തിരയുക

ദൈവദൂതന്റെ സ്വരം ശ്രവിക്കുന്ന പരിശുദ്ധ അമ്മ ദൈവദൂതന്റെ സ്വരം ശ്രവിക്കുന്ന പരിശുദ്ധ അമ്മ 

നിന്റെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ

വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം ഇരുപത്തിയാറു മുതൽ മുപ്പത്തിയെട്ടു വരെയുള്ള വാക്യങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Luke 1, 26-38 - ശബ്ദരേഖ

ഫാദർ ജോസഫ് നരിമറ്റം, തിരുവല്ല

ദൈവത്തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ.

അന്ത്യോക്യൻ ആരാധനാക്രമം അനുസരിച്ച് 2021 നവംബർ മാസം 21-ന് പരിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ ദിവസമായിട്ട് സഭ ആചരിക്കുകയാണ്. ഇന്ന് നമ്മൾ ധ്യാനിക്കുന്ന സുവിശേഷഭാഗം വി. ലൂക്കോസ് എഴുതിയ സുവിശേഷം ഒന്നാം അദ്ധ്യായം 26 മുതൽ 38 വരെയുള്ള തിരുവചനങ്ങളാണ്.

വി. ലൂക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായം 26-ആം വാക്യത്തിൽ കർത്താവിന്റെ ദൂതൻ ഗബ്രിയേൽമാലാഖ സ്വർഗ്ഗത്തിന്റെ സന്ദേശവുമായി മറിയത്തിന്റെ മുമ്പിൽ വരുന്നു. 1-ആം അദ്ധ്യായം 38-ആം വാക്യത്തിൽ ഗബ്രിയേൽ മാലാഖ പരിശുദ്ധ ദൈവമാതാവിന്റെ സന്നിധിയിൽനിന്ന് മടങ്ങുന്നു. അപ്പോൾ ഇന്നത്തെ ചിന്താവിഷയം ഇതാണ്. എന്തുകൊണ്ട്? എങ്ങനെ? ഗബ്രിയേൽ ദൂതൻ പരിശുദ്ധ ദൈവമാതാവിന്റെ സന്നിധിയിൽ നിന്ന് മടങ്ങുന്നു? ഉത്തരമിതാണ്; സന്തോഷത്തോടെ, സ്വർഗ്ഗം തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച്, അത് അതിന്റെ പൂർണ്ണതയിൽ നിർവ്വഹിച്ചതിനുശേഷമാണ് ഗബ്രിയേൽ ദൂതൻ പരിശുദ്ധ ദൈവമാതാവിന്റെ മുമ്പിൽനിന്ന് മടങ്ങുന്നത്. കാരണം സ്വർഗ്ഗത്തിന്റെ ഹിതം പരിശുദ്ധ അമ്മയോട് അറിയിച്ചപ്പോൾ പരിശുദ്ധ ദൈവമാതാവ് പറയുകയാണ്, ഇതാ ഞാൻ കർത്താവിന്റെ ദാസി, നിന്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ. ഇനിയും പരിശുദ്ധ ദൈവമാതാവ് എന്തുകൊണ്ട് ഇതാ ഞാൻ കർത്താവിന്റെ ദാസി എന്ന് പറഞ്ഞുകൊണ്ട് തന്നെത്തന്നെ പരിപൂർണ്ണമായിട്ട് സമർപ്പിച്ചു?

നാം അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകും, കർത്താവിന്റെ ദൂതൻ വന്നിട്ട് ദൈവകൃപ നിറഞ്ഞവളെ എന്ന് വിളിച്ചതുകൊണ്ടോ, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്ന് പേരിടണം, അവൻ അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും എന്നൊന്നും പറയുമ്പോഴാണ്, പരിശുദ്ധ ദൈവമാതാവ് ഈ ഒരു കാര്യം കർത്താവിന്റെ ദൂതനോട് പറയുക. മറിച്ച്‌, ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ പോലും പരിശുദ്ധ 'അമ്മ ചോദിക്കുന്നത്, അവളുടെ നിഷ്കളങ്കതയിൽനിന്ന് ചോദിക്കുന്നത്, ഇതെങ്ങനെ സാധിക്കും എന്നാണ്. അപ്പോൾ കർത്താവിന്റെ ദൂതൻ അവളോട് പറയുന്ന രണ്ട് കാര്യങ്ങളാണ് ഇന്ന് നമ്മുടെ ചിന്തയ്ക്കായിട്ട് തിരുസഭ നൽകിയിരിക്കുന്നത്.

