ബധിരനും മൂകനും ആയവനെ സുഖപ്പെടുത്തുന്ന ഈശോ
ഫാ. ഡോ. ജോഷി മയ്യാറ്റിൽ
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
പ്രിയപ്പെട്ടവരേ, ബധിരനും മൂകനും ആയവനെ ഈശോ സുഖപ്പെടുത്തുന്ന അതിസുന്ദരമായ ഒരു സുവിശേഷ ഭാഗമാണ് ഇന്നത്തേത്. 'എഫ്ഫാത്ത' എന്ന അരമായ പദമാണ് ഇന്നത്തെ സുവർണപദം! ഏശ 35,5.6-ൽ നാം വായിക്കുന്നു: "ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല; ...മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനമുതിർക്കും." ദൈവം തന്റെ ജനത്തെ, വിപ്രവാസത്തിലായിരിക്കുന്ന ജനത്തെ, സന്ദർശിക്കുമ്പോൾ അവരെ അടിമത്തത്തിൽ നിന്നു വിമോചിപ്പിക്കുമ്പോൾ ഉള്ള കാര്യമാണ് സൂചിതം. ബാബിലോണിയൻ വിപ്രവാസം നീങ്ങിപ്പോയത് ഇസ്രായേലിന്റെ ബധിരതയ്ക്കും മൂകതയ്ക്കും വന്നുചേർന്ന അന്ത്യമായിരുന്നു. പക്ഷേ, ഈ പ്രവചനത്തിന്റെ കൂടുതൽ ശ്രേഷ്ഠവും വ്യക്തിപരവും ഹൃദ്യവുമായ സാക്ഷാത്കാരക്കാഴ്ചയാണ് ഗലീലിത്തീരത്ത് നാം കാണുന്നത്.
ആ ബധിര-മൂകനെ ഈശോ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിറുത്തി. അതിന്റെയർത്ഥം, തികച്ചും വ്യക്തിപരമായ ബന്ധത്തിലൂടെയാണ് ആ സൗഖ്യശുശ്രൂഷ മുന്നേറുന്നത് എന്നല്ലേ? ഒപ്പം, പരസ്യകോലാഹലങ്ങൾ ഈശോ ആഗ്രഹിക്കുന്നില്ല എന്നുമല്ലേ? തുടർന്നുള്ള അവിടത്തെ പ്രവൃത്തികൾ കൗതുകകരങ്ങളാണ്: അവന്റെ ചെവിയിൽ വിരലിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു; സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടു; എഫ്ഫാത്ത എന്നു കല്പിച്ചു.
ബധിരകർണത്തിന്റെ ബധിരത മാറണം: മൂകനാവിന്റെ കെട്ടുകൾ അഴിയണം. ഈശോയ്ക്ക് അതു നിർബന്ധമാണ്. മനുഷ്യൻ കേട്ടേ തീരൂ, സംസാരിച്ചേ തീരൂ. കാതുതുറക്കപ്പെടുന്നത് വചനം കേൾക്കാനാണ്. കേൾക്കുന്ന വചനം ജീവിതത്തിലേക്കു സ്വാംശീകൃതമായി പ്രഘോഷണത്തിലേക്ക് നീങ്ങേണ്ടതുണ്ട്. ഇന്നും ഈശോയ്ക്ക് അതു നിർബന്ധമാണ്. ഗലീലിത്തീരത്ത് മുഴക്കിയ ആ 'എഫ്ഫാത്ത' കല്പന സഭയിലും സമൂഹത്തിലും ഇന്നും മുഴങ്ങുന്നുണ്ട്.
2014-ലെ കണക്കനുസരിച്ച്, കേരളത്തിൽ 7,61,845 പേർ വിവിധ പ്രായ വിഭാഗങ്ങളിലായി ബധിരരാണ്. അതായത്, കേരളജനസംഖ്യയുടെ 2.24 ശതമാനം പേർ ബധിരതയുടെ തടവറയിലാണ്. അതിന്റെയർത്ഥം, കേരളത്തിൽ കർത്താവായ യേശുക്രിസ്തുവിന്റെ 'എഫ്ഫാത്ത' കല്പന സഭയിലൂടെ അനേകരിലേക്ക് ഇനിയും എത്തേണ്ടതുണ്ട് എന്നല്ലേ?
2009 നവംബർ മാസത്തിൽ റോമിൽ വച്ച് ആരോഗ്യപരിപാലനത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ സംഘടിപ്പിച്ച ഇരുപത്തിനാലാമത് അന്തർദേശീയ സമ്മേളനത്തിന്റെ വിഷയം 'എഫാത്താ: ബധിരരും സഭാജീവിതവും' എന്നതായിരുന്നു. ആ സമ്മേളനത്തിൽ ബധിരരായ ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പറഞ്ഞു: "സഹോദരീസഹോദരന്മാരേ, നിങ്ങൾ സുവിശേഷസന്ദേശത്തിന്റെ സ്വീകർത്താക്കൾ മാത്രമല്ല, അതിന്റെ യോഗ്യരായ പ്രഘോഷകരും കൂടിയാണ്." കേരള കത്തോലിക്കാസഭ ബധിരരായ തന്റെ അംഗങ്ങളെക്കുറിച്ച് പുലർത്തേണ്ടത് ഇതേ മനോഭാവമാണ്. ദൈവവചനത്തിന്റെ സ്വീകർത്താക്കളും പ്രേഷിതരുമായി നമ്മുടെ ബധിര-മൂക സഹോദരങ്ങൾ മാറണം. അതിന് നാം ഈശോയെപ്പോലെ ബധിരസ്നേഹത്തിന്റെ ഉദാത്തമായ എഫ്ഫാത്താ ശുശ്രൂഷകൾ ചെയ്യേണ്ടതുണ്ട്.
കേരളത്തിലെ ബധിര വിദ്യാലയങ്ങളിൽ നല്ലൊരു പങ്കും ക്രൈസ്തവ സഭകളുടെ സംഭാവനയാണ്. അനേകം ബധിരർ ഇത്തരം സ്ഥാപനങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. കെസിബിസി ബൈബിൾ കമ്മീഷൻ സഭയിൽ അവർക്കുവേണ്ടി ആംഗ്യഭാഷയിൽ ബൈബിൾ സിഡികൾ പുറത്തിറക്കുകയും ലോഗോസ് ക്വിസ് സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കെസിബിസി ഫാമിലി കമ്മീഷൻ അവർക്കുവേണ്ടി വിവാഹ ഒരുക്കകോഴ്സുകൾ സംഘടിപ്പിക്കുകയും വിവാഹാലോചനയ്ക്കുള്ള മാട്രിമോണിയൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്. സഭയിൽ പുറത്തിറങ്ങുന്ന എല്ലാ ഔദ്യോഗികരേഖകളും ബധിരർക്ക് മനസ്സിലാവുന്ന രീതിയിൽ ആംഗ്യഭാഷ ഉപയോഗിച്ച് നൽകാൻ SOL (Sign of Love) എന്ന ഒരു പുതിയ പ്രൊജക്ടുമായി കെസിബിസി മീഡിയ കമ്മീഷൻ മുന്നോട്ടു പോവുകയാണ്. ആംഗ്യഭാഷ പഠിച്ചിട്ടുള്ള വൈദികരുടെയും സന്യസ്തരുടെയും ഒരു ടീം കേരളത്തിന്റെ വിവിധ ജില്ലകളിൽ ബധിരർക്കായി പരിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യം മാറിമാറി ഒരുക്കുന്നുണ്ട്.
ഒരു പക്ഷേ, ഇനിയും നാം ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. രൂപതയിൽ ഒരു ബധിര സൗഹൃദ ദേവാലയം എങ്കിലും ഉണ്ടാകണം. ഞായറാഴ്ച കുർബാനയ്ക്കായി ബധിരർക്കുവേണ്ടി സംവരണം ചെയ്യപ്പെട്ട ഇടങ്ങളിൽ ആംഗ്യഭാഷയിൽ സഹായം ഒരുക്കുകയും വേണം.
