തിരയുക

യുക്രെയ്നിലെ  യുദ്ധഭൂമി യുക്രെയ്നിലെ യുദ്ധഭൂമി  (MAKS LEVIN)

പെറു: യുക്രെയ്നിലെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം

പെറുവിലെ മെത്രാൻ സമിതിയുടെ അധ്യക്ഷൻ മിസ്ഗ്രർ മിഗുവൽ കാബ്രെയോസും, സെക്രട്ടറി ജനറൽ നോർബെർട്ടോ സ്ട്രോട്ട്മാനും യുക്രെയ്നിലെ സമാധാനത്തിനായുള്ള പാപ്പായുടെ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസ്താവനയിറക്കി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുക്രെയ്നിലെ സ്ഥിതിഗതികളിലുള്ള   ലോകത്തിന്റെ വേദനയുടെയും ആശങ്കയുടെയും പശ്ചാത്തലത്തിൽ, "ജനങ്ങൾക്ക് കൂടുതൽ കഷ്ടപ്പാടുകൾ സൃഷ്ടിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ അസ്ഥിരപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന" എല്ലാ പ്രവർത്തനങ്ങളും നിർത്തണമെന്ന് ആവശ്യപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ അടിയന്തിര ആഹ്വാനത്തെ തങ്ങളും ഏറ്റെടുക്കുന്നുവെന്നു  പ്രസ്താവനയിൽ പറയുന്നു.

ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള  രക്തരൂക്ഷിതമായ സംഘട്ടനങ്ങളിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവർ യുദ്ധങ്ങളുടെ നിരപരാധികളായ ഇരകളായി തീരുന്ന  സാധാരണ  ജനങ്ങളാണ് എന്നും അക്രമത്തിന്റെ ഈ സാഹചര്യം തുടർന്നാൽ, നിരവധി കുടുംബങ്ങൾ  ദുഃഖത്തിലാകുകയും, അഭയാർത്ഥികളും, കുടിയൊഴിപ്പിക്കപ്പെടുന്നവരുമായ ലക്ഷക്കണക്കിന് ആളുകളുടെ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുമെന്നും അവർ ഓർമ്മിപ്പിച്ചു. അതിനാൽ നമ്മുടെ പെറുവിയൻ ജനതയുടെ അജപാലകർ എന്ന നിലയിലും ഫ്രാൻസിസ് പാപ്പായെ പിന്തുടരുന്നവർ എന്ന നിലയിലും, ഈ മാർച്ച് 2, വിഭൂതി  ബുധനാഴ്ച ലോക സമാധാനത്തിനായുള്ള ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനത്തിൽ പങ്കുചേരാൻ വിശ്വാസികളോടും എല്ലാ നല്ല മനസ്കരോടും മെത്രാൻ സമിതി അഭ്യർത്ഥിച്ചു.

അതേസമയം, എല്ലാ ജനങ്ങളോടും  വിശ്വാസികളോടും  വൈദീകരോടും സമാധാനത്തിനായി പ്രാർത്ഥിക്കാനും, പരിശുദ്ധ കന്യകാമറിയം എല്ലായ്പ്പോഴും നമ്മോടു ആവശ്യപ്പെട്ടതുപോലെ, പരിശുദ്ധ  ജപമാല  പ്രാർത്ഥിക്കാൻ ആവശ്യപ്പെടാനും എല്ലാ മെത്രാന്മാരോടും  അവർ ആഹ്വാനം ചെയ്തു. നമ്മുടെ കർത്താവായ യേശുക്രിസ്തുവും അവിടുത്തെ  അമ്മയായ സമാധാനരാജ്ഞിയും "യുദ്ധത്തിന്റെ ഭ്രാന്തിൽ നിന്ന് ലോകത്തെ രക്ഷിക്കട്ടെ"എന്ന ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം ഉദ്ധരിച്ചുകൊണ്ടാണ് പ്രസ്താവന ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2022, 13:52