തിരയുക

യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം  (© Servizio Fotografico Vaticano)

ഉക്രെയിനിനെക്കുറിച്ച് ആശങ്ക: യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ

ഉക്രെയിനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ (COMECE) പ്രസിഡന്റ് കർദ്ദിനാൾ ഷാൻ-ക്ലോദ് ഹോളറിഹ് നടത്തിയ പ്രസ്താവന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നിലവിൽ ഉക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ ഉത്ക്കണ്ഠാകുലരാണെന്നും, തങ്ങളുടെ കിഴക്കൻ അയൽക്കാരായ ഉക്രെയിനിലെ സഹോദരീസഹോദരങ്ങൾക്ക് തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും കർദ്ദിനാൾ ഹോളറിഹ് പ്രസ്താവിച്ചു.

നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന വാഗ്വാദങ്ങളും തെറ്റായ പ്രവർത്തനങ്ങളും ഭീഷണിയുയർത്തുന്നത് ഉക്രെയിനിലെ ജനങ്ങൾക്ക് മാത്രമല്ല, മറിച്ച്, യൂറോപ്യൻ ഭൂഖണ്ഡത്തിലെയും, അതിനപ്പുറത്തേക്കുമുള്ള സമാധാനത്തെയാണ് അപകടത്തിലാക്കുന്നതെന്ന് കമ്മീഷൻ പ്രസിഡന്റ് നൽകിയ പ്രസ്താവന വ്യക്തമാക്കി. നിലവിലെ അവസ്ഥയിൽ, ഉക്രെയിനിൽ ഒരു സൈനിക ആക്രമണവും കടന്നുകയറ്റുവും ഉണ്ടായാൽ, അത്, ഭയാനകമായ കഷ്ടപ്പാടുകളും മരണവും കൊണ്ടുവരിക മാത്രമല്ല, നിരവധി തലമുറകൾ അനേകം വർഷങ്ങൾകൊണ്ട് കെട്ടിപ്പടുത്ത സമാധാനവും സുസ്ഥിരതയും നശിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉക്രെയിനിലെ സമാധാനത്തിനായി ഫ്രാൻസിസ് പാപ്പാ നടത്തിയ അഭ്യർത്ഥനയുടെ ചുവടുപിടിച്ച്, യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷനും, സംഘർഷങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളോട്, തങ്ങളുടെ പ്രത്യേക താൽപ്പര്യങ്ങൾ മാറ്റിവയ്ക്കാനും, നിലവിലെ സഘർഷങ്ങൾ ലഘൂകരിക്കുന്നതിലേക്ക് നയിക്കുന്നതും, പരസ്പരവിശ്വാസം വർദ്ധിപ്പിക്കുന്നതുമായ നടപടികളും എടുക്കാൻ ആവശ്യപ്പെട്ടു. ഒപ്പം, അന്താരാഷ്ട്ര നിയമങ്ങളിൽ വേരൂന്നിയ, സത്യസന്ധമായ ചർച്ചകളിലൂടെ, നിലവിലെ പ്രതിസന്ധിക്ക് സുസ്ഥിരവും സമാധാനപരവുമായ പരിഹാരം തേടുവാനും കമ്മീഷൻ ഉദ്‌ബോധിപ്പിച്ചു.

നിലവിലെ സംഘർഷങ്ങളിൽ, തങ്ങളുടെ ശക്തി പ്രകടിപ്പിക്കുകയും, ആയുധനീക്കങ്ങൾ നടത്തുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പകരം സർഗ്ഗാത്മകമായതും, മൂല്യാധിഷ്‌ഠിതവുമായ ഇടപെടലുകൾ വഴി, സമാധാനത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത പുതുക്കാനും, സമാധാനചർച്ചകൾക്ക് കൂടുതൽ സഹായിക്കാനും, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തോട് കമ്മീഷൻ ആഹ്വാനം ചെയ്തു.

ഉക്രെയിനിലെ ജനങ്ങളുടെ പ്രയോജനത്തിനായി, ഉക്രെയിന് 1.2 ബില്യൺ യൂറോയുടെ സാമ്പത്തിക സഹായ പാക്കേജ് നൽകുവാനുള്ള യൂറോപ്യൻ കമ്മീഷന്റെ പ്രഖ്യാപനത്തെ മെത്രാൻസംഘങ്ങളുടെ കമ്മീഷൻ സ്വാഗതം ചെയ്തു.

ഉക്രെയിനുവേണ്ടി പ്രാർത്ഥിക്കാനുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനയോട് സഹകരിച്ച്, സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാ നല്ല ആളുകളോടും അഭ്യർത്ഥിക്കുന്നു എന്ന് പ്രസ്താവനയിൽ കമ്മീഷൻ കൂട്ടിച്ചേർത്തു.

ജനുവരി 26-ന് ഇറ്റലിയിലും, മറ്റിടങ്ങളിലും ഉക്രെയിനുവേണ്ടി പ്രാർത്ഥനകൾ നടന്ന അവസരത്തിലാണ്  യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2022, 16:17