തിരയുക

പോളണ്ട് അതിർത്തിയിൽനിന്നുള്ള ഒരു ദൃശ്യം പോളണ്ട് അതിർത്തിയിൽനിന്നുള്ള ഒരു ദൃശ്യം 

കുടിയേറ്റക്കാർക്കെതിരേ കണ്ണടയ്ക്കരുത്: ഇറ്റാലിയൻ കാരിത്താസ് സംഘടന

മെച്ചപ്പെട്ട ഒരു ജീവിതം തേടിയോ, രാഷ്ട്രീയ, സാമൂഹിക ബുദ്ധിമുട്ടുകളുടെ പേരിലോ വീടുവിട്ടിറങ്ങിവരുന്ന കുടിയേറ്റക്കാർക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഇറ്റാലിയൻ ഉപവിസംഘടന കാരിത്താസ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"പലയിടങ്ങളിലും, സുരക്ഷാഭിത്തികൾ പണിതും, കുടിയേറ്റക്കാരെ വീണ്ടും, സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നതും മാത്രം, കുടിയേറ്റങ്ങളും ജനങ്ങൾ പുതിയ ഇടങ്ങളിലേക്ക് മാറുന്നതും നിയന്ത്രിക്കാനുള്ള വഴിയായി പല ഗവൺമെന്റുകളും കാണുന്നതെന്ന" ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച കാരിത്താസ് സംഘടന, പലയിടങ്ങളിലും ദേശീയവികാരങ്ങളും, ജനകീയവികാരങ്ങളും നല്ലതല്ലാത്ത രീതികളിൽ തലയുയർത്തുന്നുണ്ടെന്ന് പറഞ്ഞു. യൂറോപ്പിന്റെ കിഴക്കൻ മേഖലകളിൽ പല രാജ്യാതിർത്തികളിലും കുടിയേറ്റക്കാരായ ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഇറ്റാലിയൻ കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കുടിയേറ്റക്കാരുടെ ജീവൻ രക്ഷിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു.

ബോസ്‌നിയ, സെർബിയ, പോളണ്ട്, ബെലാറസ്, ഗ്രീസ് തുടങ്ങി, ബാൽക്കൻ വഴി എന്നറിയപ്പെടുന്ന ഭാഗങ്ങളിൽ കുടിയേറ്റക്കാരായി വരുന്ന ആളുകൾ ഈ ദിവസങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് എഴുതിയ കാരിത്താസ് ഉപവിസംഘടന, യൂറോപ്പ് തങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾ മറക്കരുതെന്ന് ഓർമ്മിപ്പിച്ചു. ബാൽക്കൻ റൂട്ടിലൂടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ മെച്ചപ്പെട്ട ഒരു ജീവിതം തേടി പ്രധാനമായി അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ സിറിയ എന്നിവിടങ്ങളില്നിന്ന് വരുന്ന കുടിയേറ്റക്കാരായ ആളുകൾ, തികച്ചും അസഹനീയമായ തണുപ്പിൽ, പുറംപ്രദേശങ്ങളിലാണ് രാത്രീ കഴിച്ചുകൂട്ടേണ്ടി വരുന്നതെന്നും, കാരിത്താസ് തങ്ങളുടെ പത്രക്കുറിപ്പിൽ എടുത്തുപറഞ്ഞു.

താത്കാലികമായ ഒരു പരിഹാരമെങ്കിലും ഈ പ്രശ്നത്തിന് യൂറോപ്യൻ യൂണിയനും, ഈ പ്രശ്നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളും കണ്ടെത്തണമെന്നും, അതുവഴി കുടിയേറ്റക്കാരായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കണമെന്നും കാരിത്താസ് ആവശ്യപ്പെട്ടു.

ബെലറൂസിലും പോളണ്ടിലും കാരിത്താസ് അന്താരാഷ്ട്രസംഘടനയുടെ വിവിധ ഘടകങ്ങൾ, ആളുകൾക്ക് തണുപ്പിനെ അതിജീവിക്കാനുള്ള സാമഗ്രികളും വസ്ത്രങ്ങളും, കുടിവെള്ളവും നൽകുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും മെത്രാൻസംഘങ്ങളും, കുടിയേറ്റക്കാരെ സഹായിക്കാനായി വിവിധ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2021, 17:15