മനുഷ്യപുത്രന്റെ ആഗമനം
റെവ. ഡോ. മാർട്ടിൻ ആന്റണി
യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ ആശയപ്രേമത്താൽ രൂപീകൃതമായ ഉട്ടോപ്യയോ അല്ല. ഇത് ആഗതമാകുന്ന യാഥാർത്ഥ്യമാണ്. "ഞാൻ വീണ്ടും വരും" എന്നു പറഞ്ഞവൻ എപ്പോൾ വരും എന്നു പറഞ്ഞിട്ടില്ല. മറിച്ച് "മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചു കൊണ്ടു ജാഗരൂകരായിരിക്കുവിൻ" എന്നു മാത്രമെ പറഞ്ഞുള്ളൂ (v.36). കാരണം, "ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ"
(മര്‍ക്കോ13 : 32). എന്നിട്ടും മനുഷ്യപുത്രന്റെ ആഗമനം എന്ന സങ്കല്പത്തിൽ ഭയം എന്ന വികാരം നമ്മൾ കൂട്ടിച്ചേർത്തതു കൊണ്ടായിരിക്കാം ലോകാവസാനം എന്ന ചിന്ത തന്നെ ചിലരെ സംബന്ധിച്ച് ഒരു മാസ് ഹിസ്റ്റീരിയ ആയതെന്നു തോന്നുന്നു.
ഈ സുവിശേഷ ഭാഗത്തിൽ അടങ്ങിയിരിക്കുന്നത് ഭയത്തിന്റെ വരികളല്ല. നമ്മെ ഭയപ്പെടുത്തുകയും തളർത്തുകയും ചെയ്യുന്ന എല്ലാ തലങ്ങളിലുമുള്ള സംഘർഷങ്ങളുടെ മുമ്പിൽ ശിരസ്സുർത്തി നിൽക്കാനുള്ള ആഹ്വാനമാണ്. ആന്തരികവും ബാഹ്യവുമായ തലത്തിൽ സംഘർഷങ്ങളുണ്ടാകും, പക്ഷേ അതിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്; നമ്മെ മാത്രം തിരക്കിവരുന്ന ദൈവപുത്രൻ. വാഗ്ദാനത്തിന്റെ ഭാഷയിലാണ് സുവിശേഷം നമ്മളോട് സംവദിക്കുന്നത്. നമ്മുടെ ജീവിതത്തെ പോലും തകർത്തുകളയാൻ പ്രാപ്തിയുള്ള ശക്തികൾ നമ്മുടെ ചുറ്റും ഉണ്ടാകാം. എങ്കിലും അങ്ങനെയുള്ള ശക്തികളുടെ മുമ്പിൽ നമ്മൾ നഷ്ടധൈര്യരാകരുത്. ദൈവപുത്രൻ നമ്മോടുകൂടെയുണ്ട്. നമ്മുടെ ചുറ്റിലുമുള്ള എല്ലാം കടന്നു പോകാം, തകർന്ന് തരിപ്പണമാകാം, പക്ഷേ അവനും അവന്റെ വാക്കുകളും കടന്നു പോവുകയില്ല. ഈയൊരു ഉറപ്പാണ് ഈ സുവിശേഷം ശക്തമായ ഭാഷയിലൂടെ നമുക്ക് നൽകുന്ന ആശ്വാസം.
ആന്തരികതയ്ക്കാണ് സുവിശേഷം പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ കെണി ജാഗ്രത നഷ്ടപ്പെട്ട നമ്മുടെ ആന്തരികാവസ്ഥ തന്നെയാണെന്ന് യേശു വ്യക്തമാക്കുന്നു. സദാ ജാഗരൂകരായിരിക്കുവിൻ എന്ന യേശുവിന്റെ ആഹ്വാനത്തെ പൗലോസപ്പോസ്തലൻ ഹൃദയങ്ങളുടെ നിഷ്കളങ്കതയായി 1 തെസലോനിക്കാ 3:13 ൽ വ്യാഖ്യാനിക്കുന്നുണ്ട്. സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുന്നവരുടെ ഹൃദയം എപ്പോഴും കരുണാർദ്രമായിരിക്കും. അവർ സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ ദുർബലരാകുകയില്ലെന്നും യേശു പറയുന്നുണ്ട്. അവർക്ക് മനുഷ്യപുത്രന്റെ മുമ്പിൽ ഭയക്കേണ്ട കാര്യമില്ല. അവരെ സംബന്ധിച്ച് യേശുവിന്റെ ആഗമനം ഉത്തമഗീതത്തിലെ മണവാട്ടിയുടെ അനുഭവത്തിന് തുല്യമായിരിക്കും; "എന്റെ പ്രിയന്‍ വാതില്‍കൊളുത്തില്‍ പിടിച്ചു. എന്റെ ഹൃദയം ആനന്ദം കൊണ്ടു തുള്ളിച്ചാടി" (ഉത്തമ 5 : 4).
നമ്മിൽ ഒരു ആത്മീയ ആകാശമുണ്ടെന്നും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കടലും തിരമാലകളുമുണ്ടെന്നും അറിയണം. അവയുടെ ശുദ്ധീകരണത്തിലൂടെ വേണം യേശുവിന്റെ സുനിശ്ചിതമായ ആഗമനത്തിന് മുമ്പിൽ നമ്മൾ തല ഉയർത്തി നിൽക്കാൻ. പുക മൂടിക്കിടക്കുന്ന ആകാശത്തെ തെളിമയുള്ളതാക്കണം. കാർമേഘങ്ങളുടെ മറയിൽ നിന്നും സൂര്യനെ പുറത്തുകൊണ്ടുവരണം. ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന ഭൂമിയെ നിശ്ചലമാക്കണം. ഇരുൾ ബാധിച്ചു ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ പൂർണമാക്കണം. നക്ഷത്രങ്ങൾക്ക് വെളിച്ചം പകരണം. തിളച്ചുമറിയുന്ന കടലിനെ ശാന്തമാക്കണം. അപ്പോൾ പുതിയൊരു ലോകം നമ്മിൽ ഉത്ഭവിക്കും. അങ്ങനെ നമ്മുടെ അകവും പുറവും സമ്പന്നമാകും. ഇതാണ് യേശു ആഗ്രഹിക്കുന്ന ജാഗരൂകത. അൻപും അരുളും അനുകമ്പയും ഉണർന്നവരിൽ സംഭവിക്കുന്ന താരുണ്യമാണത്. ഓരോ ക്രൈസ്തവനും സ്വന്തമാക്കേണ്ട സ്വർഗ്ഗീയവിലാസമാണത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: