ശ്രീലങ്ക: കോവിഡ്-19 മഹാമാരിയും ഉപവാസപ്രാർത്ഥനയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
രാജ്യത്ത് ഏതാണ്ട് 10.500-ൽപ്പരം ജീവനുകൾ എടുത്ത കോവിഡ് മഹാമാരിക്ക് അവസാനമുണ്ടാകുവാനായി പ്രാർത്ഥിക്കാനും ഉപവസിക്കാനും കർദ്ദിനാൾ രഞ്ജിത്ത് ആവശ്യപ്പെട്ടു. നിലവിൽ കോവിഡ് ഡെൽറ്റ വേരിയന്റ് കൂടി വന്നതിനാൽ രോഗബാധിതരുടെ എണ്ണം ഏതാണ്ട് അഞ്ചുലക്ഷം (472.000) അടുത്തിട്ടുണ്ട്.
മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 43 ശതമാനത്തിനും രണ്ടാം തവണത്തെ പ്രതിരോധമരുന്നും ലഭിച്ചതായി കണക്കുകൾ പറയുന്നു എങ്കിലും, നിലവിൽ കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ശ്രീലങ്കയും ഉൾപ്പെടുന്നു.
രോഗപ്പകർച്ച കുറയ്ക്കാൻ രാജ്യത്ത് സെപ്തംബർ 13 വരെ രാത്രികാലങ്ങളിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പൊതുജനാഭിപ്രായം ഇതിനെതിരാണ്.
നിലവിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവിദിനമായ സെപ്റ്റംബർ 8-ന് പ്രത്യേകമായി ഉപവാസവും പ്രാർത്ഥനകളും നടത്താനും ജപമാലപ്രാർത്ഥന നടത്തുവാനും കർദ്ദിനാൾ രഞ്ജിത്ത് ജനങ്ങളോട് ആഹ്വാനം ചെയ്തു. "ജപമാലപ്രാർത്ഥന ചൊല്ലുന്നതുവഴി നമ്മുടെ രാജ്യത്തെയും ലോകത്തെത്തന്നെയും ഇപ്പോഴത്തെ മഹാമാരിയിൽനിന്ന് രക്ഷപ്പെടുത്താം" എന്നാണ്, വൈദികർക്കും, സന്യാസിനീസന്ന്യാസിമാർക്കും അല്മയർക്കുമായി നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്.
ഈ രോഗത്തെക്കുറിച്ചുള്ള ഭയത്തിൽനിന്ന് മുക്തി നൽകാനും, എല്ലാവര്ക്കും സന്തോഷത്തോടെ തങ്ങളുടെ രാജ്യത്ത് വസിക്കാനും വേണ്ടി പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യം അപേക്ഷിച്ച കർദ്ദിനാൾ, പുതുതായി ആർക്കും രോഗബാധ ഉണ്ടാകാതിരിക്കാനും, രോഗികളായുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കാനും തന്റെ പ്രാർത്ഥനയിലൂടെ അപേക്ഷിച്ചു. കോവിഡ് പ്രതിസന്ധിയിൽ കർദ്ദിനാളിന്റെ അഭ്യർത്ഥന കണക്കിലെടുത്ത്, രാജ്യത്തെ കത്തോലിക്കാ റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിലൂടെ രാത്രിവരെ സെപ്റ്റംബർ 8-ന് ജപമാലപ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്തിരുന്നു.