തിരയുക

രക്ഷിക്കുന്ന ക്രിസ്തു രക്ഷിക്കുന്ന ക്രിസ്തു 

ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം

മത്തായിയുടെ സുവിശേഷം എട്ടാം അദ്ധ്യായം ഇരുപത്തിമൂന്നുമുതൽ മുപ്പത്തിനാല് വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 8, 23-34 - ശബ്ദരേഖ

ഫാദർ മനോജ് എലിത്തടത്തിൽ, OSH

ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞ മാതാപിതാക്കളെ, സഹോദരങ്ങളെ, കുഞ്ഞുങ്ങളെ, പ്രിയപ്പെട്ടവരെ, നമ്മുടെ കർത്താവിൻറെ പരിശുദ്ധമായ ഈ ദിവസം നാം വിശുദ്ധീകരിക്കപ്പെടാനും നമ്മിൽ മാംസം ധരിക്കാനും നൽകപ്പെട്ടിരിക്കുന്ന വചനങ്ങൾ ജീവദായകമാണ്, കരുതൽ ഉള്ളതാണ്, അതിശക്തമാണ്, സമഗ്രമാണ്. ദൈവമക്കൾ എന്ന നിലയിൽ  അങ്ങേയറ്റം സന്തോഷവും സംരക്ഷണവും അഭിമാനവും തോന്നുന്നതും, ജീവിത വഴികളിലെ പ്രതി ബന്ധങ്ങളും നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നതും ആയ വലിയ വെല്ലുവിളികളുടെ മുൻപിൽ പകച്ചു നിൽക്കുന്ന അനേകർക്ക്  ഉറപ്പുള്ള കോട്ടയുമാണ് ഈ വചനങ്ങൾ.

സുവിശേഷ ഭാഗ്യങ്ങളിൽ തുടങ്ങി ഒരു യഥാർത്ഥ ക്രിസ്തുശിഷ്യൻ ആരായിരിക്കണം എന്നു വരെയുള്ള തന്റെ പ്രസിദ്ധമായ മലയിലെ പഠിപ്പിക്കലിനു ശേഷം ഇറങ്ങിവരുന്ന യേശു തമ്പുരാൻ,  താൻ പ്രസംഗിക്കുന്നവൻ മാത്രമല്ല പ്രവർത്തിക്കുന്നവനും ആണെന്ന് തെളിയിച്ചുകൊണ്ട് അനേകം രോഗികളെ സൗഖ്യപ്പെടുത്തി. ജനക്കൂട്ടം തനിക്കുചുറ്റും തിങ്ങിക്കൂടുന്നത് കണ്ടപ്പോൾ തോണിയിൽ കയറി മറുകരയിലേക്ക് പോകുന്നതാണ് സുവിശേഷഭാഗം. ഉഗ്രമായ കൊടുംകാറ്റിൽ തോണി മുങ്ങുവാൻ തുടങ്ങുമ്പോഴും ശാന്തമായി ഉറങ്ങുന്ന ദൈവപുത്രൻ. ജീവൻ രക്ഷിക്കുവാനായി പാടുപെട്ട് ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന ശിഷ്യന്മാർ. ഈശോ എഴുന്നേൽക്കാതെ തന്നെ ചോദിക്കുന്നു അൽപവിശ്വാസികളെ നിങ്ങൾ എന്തിന് ഭയപ്പെടുന്നു? അതിനുശേഷം എഴുന്നേറ്റ് കാറ്റിനെയും കടലിനെയും ശാന്തമാക്കുന്നു. തമ്പുരാന്റെ സംബോധന അൽപവിശ്വാസികളെ എന്നാണ്.

പ്രിയരേ നാം എല്ലാവരും കടുത്ത വിശ്വാസികളാണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിൽ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം.