ഒന്നാമതായി, കർത്താവിന്റെ ദൂതൻ പരിശുദ്ധ അമ്മയോട് പറയുകയാണ്. പരിശുദ്ധാത്മാവ് നിന്റെമേൽ വരും എന്ന്. അപ്പസ്തോലപ്രവർത്തനം ഒന്നാം അധ്യായം എട്ടുമുതലുള്ള വാക്യങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്, പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. അതെ പരിശുദ്ധാത്മാവ് അത്രയേറെ ശക്തി ഓരോ മനുഷ്യനും നൽകുന്നവനാണ്. സ്വർഗ്ഗത്തിന്റെ ഇഷ്ടം നിറവേറ്റാൻ ഒരു വ്യക്തിയെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. അപ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചോദ്യം എല്ലാവർക്കും പരിശുദ്ധാത്മാവിനെ കിട്ടുമോ? അതിനുള്ള ഉത്തരം എല്ലാവർക്കും പരിശുദ്ധാത്മാവിനെ കിട്ടില്ല. ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നവർക്കേ ലഭിക്കൂ. ആഗ്രഹിച്ച് പ്രാർത്ഥിച്ചാൽ മാത്രം പോരാ, യോഗ്യതയോടുകൂടെ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നവർക്കാണ് പരിശുദ്ധാത്മാവിനെ ലഭിക്കുക. വീണ്ടും അപ്പസ്തോലപ്രവർത്തനം പരിശോധിച്ചാൽ അതിന്റെ എട്ടാം അദ്ധ്യായം ഒൻപത് മുതലുള്ള വാക്യങ്ങളിൽ ശിമയോൻ എന്ന് പറയുന്ന മന്ത്രികശക്തി ഉപയോഗിച്ച് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു മനുഷ്യനെ നാം കണ്ടുമുട്ടുന്നുണ്ട്. അവൻ ഒത്തിരിയേറെ ആളുകളെ തന്റെ മാന്ത്രിക ശക്തികൊണ്ട് അവനിലേക്ക് ആകർഷിക്കുന്നു. പക്ഷെ ശ്ലീഹന്മാരായ  പത്രോസും പീലിപ്പോസും അവിടെ കടന്നുവരുമ്പോൾ ഈ മാന്ത്രികൻ ഉപേക്ഷിച്ച് അവരുടെ അടുത്തേക്ക് ആളുകൾ ഓടിക്കൂടുന്നു. കാരണം അവർ അത്ഭുതം പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവിനെക്കൊണ്ടാണെന്ന് ജനം തിരിച്ചറിയുന്നു. അങ്ങനെയുള്ള അവസരത്തിൽ ശിമയോൻ ചെന്ന് ശ്ലീഹന്മാരോട് പറയുകയാണ്: ഞാൻ ഇന്നുവരെ സമ്പാദിച്ചത് മുഴുവൻ നിങ്ങൾക്ക് തരാം, നിങ്ങൾ നിങ്ങൾക്ക് ലഭിച്ച പരിശുദ്ധാത്മാവിനെ എനിക്ക് തരിക. അപ്പോൾ പത്രോസ് ശ്ലീഹ അവനോട് പറയുന്ന ഒരു കാര്യമുണ്ട്. ഇത് ധനംകൊണ്ട് നേടിയെടുക്കുവാൻ പറ്റുന്ന ഒരു കാര്യമല്ല, നിന്റെ ഹൃദയം ദൈവസന്നിധിയിൽ ശുദ്ധമാക്കിയാൽ മാത്രമേ പരിശുദ്ധാത്മാവിനെ ലഭിക്കുകയുള്ളൂ.

അതുകൊണ്ട് പ്രിയപ്പെട്ടവരേ, സ്വർഗ്ഗത്തിന്റെ ഇഷ്ടം നിറവേറ്റുന്ന വ്യക്തികളായിത്തീരണമെന്ന് നമുക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്ക് വേണമെങ്കിൽ, വിശുദ്ധിനിറഞ്ഞ ഒരു ഹൃദയം നമുക്ക് ആവശ്യമാണ്. വീണ്ടും നാം ചിന്തിച്ചാൽ, പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെമേൽ കടന്നുവന്നാൽ ഈ പരിശുദ്ധാത്മാവ് നമ്മെ വിട്ടുപോകുമോ? പോകും എന്നുതന്നെയാണ് അതിനുത്തരം. നമുക്കറിയാം പരിശുദ്ധമായ മാമ്മോദീസയിലൂടെ നമ്മൾ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരാണ്. പക്ഷെ നമ്മുടെ ജീവിതയാത്രയിൽ പരിശുദ്ധാത്മാവിന്റെ ഇഷ്ടത്തിനെതിരായി നമ്മൾ പ്രവർത്തിക്കുന്ന അവസരങ്ങളിൽ പരിശുദ്ധാത്മാവ് നമ്മെ വിട്ടുപോകും. എന്നാൽ സാംസന് സംഭവിച്ചതുപോലെ ഈ ആത്മാവ് നമ്മളെ വിട്ടുപോകുന്നത് നാം അറിയില്ല. ജീവിതത്തിൽ എല്ലാം തകർന്ന് എല്ലാം കൈവിട്ടുപോകുന്ന അവസരങ്ങളിൽ മാത്രമേ ഈ പരിശുദ്ധാത്മാവ് നമ്മെ വിട്ടുപോയി എന്ന സത്യം നാം തിരിച്ചറിയുകയുള്ളൂ. അതിനാൽ സ്നേഹമുള്ളവരെ, നമ്മൾ സ്വീകരിച്ച പരിശുദ്ധാത്മാവിനെ നഷ്ടമാക്കിക്കളയാതെ ഒരു വിശുദ്ധമായ ജീവിതം നയിക്കുവാനും സ്വർഗ്ഗത്തിന്റെ ഇഷ്ടം ഈ ലോകത്തിൽ നിറവേറ്റുവാനും നമുക്ക് സാധിക്കട്ടെ.

