തിരയുക

ക്രാക്കോവിലെ വിരമിച്ച പോളിഷ് കർദിനാൾ സ്റ്റാനിസ്ലാവ് ഡിവിസ്സ് സന്നദ്ധപ്രവർത്തകരോടു സംസാരിക്കുന്നു. ക്രാക്കോവിലെ വിരമിച്ച പോളിഷ് കർദിനാൾ സ്റ്റാനിസ്ലാവ് ഡിവിസ്സ് സന്നദ്ധപ്രവർത്തകരോടു സംസാരിക്കുന്നു. 

കർദ്ദിനാൾ ജൂവിസ്സ്: യുക്രേനിയക്കാരെ സഹോദരീ- സഹോദരരായി പോളണ്ട് സ്വീകരിക്കുന്നു

ദശലക്ഷക്കണക്കിന് യുക്രേനിയൻ അഭയാർത്ഥികളുടെ കഷ്ടപ്പാടുകളിൽ സ്തബ്ധനായ ക്രാക്കോവിലെ ആർച്ച് ബിഷപ്പ് എമെരിത്തൂസ് സ്റ്റാനിസ്ലാവ് ജുവിസ്സ്, യുദ്ധത്തിന്റെ കെടുതികൾക്ക് മുമ്പിൽ പോളണ്ട് ഒരു കരുണയുള്ള ഹൃദയം കാണിച്ചുവെന്ന് പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ക്രാക്കോവിലെ ആർച്ച് ബിഷപ്പ് എമിരിത്തൂസ് കർദ്ദിനാൾ സ്റ്റാനിസ്ലാവ് ജുവിസ്സ് ഇക്കാര്യം വ്യക്തമാക്കിയത്. അയൽക്കാരോടു ഉദാരതയും സംവേദനക്ഷമതയും പ്രകടിക്കുന്ന പോളണ്ട്, റഷ്യൻ ബോംബുകളും മിസൈലുകളും മൂലം എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്ന നിരാശരായ യൂക്രേനിയക്കാർക്കായി അതിന്റെ വാതിലുകൾ തുറന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പോളണ്ടിന്റെ ഐക്യദാർഢ്യം

പോളണ്ട് “ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, എല്ലാറ്റിനുമുപരിയായി  അതിന്റെ അതിർത്തി തുറന്നതു വഴി,” എന്ന് കർദ്ദിനാൾ പറഞ്ഞു. “ഇപ്പോൾ, പോളണ്ടിൽ ഏകദേശം രണ്ട് ദശലക്ഷത്തോളം അഭയാർത്ഥികളുണ്ട്, അവർ ദരിദ്രരും ചിലപ്പോൾ പാദരക്ഷകൾ പോലുമില്ലാതെ, ഒന്നുമില്ലാത്തവരായാണ് എത്തുന്നത്. അവരെ വലിയ ഹൃദയത്തോടെ  പോളണ്ടിൽ സ്വാഗതം ചെയ്യുന്നു. ഇത് ഹൃദയസ്പർശിയാണ്." കർദ്ദിനാൾ പറഞ്ഞു.

അഭയാർഥികൾക്ക് തങ്ങളുടെ വീടുകൾ തുറന്നുകൊടുക്കുകയും തങ്ങൾക്കുള്ളതെല്ലാം അവർക്ക് നൽകുകയും ചെയ്യുന്ന പോളണ്ടുകാരുണ്ടെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ദീർഘകാല സ്വകാര്യ സെക്രട്ടറിയായിരുന്ന 82 കാരനായ കർദ്ദിനാൾ പറഞ്ഞു. "യുക്രേനിയക്കാരെ യഥാർത്ഥ സഹോദരന്മാരായി പരിഗണിക്കുന്ന സാഹോദര്യത്തിന്റെ അപ്രതീക്ഷിത പ്രകടനത്തിൽ ഒരു വലിയ ഐക്യദാർഢ്യം സൃഷ്ടിക്കപ്പെട്ടു," കർദ്ദിനാൾ വ്യക്തമാക്കി.

അഭയാർത്ഥികൾ അപകടകരമായ സാഹചര്യങ്ങളിലാണ് എത്തുന്നതെന്നും അവർക്ക് സഹായം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുള്ള സ്ത്രീകളും ഭർത്താവിനെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ നിന്ന് പോന്നവരുമുണ്ട്.

വലിയ കഷ്ടപ്പാടുകളും, ദുരിതങ്ങളും ഉണ്ട്. കൂടാതെ ധാരാളം രോഗികളും. അദ്ദേഹം പങ്കുവച്ചു. ചികിത്സ ആവശ്യമുള്ളവരെ സ്വീകരിക്കാൻ പോളണ്ടിൽ നിരവധി ആശുപത്രികൾ തുറന്നിട്ടുണ്ട്, ദുരിതമനുഭവിക്കുന്നവർക്ക് ധാർമ്മിക പിന്തുണ നൽകാൻ സഭ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോളിഷ് കന്യാസ്ത്രീകളുടെ പ്രതിബദ്ധത

സഭയും അതിന്റെ പങ്ക് നിർവഹിക്കുന്നുണ്ടെന്ന് കർദ്ദിനാൾ ജുവിസ് ചൂണ്ടിക്കാട്ടി. പോളണ്ടിലെ 924 മഠങ്ങളിലും യുക്രെയ്‌നിലെ 98 മ മഠങ്ങളിലും സഹോദരിമാർ ആത്മീയവും മാനസികവും വൈദ്യശാസ്ത്രപരവും ഭൗതികവുമായ സഹായം നൽകുന്നുവെന്ന് സന്യാസിനി സഭാദ്ധ്യക്ഷരുടെ കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു.

യുക്രേനിയൻ ഭാഷാ വിവർത്തകരെന്ന നിലയിലും സന്യാസിനികൾ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്നുള്ള കുട്ടികൾക്കും അമ്മമാർക്കുമായി പാഠങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

കുടിയിറക്കപ്പെട്ടവരുടെ വർദ്ധന

അതിനിടെ, മുന്നേറുന്ന റഷ്യൻ സൈന്യം യുക്രെയ്നിന്റെ പടിഞ്ഞാറൻ നഗരങ്ങളും പോളണ്ടിനോടു അതിർത്തി പങ്കിടുന്ന കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു. പോളണ്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ യാവിറോവിലെ യുക്രേനിയൻ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ഞായറാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണം പോളണ്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു, അത്യാവശ്യ സാധനങ്ങളുടെ വിതരണം നിർത്തലാക്കുകയോ യുദ്ധം പോളണ്ടിലേക്ക് വ്യാപിക്കുകയോ ചെയ്യുമെന്ന ഭയം മൂലം പലരും പാസ്പോർട്ട് ഓഫീസുകളിലേക്കും അവശ്യവസ്തുക്കൾ സംഭരിക്കാനും തിടുക്കം കൂട്ടി. സൈനീകപരിശീലന കേന്ദ്രത്തിലെ അക്രമണം റഷ്യൻ അധിനിവേശത്തിന്റെ ഏറ്റവും പടിഞ്ഞാറു ഭാഗത്തെ ലക്ഷ്യമായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. അഭയാർത്ഥി അടിയന്തരാവസ്ഥ നേരിടാൻ പോളണ്ട് യൂറോപ്യൻ യൂണിയന്റെ സഹായം തേടി. പോളിഷ് കുടുംബ, തൊഴിൽ, സാമൂഹികനയ മന്ത്രി മാർലീന മെലാഗ് പറയുന്നതനുസരിച്ച്, അഭയാർത്ഥി അടിയന്തരാവസ്ഥയുടെ "മുൻനിരയിലുള്ളവരുടെ മാത്രമല്ല, എല്ലാ അംഗരാജ്യങ്ങളുടെയും ഐക്യദാർഢ്യത്തെ അടിസ്ഥാനമാക്കിയുള്ള സഹകരണത്തിന് സാമ്പത്തിക പിന്തുണ അത്യന്താപേക്ഷിതമാണ്".

അടുത്ത മൂന്ന് മാസത്തിൽ യുക്രെയ്‌നിലെ 2.1 ദശലക്ഷം ആഭ്യന്തര കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെയും അയൽ രാജ്യങ്ങളിലെ 2.4 ദശലക്ഷം അഭയാർത്ഥികളെയും സഹായിക്കാൻ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR 510 മില്യൺ ഡോളർ അടിയന്തരമായി അഭ്യർത്ഥിച്ചു. സൈനിക ആക്രമണം ആരംഭിച്ച് വരുന്ന ആറ് മാസത്തിനുള്ളിൽ നാല് ദശലക്ഷത്തിലധികം അഭയാർത്ഥികൾ സുരക്ഷ തേടി യുക്രെയ്നിൽ നിന്ന് പലായനം ചെയ്തേക്കുമെന്ന് UNHCR കണക്കാക്കുന്നു. പ്രതിസന്ധിയുടെ സാഹചര്യങ്ങൾ കാരണം, അഭയാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഏജൻസി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2022, 13:57