ഇന്നത്തെ പ്രവാചക ഗ്രന്ഥത്തിൽ നിന്നുള്ള വായന ഏശയ്യാ പ്രവചനം 41-ആം അധ്യായം 8 മുതൽ 16 വരെയുള്ളതാണ്. ഇതിലും സ്നേഹമസൃണം ആയി എങ്ങനെ ദൈവം തന്റെ മക്കളോട് സംസാരിക്കുമെന്ന് നമ്മൾ അതിശയിച്ചു പോകുന്ന ഒരു വാഗ്ദാനമാണ് ഈ ഗ്രന്ഥഭാഗം. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം എന്നു പറഞ്ഞു തുടങ്ങി, നിന്നോട് ഏറ്റുമുട്ടുന്നവർ നശിച്ച്  ഒന്നുമല്ലാതായി തീരും, നിന്നോട് പോരാടുന്നവർ ശൂന്യരാകും എന്ന് ഉറപ്പുനൽകി, കുന്നുകളയും മലകളെയും നീ മെതിച്ച് പൊടിയാക്കി പതിരുപോലെ പാറ്റിക്കളയും എന്നു പ്രഖ്യാപിക്കുന്ന സർവ്വശക്തനും ധീരനുമായ, സൈന്യങ്ങളുടെ കർത്താവിന്റെ വാക്കുകൾ ദൈവമക്കൾക്കു നല്കുന്ന ആശ്വാസവും പ്രത്യാശയും ചെറുതല്ല.

മോശ പ്രവാചകൻ ദൈവത്തോട് ചോദിച്ചു: അങ്ങയുടെ പേര് എന്താണ്? ഞാൻ ജനത്തോട്, അങ്ങ് ആരാണെന്നാണ് പറയേണ്ടത്? അവിടുന്ന് പറഞ്ഞു: ഞാൻ ഞാൻ തന്നെ. ഞാൻ ആകുന്നവൻ ആകുന്നു. പ്രവാചകനിലൂടെ അവൻ ദൈവമക്കളോട് പറഞ്ഞു: ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട ഞാനാണ് നിൻറെ ദൈവം എന്ന്. എന്നാൽ ഇപ്പോൾ ഇതാ ഈ പറഞ്ഞവൻ നേരിട്ട്, ഭയപ്പെട്ട് നിലവിളിക്കുന്ന ശിഷ്യന്മാരുടെ നടുവിൽ നിന്ന് ചോദിക്കുന്നു: “അൽപവിശ്വാസികളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്”?

സ്നേഹിതരേ, മനുഷ്യന് ഭയപ്പെടാൻ ആണെങ്കിൽ ഒരുപാട് കാരണങ്ങളുണ്ട് ഇന്ന്. അവന്റെ ജീവിതനൗക കടന്നു പോകുന്ന കടവുകളെല്ലാം അവനെ ഭീതിപ്പെടുത്തുന്നതാണ്. അവന്റെ തോണി നീങ്ങുന്ന ആഴിയുടെ ആഴങ്ങളിൽനിന്ന് അവനെ കശക്കിയെറിയുന്ന ഭീകര സത്വങ്ങൾ ഉയർന്നുവരുന്നുണ്ട്.

എന്നാൽ ഭയപ്പെടാൻ ഉള്ള അനേകം കാരണങ്ങൾക്കിടയിലും മനുഷ്യന് രക്ഷക്കായി ഒരൊറ്റ കാരണമേ ഉള്ളൂ അതാണ് ഉയർന്നുപൊങ്ങുന്ന തിരമാലകളുടെ നടുവിൽ നിലവിളിക്കുന്ന ശിഷ്യന്മാരുടെ ഇടയിൽ ശാന്തമായി ഉറങ്ങി കിടക്കുന്ന ദൈവപുത്രനായ യേശു തമ്പുരാൻ. മോശെയോടു ഞാൻ ആകുന്നവൻ ആണ് എന്നു പറഞ്ഞു തുടങ്ങി പ്രവാചകരിലൂടെ ഞാൻ നിങ്ങളുടെ ദൈവം ആണെന്ന് പറഞ്ഞ് വ്യക്തത വരുത്തി,  കാലത്തിന്റെ പൂർണ്ണതയിൽ വചനമായിരുന്നവൻ മാംസം ധരിച്ച് തന്റെ യഥാർത്ഥ രൂപവും ഭാവവും മനുഷ്യർക്ക് വെളിപ്പെടുത്തി.

അതുകൊണ്ടാണ് ഹെബ്രായ ലേഖകൻ തന്റെ എഴുത്ത് ഇങ്ങനെ തുടങ്ങിയത് പൂർവ്വ കാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാന നാളുകളിൽ തന്റെ പുത്രൻ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരെ,  അവൻ നമ്മുടെ കൂടെയുണ്ടെന്ന് അലറി അടുക്കുന്ന തിരമാലകളിൽ നാം തനിച്ചല്ല എന്ന്, തണ്ടു വലിച്ച് തളരുന്ന നമ്മൾ ഒറ്റയ്ക്കല്ല നമ്മുടെ ദൈവം നമ്മുടെ കൂടെ ഉണ്ടെന്ന്. കർത്താവ് പറഞ്ഞത് കേട്ട് വെള്ളത്തിനു  മീതേ നടന്നുവന്ന പത്രോസ് ഒരുവേള അത് കർത്താവാണ് എന്ന ബോധ്യത്തിൽ നിന്നും ചഞ്ചലിച്ചപ്പോൾ താഴ്ന്നു. പക്ഷേ മുങ്ങി പോകാൻ അനുവദിച്ചില്ല.