രണ്ടാമതായി, "ഇതാ ഞാൻ കർത്താവിന്റെ ദാസി" എന്ന് പരിശുദ്ധ 'അമ്മ പറയുവാനുള്ള കരണമിതായിരുന്നു; കർത്താവിന്റെ ദൂതൻ പരിശുദ്ധ അമ്മയോട് പറയുകയാണ് ദൈവത്തിന് ഒന്നും അസാധ്യമല്ല. എത്ര വലിയ ഒരു വചനമാണിത്! നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ, നമ്മൾ ഇന്നുവരെ കഷ്ടപ്പെട്ട് നേടിയതെല്ലാം ഒരു നിമിഷംകൊണ്ട് കണ്മുന്നിലൂടെ ഒഴുകിപ്പോകുമ്പോൾ, നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോകുമ്പോൾ, ജീവിതത്തിൽ നമുക്ക് നഷ്ടം മാത്രം സംഭവിക്കുമ്പോൾ നമ്മൾ തളർന്ന്, തകർന്ന് പോകാതിരിക്കാൻ നമ്മെ സഹായിക്കുന്ന ഏറ്റവും വലിയ വചനമാണ്, "കർത്താവിന് ഒന്നും അസാധ്യമല്ല" എന്നുള്ളത്. നമ്മളുടെ കർത്താവിനോട് നാം പലപ്പോഴും പറയാറുള്ളതുപോലെ "കർത്താവെ ഞങ്ങൾക്ക് ഒത്തിരി പ്രശ്നങ്ങളുണ്ട്" എന്നല്ല പറയേണ്ടത്, മറിച്ച്, പ്രശ്നങ്ങളോട് "എനിക്കൊരു കർത്താവുണ്ട്" എന്ന് പറയാൻ സാധിക്കണം. എന്റെ ജീവിതത്തിൽ ചോദിക്കാതെ നന്മകൾകൊണ്ട് എന്നെ നിറയ്ക്കുന്ന, അർഹിക്കാത്ത നന്മകൾ തന്ന് ഓരോ ദിവസവും എന്നെ വഴി നടത്തുന്ന ഒരു കർത്താവ് എനിക്കുണ്ട് എന്ന് ഹൃദയത്തിൽനിന്ന് പറയാൻ എനിക്ക് സാധിക്കുമോ? അങ്ങനെ പറയാൻ സാധിച്ചാൽ നമ്മുടെ മുമ്പിലും നമ്മളെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ ഇഷ്ടവും പേറിവരുന്ന ആ കർത്താവിന്റെ ദൂതനോട് നമുക്കും പറയാൻ സാധിക്കും, "ഇതാ ഞാൻ കർത്താവിന്റെ ദാസൻ/ദാസി" എന്ന്. സ്നേഹമുള്ളവരെ, നമ്മൾ ആവശ്യപ്പെടുന്നത് അതേപടി നൽകുന്ന ഒരു കർത്താവല്ല, മറിച്ച് നമുക്കാവശ്യമുള്ളത് ആവശ്യമുള്ള സമയത്ത് തരുന്ന ഒരു കർത്താവാണ് നമുക്കുള്ളത് എന്നുള്ള തിരിച്ചറിവ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.

അങ്ങനെ പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ തഴക്കദോഷങ്ങളെയും മറികടക്കുന്ന, ജീവിതത്തിന്റെ എല്ലാ കുറവുകളേയും പരിഹരിക്കുന്ന, ജീവിതത്തിന്റെ എല്ലാ വേദനകളിലും പ്രയാസങ്ങളിലും ധൈര്യപൂർവ്വം സ്വർഗ്ഗത്തോട് ചേർന്നുനിന്ന് അതിനെ മറികടക്കുന്ന നല്ല വ്യക്തികളായിത്തീരുവാൻ ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ. അതിന് പരിശുദ്ധ അമ്മയുടെ പ്രത്യേകമായ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും നിങ്ങളുടെ കുടുംബജീവിതത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

20 November 2021, 11:27