തിരയുക

മെത്രാന്മാരുടെ സിനഡിൻറെ സെക്രട്ടറി  കർദ്ദിനാൾ മാരിയൊ ഗ്രേച്, ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം ( ഫയൽ ചിത്രം) മെത്രാന്മാരുടെ സിനഡിൻറെ സെക്രട്ടറി കർദ്ദിനാൾ മാരിയൊ ഗ്രേച്, ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം ( ഫയൽ ചിത്രം) 

പരിശുദ്ധാത്മാവിൻറെ പ്രവർത്തനം ആവിഷ്കൃതമാകുന്ന സിനഡ് യാത്ര!

കർദ്ദിനാൾ മാരിയൊ ഗ്രേച് , അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ സമ്പൂർണ്ണ സമ്മേളനത്തിന് വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡു സമ്മേളനം പരിശുദ്ധാത്മാവിനാൽ പ്രചോദിതവും നയിക്കപ്പെടുന്നതുമായ ഒരു ആദ്ധ്യാത്മിക യാത്രയാണെന്ന് മെത്രാന്മാരുടെ സിനഡിൻറെ സെക്രട്ടറി ജനറൽ, മാൾട്ട സ്വദേശിയായ കർദ്ദിനാൾ മാരിയൊ ഗ്രേച് (Card.Mario Grech).

അമേരിക്കൻ ഐക്യനാടുകളിലെ ബാൾട്ടിമോറിൽ സമ്പൂർണ്ണ സമ്മേളനം ചേർന്നിരിക്കുന്ന ദേശീയ കത്തോലിക്കാമെത്രാൻ സംഘം സിനഡ് ചർച്ചാവിഷയമായെടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, സമ്മേളനത്തിൻറെ ആരംഭ ദിനമായിരുന്ന പതിനേഴാം തീയതി ബുധാഴ്ച (17/11/21) നല്കിയ വീഡിയൊസന്ദേശത്തിലാണ് അദ്ദേഹത്തിൻറെ ഈ ഉദ്ബോധനം ഉള്ളത്.

തങ്ങൾക്കു ലഭിച്ച വിവിധങ്ങളായ സാക്ഷ്യങ്ങളും ദൈവജനവുമായുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ മെത്രാൻസംഘങ്ങളും രൂപതകളും ഇടവകകളും സംഘടനകളും പ്രകടിപ്പിക്കുന്ന സർഗ്ഗാത്മകതയും പരിശുദ്ധാവ് പ്രവർത്തനനിരതമാണ് എന്നതിന് സ്ഥീരീകരണം നല്കുന്നുവെന്ന് കർദ്ദിനാൾ ഗ്രേച് പറയുന്നു.

“ദൈവത്തിൻറെ സഭ സിനഡിൽ വിളിച്ചുകൂട്ടപ്പെട്ടിരിക്കുന്നു” എന്ന പ്രമേയമാണ് അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ സമ്പൂർണ്ണ സമ്മേളനം സ്വീകരിച്ചിരിക്കുന്നത്.

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ ത്രിഘട്ട പ്രയാണത്തിന് വത്തിക്കാനിൽ ഒക്ടോബർ 9-ന് ശനിയാഴ്‌ച (09/10/21) തുടക്കമാകുകയും ഉദ്ഘാടന ദിവ്യബലി ഫ്രാൻസീസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ ഒക്ടോബർ 10-ന് ഞായറാഴ്‌ച വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെടുകയും ചെയ്തു.

രൂപത, ഭൂഖണ്ഡം, സാർവ്വത്രികം (diocesan, continental, universal) എന്നീ മൂന്നു തലങ്ങളിലായിട്ടാണ് ഈ സിനഡുസമ്മേളന പ്രയാണം ക്രമപ്പെടുത്തിയിരിക്കുന്നത്.

രൂപതാതലത്തിൽ സിനഡു സമ്മേളനം ഇക്കൊല്ലം ഒക്ടോബർ 17-ന് ആരംഭിച്ചു. ഇത് 2022 ഏപ്രിൽ വരെ നീളും.

രണ്ടാം ഘട്ടം, അതായത്, ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ ആയിരിക്കും.

ആഗോള സഭാ തലത്തിലുള്ള സിഡുയോഗം, അതായത്, മൂന്നാമത്തെയും അവസാനത്തെയുമായ സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനിലായിരിക്കും.

“ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” (“For a Synodal Church: Communion, Participation, and Mission”)  എന്നതാണ് ഈ സിനഡുസമ്മേളന യാത്രയുടെ വിചിന്തനപ്രമേയം.    

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 നവംബർ 2021, 13:30