അമലോത്ഭവത്തിൻറെ ലൂചീയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവദാസി അമലോത്ഭവത്തിൻറെ ലുചീയ (Lucia dell'Immacolata) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.
ഉത്തര ഇറ്റലിയിലെ ബ്രേഷ്യയിലെ കത്തീദ്രലിൽ ശനിയാഴ്ച (23/10/21), പ്രാദേശിക സമയം രാവിലെ 10 മണിക്കായിരിക്കും ഈ തിരുക്കർമ്മം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ആയിരിക്കും ഈ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മത്തിൽ മുഖ്യ കാർമ്മികൻ.
ഉപിയുടെ ദാസികൾ എന്ന സന്ന്യാസിനിസമൂഹത്തിലെ അംഗമായിരുന്ന ഗുരുതരരോഗബാധിതയായിരുന്നു സഹനദാസിയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കപ്പെടാൻ പോകുന്ന അമലോത്ഭവത്തിൻറെ ലുചീയ.
ഇറ്റലിലയിലെ ലേക്കൊയിലുള്ള അക്വാത്തെ എന്ന സ്ഥലത്ത് 1909 മെയ് 26-നായിരുന്നു മരിയ റിപമോന്തി എന്ന് വിളിക്കപ്പെട്ടിരുന്ന അമലോത്ഭവത്തിൻറെ ലുചീയയുടെ ജനനം. ചെറുപ്പത്തിൽ തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന അവൾ പഠനം ഉപേക്ഷിക്കുകയും നൂൽ നിർമ്മാണ ശാലയിൽ ജോലിയാരംഭിക്കുകയും ചെയ്തു. ഇടവകയിലും കത്തോലിക്കാപ്രവർത്തന പ്രസ്ഥാനത്തിലുമെല്ലാം സജീവമായിരുന്നു അവൾ. സന്ന്യാസ ജീവിതത്തോടു പ്രതിപത്തിയുണ്ടായിരുന്ന ലുച്ചീയ 1932 ഒക്ടോബർ 15-ന് ബ്രേഷ്യയിലേക്കു പോകുകയും ഉപവിയുടെ ദാസികൾ എന്ന സന്ന്യാസിനിസമൂഹത്തിൽ ചേരുകയും ചെയ്തു.
അവളുടെ തീക്ഷ്ണതയാർന്ന പ്രാർത്ഥനാ-സന്ന്യാസ ജീവിതം സന്ന്യാസിനികളെയും അല്മായരെയും ഒരുപോലെ അവളിലേക്കാകർഷിച്ചു. തൊഴിൽ രഹിതർക്ക് തൊഴിൽ കണ്ടത്താനും വേദനിക്കുന്നവർക്ക് സാന്ത്വനമേകാനും പ്രായം ചെന്ന സഹസന്ന്യാസിനികൾക്ക് കൈത്താങ്ങാകാനും ശ്രമിച്ച ലുചിയയ്ക്ക് കരൾരോഗം പിടിപെടുകയും 1954 ജൂലൈ 4-ന് മരണമടയുകയും ചെയ്തു.