കരം പിടിച്ചുയർത്താൻ അടുത്ത് നിൽക്കുകയല്ലേ നമ്മുടെ രക്ഷനായ കർത്താവ്. പ്രിയപ്പെട്ടവരെ, ഇന്ന് ഇടയന്മാരും ആടുകളും എല്ലാം വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയാണ്. ഒന്നല്ല പലവിധത്തിൽ! വിവിധ രൂപത്തിൽ. തിന്മയ്ക്കെതിരെ കൊടുക്കുന്ന മുന്നറിയിപ്പുകൾ പോലും വളച്ചൊടിച്ച് വിഷലിപ്തമാക്കി. പ്രതിസന്ധികളുടെയും ഭിന്നിപ്പിന്റെയും വലിയ തിരമാലകൾ നമുക്ക് ചുറ്റും ആർത്തിരമ്പുന്നുണ്ട്. എന്തു ചെയ്യണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ, കാലഘട്ടത്തിന്റെ ഭാവഭേദങ്ങളെ  വിവേചിച്ചറിയാൻ കഴിയാതെ നിർനിമേഷരായി നോക്കി നിൽക്കേണ്ടി വരുന്ന ചില ഗതികേടിന്റെ അവസ്ഥകളുണ്ട് നമുക്ക് ഇന്ന്.  എല്ലാവരും നാലുവശത്തേക്കും നോക്കുന്നുണ്ട്: എവിടെനിന്ന്, ആരു സഹായിക്കും എന്ന പ്രതീക്ഷയോടെ...

പക്ഷേ കാൽചുവട്ടിൽ, തൊട്ടടുത്ത്, തോണിയുടെ ഓരത്ത് തലചായ്ച്ച് ഒരുവൻ മയങ്ങുന്നുണ്ട്.  നിലവിളിക്കാതെ, നിലത്തുകിടക്കുന്ന അവനെ ഒന്നു വിളിക്കാം. നമ്മുടെ കുടുംബങ്ങൾക്കായി, കുഞ്ഞുങ്ങൾക്കായി, നമ്മുടെ ചെറുപ്പക്കാർക്കു വേണ്ടി, ജീവിത പങ്കാളികൾക്ക്  വേണ്ടി, സഹോദരങ്ങൾക്ക് വേണ്ടി അവനെ ഉറക്കത്തിൽ നിന്ന് ഒന്ന് ഉണർത്താം. അവൻ വന്ന് നമ്മുടെ കൂടെയങ്ങ് ചേർന്നിട്ടുണ്ട്. ഇനി അവന് തിരിച്ചു പോകാനാവില്ല. കാരണം അവൻ നമ്മടെ ശരീരത്തോടും രക്തത്തോടും ചേർന്ന് അലിഞ്ഞ് നമ്മളോട് ഒന്നായിരിക്കുന്നവനാണ്. എന്നും ചെന്ന് ദൈവത്തോട് നമ്മുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് പരിഭവം പറഞ്ഞ്  ദൈവത്തെ ശല്യപ്പെടുത്താതെ, ഏതു പ്രതിബന്ധങ്ങളോടും എനിക്കൊരു സർവ്വശക്തനായ ദൈവം ഉണ്ട് എന്ന് പറഞ്ഞ് അതിനെ അതിജീവിക്കുന്നത് എന്നാണോ അന്ന് മാത്രമേ നാം യഥാർത്ഥ വിശ്വാസികളാകൂ എന്ന് ഈ കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന കർത്താവിന്റെ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ജീവിത തോണിയെ ആർത്തിരമ്പുന്ന തിരമാലകളിൽ നിന്നും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ നിന്നും യേശു തമ്പുരാനോടൊപ്പം നിന്ന് നാം ശാന്തമാക്കുമ്പോൾ നമ്മുടെ നാശം കാണാൻ കാത്തിരിക്കുന്നവർ പോലും പറയും ഇവൻ ആര്?കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ.

ആമേൻ 

23 October 2021, 11:09