വിശ്വാസത്തെ പ്രതി ജീവൻ ഹോമിച്ചവർ വാഴ്ത്തപ്പെട്ടപദത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
127 നിണസാക്ഷികൾ സ്പെയിനിൽ ശനിയാഴ്‌ച (16/10/21) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും.
അന്നാട്ടിൽ 1936-1939 വരെ നടന്ന ആഭ്യന്തരകലാപ വേളയിൽ വിശ്വാസത്തെ പ്രതി ജീവൻ ഹോമിച്ച ഹുവാൻ എലീയസ് മെദീനയെയും 126 സുഹൃത്തുക്കളെയുമാണ് കോർദൊബയിൽ ശനിയാഴ്ച വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമേറാറൊയുടെ (Card. Marcello Semeraro) മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലി മദ്ധ്യേ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കുക.
ഈ 127 രക്തസാക്ഷികളിൽ 79 വൈദികരും 5 വൈദികാർത്ഥികളും 3 ഫ്രാൻസിസ്ക്കൻ സഹോദരങ്ങളും ഒരു സന്ന്യാസിനിയും 39 അൽമായരും ഉൾപ്പെടുന്നു. അൽമായ വിശ്വാസികളിൽ 29 പേർ പുരുഷന്മാരും 10 പേർ സ്ത്രീകളുമാണ്.
ഈ 127 പേരും പലയിടത്തുവച്ച്, വിഭിന്ന സാഹചര്യങ്ങളിൽ വ്യത്യസ്ത തീയതികളിലാണ് വധിക്കപ്പെട്ടത്.
1902 ഡിസമ്പർ 16-ന് കാസ്ത്രോ ദെൽ റിയൊയിൽ ജനിച്ച് 1926 ജൂലൈ 1-ന് പൗരോഹിത്യം സ്വീകരിച്ച് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഫാദർ ഹുവാൻ എലീയസ് മെദീന തടവിലാക്കപ്പെട്ടത്. തന്നോടൊപ്പം തടവറയിലായിരുന്നവരുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തെ മറ്റു 14 തടവുകാരോടൊപ്പം ഒരു സെമിത്തേരിക്കടുത്തു വച്ചാണ് വെടിവെച്ചു കൊന്നത്.
ഉച്ചത്തിൽ ക്രിസ്തുരാജനെ വാഴ്ത്തുകയും തൻറെ ഘാതകരോടു പൊറുക്കുകയും ചെയ്തുകൊണ്ടാണ് ഫാദർ ഹുവാൻ എലീയസ് മെദീന ജീവൻ വെടിഞ്ഞത്.