരെസിന് എൺപത് വയസ്സായതോടെ കർദ്ദിനാൾ സംഘത്തിലെ വോട്ടവകാശമില്ലാത്തവരുടെ എണ്ണം 94 ആയിരുന്നു. ഇപ്പോൾ കർദ്ദിനാൾ ബറഗാന്റെ മരണത്തോടെ വോട്ടവകാശമില്ലാത്ത കർദ്ദിനാൾമാരുടെ സംഖ്യ 93 ആയി കുറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2022, 16:54