തിരയുക

യാൻ ഫ്രാൻചീഷെക് മാഹ (Jan Franciszek Macha), പോളണ്ടിൽ 1942 ഡിസമ്പർ 3-ന് വധിക്കപ്പെട്ട വൈദികൻ യാൻ ഫ്രാൻചീഷെക് മാഹ (Jan Franciszek Macha), പോളണ്ടിൽ 1942 ഡിസമ്പർ 3-ന് വധിക്കപ്പെട്ട വൈദികൻ 

നിണസാക്ഷി യാൻ ഫ്രാൻചീഷെക് മാഹ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ക്രിസ്തുവിനായി സ്വജീവൻ ഹോമിച്ച യാൻ ഫ്രാൻചീഷെക് മാഹ അഗാധ പ്രാർത്ഥനയുടെ മനുഷ്യനും പൗരോഹിത്യ തീക്ഷ്ണതയാൽ പൂരിതനുമായിരുന്നു. അദ്ദേഹം ഇക്കൊല്ലം നവമ്പർ ഇരുപതിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോളണ്ടുകാരനായ യുവ നിണസാക്ഷി യാൻ ഫ്രാൻചീഷെക് മാഹ (Jan Franciszek Macha) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

നവമ്പർ 20-ന് ശനിയാഴ്ച (20/11/21) പോളണ്ടിലെ കത്തോവിത്സെ (Katowice) അതിരൂപതയിൽ വച്ചായിരിക്കും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 2020 ഒക്ടോബർ 17-ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ ചടങ്ങ് കോവിദ് 19 മഹാമാരി ഉളവാക്കിയ പ്രതുകൂല സാഹചര്യങ്ങൾ മൂലം ഒരു വർഷത്തിലേറെ നീട്ടി വയ്ക്കുകയായിരുന്നു.

ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ക്രിസ്തുവിനായി സ്വജീവൻ ഹോമിച്ച യാൻ ഫ്രാൻചീഷെക് മാഹ അഗാധ പ്രാർത്ഥനയുടെ മനുഷ്യനും പൗരോഹിത്യ തീക്ഷ്ണതയാൽ പൂരിതനുമായിരുന്നു.

1914 ജനുവരി 28-ന്, പോളണ്ടിലെ ഹൊർത്സൊവ് (Chorzów) എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം കത്തോവിത്സെ അതിരൂപതയ്ക്കു വേണ്ടി 1939 ജൂൺ 25-ന് പൗരോഹിത്യം സ്വീകരിച്ചു. ഇടവകയിൽ അജപാലന ശുശ്രൂഷ ആരംഭിച്ച നവവൈദികൻ ഫ്രാൻചീഷെക് മാഹ, പോളണ്ടിൽ ജർമ്മൻ പട ആധിപത്യമുറപ്പിച്ചതോടെ പീഢനങ്ങളെ നേരിടാൻ തുടങ്ങി. താൻ പൗരോഹിത്യം സ്വീകരിച്ച വർഷം തന്നെ ഡിസംബർ മാസത്തിൽ, തിരുപ്പിറവിക്കാലത്ത്, കുടുംബങ്ങളിൽ സന്ദർശനം നടത്തിയ നവവൈദികൻ മാഹ ജർമ്മൻ സൈനികരുടെ ക്രൂരതയുടെ ഫലങ്ങൾ ആ കുടുംബങ്ങളിൽ നേരിട്ടു കണ്ടു. അങ്ങനെ അദ്ദേഹം ആ കുടുംബങ്ങൾക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ എത്തിക്കാനും വിവാഹാശീർവാദ കർമ്മങ്ങളും മതബോധനവും രഹസ്യമായി നടത്താനും തുടങ്ങി.

എന്നാൽ സുരക്ഷാ അധികാരികളുടെ നിരീക്ഷണത്തിലായ വൈദികൻ മാഹ രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകേണ്ടിവരികയും  1941 സെപ്റ്റംബർ 5-ന് അറസ്റ്റിലാകുകയും ചെയ്തു.1942 ഫെബ്രുവരി 14-ന് അദ്ദേഹത്തിനെതിരായ കുറ്റപത്രം സമർപ്പിക്കപ്പെടുകയും അക്കൊല്ലം തന്നെ ജൂലൈ 17-ന് അദ്ദേഹത്തിന് വധശിഷ വിധിക്കുകയും ചെയ്തു.

1942 ഡിമ്പർ 3-ന് കത്തോവിത്സയിൽ വച്ച് ശിരച്ഛേദം ചെയ്ത് യാൻ ഫ്രാൻചീഷെക് മാഹയുടെ വധശിക്ഷ അധികാരികൾ നടപ്പാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2021, 13:19