2. ഒരു ഭാഷാന്യൂനപക്ഷമായി അവരെ അംഗീകരിച്ച് സഭയിൽ ആംഗ്യഭാഷയ്ക്ക് (സൈൻ ലാംഗ്വേജ്) കൂടുതൽ പ്രാധാന്യം നല്കേണ്ടതുണ്ട്. ഇക്കൂട്ടരുടെ അജപാലനശുശ്രൂഷയ്ക്കുവേണ്ടി ഓരോ സന്യാസസമൂഹവും ഒരാളെയെങ്കിലും ആംഗ്യഭാഷ പഠിപ്പിക്കുന്നത് നന്നായിരിക്കും.
3. ബധിരരായവർക്ക് ആവശ്യമായ പഠനങ്ങൾക്കും പരിശീലനങ്ങൾക്കുംശേഷം വൈദിക പട്ടം നൽകി ഇവരുടെ അജപാലന ചുമതലകൾ ഏല്പിക്കാവുന്നതാണ്. വർഷങ്ങൾക്കുമുൻപ് ഏഷ്യയിലെ ഏക വൈദികനായ ഫാദർ മിൻ സിയോ പാർക്ക് തൃശൂരിൽ വച്ച് അർപ്പിച്ച ബലി പലരുടെയും മനസ്സിൽ ഇന്നും പച്ചയായി നിലനില്ക്കുന്നു.
4. ഇവരെ രോഗികളെപ്പോലെ കരുതി വീടുകളിൽ തളച്ചിടുന്ന ശൈലി മാറിയേ തീരൂ. അവർ പരസ്പരം ബന്ധപ്പെടുകയും ഒന്നിച്ചു കൂടുകയും ചെയ്യാൻ അവസരങ്ങൾ ഒരുക്കണം
5. കൈരളി ഫെഡറേഷൻ ഓഫ് ഡെഫ് വിമൻ പോലുള്ള സെക്കുലർ കൂട്ടായ്മകളിൽ അംഗങ്ങളാകാൻ അവരെ പ്രോത്സാഹിപ്പിക്കണം.
6. സഭയുടെ വിദ്യാലയങ്ങൾ തമ്മിൽ കൂട്ടായ്മ ശക്തിപ്പെടുത്തുകയും യോഗങ്ങൾ ചേർന്ന് ബധിരർക്കിടയിലെ സുവിശേഷവത്കരണസാധ്യതകൾ ചർച്ചചെയ്യുന്നത് നന്നായിരിക്കും.
7. ബധിരർക്കുവേണ്ടി സർക്കാർ തുറന്നിട്ടിട്ടുള്ള തൊഴിൽസാധ്യതകൾ കണ്ടെത്തി അവരെ അതിലേക്കു നയിക്കാൻ രൂപതാതല സംവിധാനങ്ങൾ ഉണ്ടാകണം.
ബാഹ്യകർണങ്ങളെയും നാവിനെയും സംബന്ധിച്ച് പ്രശ്നങ്ങളില്ലാത്തവർക്കും എഫ്ഫാത്താ അനുഭവം ആവശ്യമുണ്ട്. പ്രാർത്ഥിക്കാം .. കർത്താവേ, അങ്ങേ വചനം ശ്രവിക്കാൻ എന്റെ കാതുകൾ തുറക്കണമേ. എന്റെ നാവിന്റെ കെട്ടഴിക്കണമേ. അങ്ങനെ എവിടെയും തിരുവചനം പ്രലോഷിക്കാൻ എനിക്ക് ആത്മധൈര്യം സിദ്ധിക്കട്ടെ. എന്നോടും അങ്ങ് കല്പിക്കണമേ: എഫ്ഫാത്താ!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: