തിരയുക

ഫ്രാൻസിസ് പാപ്പയോടൊപ്പം ഓസ്‌ട്രേലിയൻ മെത്രാൻസംഘം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പയോടൊപ്പം ഓസ്‌ട്രേലിയൻ മെത്രാൻസംഘം - ഫയൽ ചിത്രം  (Vatican Media)

ആദിവാസി കുട്ടികളുടെ ആത്മഹത്യാനിരക്കിൽ ഓസ്‌ട്രേലിയൻ സഭയുടെ ആശങ്ക

ഓസ്‌ട്രേലിയയിലെ കുട്ടികൾക്കിടയിൽ, പ്രത്യേകിച്ച് ടോറസ് ദ്വീപിലെയും ആദിവാസി സമൂഹത്തിലേയും കുട്ടികൾക്കിടയിൽ ആത്മഹത്യാനിരക്ക് കൂടിയതിൽ സഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2016 മുതൽ 2020 വരെയുള്ള കാലയളവിൽ, ടോറസ് കടലിടുക്ക് ദ്വീപിലെയും, ഓസ്‌ട്രേലിയയിലെയും ആദിവാസിസമൂഹത്തിലേതുമായ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളുമായ പ്രധാനമരണകാരണം ആത്മഹത്യയാണെന്ന് സ്ഥിതിവിവരപ്പട്ടികകൾക്കായുള്ള ഓസ്‌ട്രേലിയയുടെ ഓഫിസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം തദ്ദേശീയരായ കുട്ടികളിൽ മൂന്നിലൊന്ന് കുട്ടികളുടെ മരണവും ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2020 ൽ മാത്രം ആദിവാസിസമൂഹത്തിൽപ്പെട്ട 223 പ്രായപൂർത്തിയാകാത്ത ആളുകളാണ് ആത്മഹത്യാ ചെയ്തതെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ക്യൂൻസ്ലാൻഡിലാണ് കൂടുതൽ കുട്ടികൾ സ്വയം ജീവനൊടുക്കിയത് ഇവിടെ കഴിഞ്ഞ ഒരു വർഷം മാത്രം 70 പ്രായപൂർത്തിയാകാത്തവർ ജീവൻ വെടിഞ്ഞു.

തദ്ദേശീയരല്ലാത്ത ഓസ്‌ട്രേലിയക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ, തദ്ദേശീയരായ ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കൂടുതലാണ്.

നിലവിലെ കണക്കുകൾ പ്രകാരം, ഇരുപത്തിനാലു വയസ്സുവരെയുള്ള തദ്ദേശീയരായവരിൽ ഒരു ലക്ഷത്തിൽ 16.7 പേരും ഇരുപത്തിയഞ്ചുമുതൽ നാല്പത്തിനാലുവരെയുള്ളവരിൽ 45.7 പേരുമാണ് ആത്മഹത്യാചെയ്യുന്നത്. ഈ നിരക്കുകൾ തദ്ദേശീയരല്ലാത്ത ഓസ്‌ട്രേലിയക്കാരെ അപേക്ഷിച്ച് 3.2 ഉം 2.8 മടങ്ങും കൂടുതലാണ്.

ഓസ്ട്രേലിയ എന്ന രാജ്യത്തിന് തന്നെ ഇതൊരു നാണക്കേടാണെന്ന് ഈ നിരക്കുകളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ കത്തോലിക്കാസഭയുടെ സാമൂഹ്യസേവനവിഭാഗം പ്രതികരിച്ചു. തദ്ദേശീയരായ ആളുകൾ, അവരുടെ പ്രശ്നങ്ങൾ തങ്ങളോട് പറയുന്നത് കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കാൻ നാം തയ്യാറാകണമെന്ന് കത്തോലിക്കാ സാമൂഹ്യസേവനവിഭാഗം ചെയർമാൻ ഫാദർ ഫ്രാൻസിസ് സള്ളിവൻ അഭിപ്രായപ്പെട്ടു. തക്കസമയത്ത് ചികിത്സ ലഭിക്കാത്ത മനസികാരോഗ്യപ്രശ്നങ്ങൾ, കുട്ടിക്കാലത്ത് നേരിടേണ്ടിവന്നിട്ടുള്ള പീഡനങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിൽനിന്നുള്ള ആഘാതങ്ങൾ പോലെയുള്ള കാരണങ്ങൾ മറ്റ് ഓസ്‌ട്രേലിയൻ ജനതയെപ്പോലെ സഹിക്കുന്നതിന് പുറമെ, തങ്ങളുടെ ഭൂമിയും സംസ്കാരവും നഷ്ടപ്പെടൽ, തലമുറകളുടെ വ്യത്യാസം ഉണ്ടാക്കുന്ന ആഘാതം, വംശീയത, സാമൂഹികവിവേചനം പോലെയുള്ള തിന്മകൾ ആദിവാസികളായ ആളുകൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

230 വർഷത്തിലധികം നീണ്ട കോളനിവൽക്കരണം മൂലം ആദിവാസി ജനതയ്ക്ക് ഉണ്ടായ ചരിത്രപരമായ മുറിവുകൾ സുഖപ്പെടുത്തുന്നതിൽ ഓസ്‌ട്രേലിയയുടെ ആദിവാസിനയങ്ങൾ പരാജയപ്പെട്ടു എന്ന കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ എന്ന് ഫാദർ സുള്ളിവൻ പറഞ്ഞു. ആദിവാസിസമൂഹങ്ങൾക്കിടയിൽ ജോലിചെയ്യാനായി കൂടുതൽ ശതമാനം ആദിവാസികളെത്തന്നെ പരിശീലിപ്പിച്ചെടുക്കുകയും ജോലിക്കെടുക്കുകയും ചെയ്തു എന്ന നേട്ടം കൈവരിക്കാനായി എന്നതാണ് ഇക്കാര്യത്തിൽ കത്തോലിക്കാ സാമൂഹ്യസേവനവിഭാഗത്തിന് നേടാനായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരുണത്തിൽ, വിൽക്കാനിയ-ഫോർബ്സ് രൂപതയിലെ കാത്തലിക് കെയർ എന്ന പ്രസ്ഥാനത്തിൽ എല്ലാ തലങ്ങളിലുമായി 35% സാമൂഹിക സേവന തൊഴിലാളികളും ആദിവാസികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "തദ്ദേശീയ പ്രശ്നങ്ങൾക്ക് തദ്ദേശീയമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നത്തിനുള്ള പ്രതിബദ്ധത അമൂല്യമാണെന്നും, അത് രാജ്യത്തുടനീളം വ്യാപിക്കണമെന്നും ഫാദർ സള്ളിവൻ പറഞ്ഞു.

ആദിവാസി സമൂഹങ്ങളുടെ ചരിത്രപരമായ മുറിവുകൾ ഉണക്കുന്നതിൽ ഓസ്ട്രേലിയൻ സഭ വളരെക്കാലമായി സജീവമായി പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ ഒക്ടോബർ ആദ്യം ആരംഭിച്ച ഓസ്ട്രേലിയയുടെ അഞ്ചാമത്തെ പ്ലീനറി കൗൺസിലിന്റെ അജണ്ടയിലെ ഒരു പ്രധാന വിഷയം ആദിവാസി ജനതയോടുള്ള ഐക്യദാർഢ്യവും അനുരഞ്ജനവും എന്നുള്ളതാണ്. ഓസ്ട്രേലിയൻ ഭരണഘടനയിൽ ആദിവാസികളുടെ സ്വരം സ്ഥാപിക്കാൻ ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയായ "ഹൃദയത്തിൽനിന്നുള്ള ഉലൂരു രേഖ" എന്ന പ്രമാണം ഓസ്‌ട്രേലിയയിലെ മെത്രാൻസംഘം അംഗീകരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ആദിവാസികൾക്ക് അനുഭവിക്കേണ്ടി വന്ന പാർശ്വവൽക്കരണവും വിവേചനവും ബുദ്ധിമുട്ടുകളും കഴിഞ്ഞ സെപ്റ്റംബർ 24 -ന് അനുസ്മരിച്ച ഓസ്ട്രേലിയൻ മെത്രാൻസംഘം അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ്, കല്ലുപോലെ കഠിനമായ ഒരു ഹൃദയത്തിന് മാത്രമേ ഓസ്‌ട്രേലിയയിലെ ആദിവാസികളെ അവരുടെ സ്വന്തം നാട്ടിൽ "അന്യരാക്കാനും, പ്രവാസികളാക്കാനും, സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കാനും" സാധിക്കൂ എന്ന് എടുത്തുപറഞ്ഞു.

21 October 2021, 16:47