സ്പെയിൻ, മൂന്നു നിണസാക്ഷികൾകൂടി വാഴ്ത്തപ്പെട്ടപദത്തിലേക്ക് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്പെയിനിൽ മൂന്നു രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും.
അന്നാട്ടിലെ ആഭ്യന്തരകലാപകാലത്തെ മതപീഢന വേളയിൽ 1936-ൽ വധിക്കപ്പെട്ട ബെനേത്ത് ദ സാന്ത കൊളോമ ദെ ഗ്രമെനേത്ത് (Benet da Santa Coloma de Gramenet), യൊസേഫ് ഒറിയോൾ ദ ബർസെല്ലോണ (Josep Oriol da Barcellona.), ദൊമേനെക് ദ സാന്ത പെരേ ദെ റുയിദെബിത്തിയെസ് (Domènec da Sant Pere de Ruidebitllets) എന്നീ കപ്പൂച്ചിൻ ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ സമൂഹാംഗങ്ങളാണ് ശനിയാഴ്‌ച (06/11/21) സഭയിലെ വാഴ്ത്തപ്പട്ടവരുടെ വൃന്ദത്തിൽ ഔദ്യോഗികമായി ചേർക്കപ്പെടുക.
സ്പെയിനിലെ മൻറേസയിൽ അന്ന് രാവിലെ പതിനൊന്നു മണിക്ക് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊ (Card.Marcello Semeraro) മാർപ്പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.
ബെനേത്ത് ദ സാന്ത കൊളോമ ദെ ഗ്രമെനേത്ത്
ഈ മൂന്നു നിണസാക്ഷികളിൽ ദൈവദാസൻ ബെനേത്ത് ദ സാന്ത കൊളോമ ദെ ഗ്രമെനേത്ത് 1892 സെപ്റ്റമ്പർ 6-ന് സാന്ത കൊളോമ ദെ ഗ്രമെനേത്ത് എന്ന സ്ഥലത്ത് ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ആഴമേറിയ കത്തോലിക്കാവിശ്വാസത്തിൽ വളർന്ന അദ്ദേഹം 1903-ൽ ബർസെല്ലോണയിലെ സെമിനാരിയിൽ ചേരുകയും പീന്നീട് സമർപ്പിതജീവിത വിളിയുണ്ടായതിനെ തുടർന്ന് കപ്പൂച്ചിൻ സഭയിൽ പ്രവേശിക്കുകയും ചെയ്തു. 1913 ഫെബ്രുവരി 23-ന് നിത്യവ്രത വാഗ്ദാനം നടത്തുകയും 1915 മെയ് 29-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
ദൊമേനെക് ദ സാന്ത പെരേ ദെ റുയിദെബിത്തിയെസ്
ദൊമേനെക് ദ സാന്ത പെരേ ദെ റുയിദെബിത്തിയെസും ഒരു കർഷക കുടുംബത്തിലാണ് ജനിച്ചതു. 1882 ഡിസമ്പർ 11-ന് ജനിച്ച അദ്ദേഹം 1897-ൽ സെമിനാരിയിൽ ചേരുകയും 1907 മെയ് 25-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അതിനിടയ്ക്ക് സന്ന്യസ്ത ജീവിതത്തോട് പ്രതിപത്തിയുണ്ടായതിനെ തുടർന്ന് ഫ്രാൻസീസ്ക്കൻ സമൂഹത്തിൽ ചേരുകയും 1912 ഒക്ടോബർ 4-ന് നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തു.1913-ൽ കോസ്തറീക്ക, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലേക്ക് പ്രേഷിത പ്രവർത്തനത്തിനായി പുറപ്പെട്ട അദ്ദേഹം 1930-ൽ സ്പെയിനിൽ തിരിച്ചെത്തി.
യൊസേഫ് ഒറിയോൾ ദ ബർസെല്ലോണ
യൊസേഫ് ഒറിയോൾ ദ ബർസെല്ലോണ ഒരു ധനിക കുടുംബത്തിൽ 1891 ജൂലൈ 25-ന് ജനിച്ചു. പൗരോഹിത്യ ദൈവവിളി ലഭിച്ച അദ്ദേഹം ബർസെല്ലോണയിലെ സെമിനാരിയിൽ ചേരുകയും പീന്നീട് സമർപ്പിതജീവിതത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. 1906 ഒക്ടോബർ 21-ന് ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന യൊസേഫ് ഒറിയോൾ 1911 ആഗസ്റ്റ് 15-ന് നിത്യവ്രതവാഗ്ദാനം നടത്തുകയും 1915 മെയ് 23-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
കത്തലോണിയയിലെ മൻറേസയിൽ ഈ മൂന്നു സന്ന്യാസികളും വസിച്ചിരുന്ന ആശ്രമം 1936 ജൂലൈ 22-ന് മതപീഢകരായ മാർക്സിസ്റ്റ് പോരാളികൾ പിടിച്ചെടുത്ത് അഗ്നിക്കിരയാക്കി. ആ വേളയിൽ ബന്ധുമിത്രാദികളുടെ അടുത്ത് അഭയം തേടിയ അവർ പിന്നീട് ബന്ധനത്തിലാകുകയും പീഢിപ്പിക്കപ്പെടുകയും അവസാനം വധിക്കപ്പെടുകയും ചെയ്തു.