തിരയുക

ഐക്യദാർഡ്യത്തിന്റെ  അപ്പവുമായി ചിലിയിലെ ഒരു കാഴ്ച... ഐക്യദാർഡ്യത്തിന്റെ അപ്പവുമായി ചിലിയിലെ ഒരു കാഴ്ച... 

"ഐക്യദാർഡ്യം വർദ്ധിപ്പിക്കുക"ചിലിയിലെ കാരിത്താസ്

വിശുദ്ധ ആൽബർട്ട് ഹുർതാദോയുടെ ചരമം അനുസ്മരിച്ചുകൊണ്ട് സാധാരണ എല്ലാ വർഷവും ചിലിയിൽ ആഗസ്റ്റ് മാസം ഐക്യദാർഢ്യത്തിന്റെ മാസമായി ആചരിക്കപ്പെടുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന ദുർബ്ബലരായ വ്യക്തികളെയും, കുടുംബങ്ങളെയും സഹായിക്കുന്നതിനായി ചിലിയിലെ കാരിത്താസ് രാജ്യമെമ്പാടുമുള്ള ഉപവി സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടുള്ള ശൃംഖല രൂപീകരിച്ച് "ഐക്യദാർഢ്യം വർദ്ധിപ്പിക്കുക " എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചു.

ചിലിയിൽ 1. 62 ദശലക്ഷം കൊറോണാ ബാധിതരും, 35, 500ൽ അധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകർച്ചവ്യാധി മൂലം ദുർബ്ബലരായവരുടെ ദുരിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുന്നത് മനസ്സിലാക്കി ഏറ്റവും ബലഹീനരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച വിവിധ ഐക്യദാർഢ്യ സംരംഭങ്ങളിൽ  പങ്കുചേരാനും, സംഭാവന നൽകാനും വിശ്വാസികളെ ക്ഷണിച്ചുകൊണ്ടു ചിലിയിലെ  മെത്രാൻസമിതി അവരുടെ വെബ്സൈറ്റിലൂടെ  പുറത്തുവിട്ട അഭ്യർത്ഥനയ്ക്കു പ്രത്യുത്തരം നൽകുകയായിരുന്നു ചിലിയിലെ കാരിത്താസ്.

ലോകമെമ്പാടും അനുഭവിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രതിസന്ധി തങ്ങളും അനുഭവിക്കുകയാണെന്നും അതിനാൽ പിന്തുണയും സഹകരണവും ഐക്യദാർഢ്യവും വഴി ഈ പ്രയാസകരമായ പ്രശ്നത്തെ അഭിമുഖീകരിക്കാൻ കഴിയണമെന്ന് ദേശീയ ഉപവി പ്രവർത്തന സംഘടനയുടെ ഡയറക്ടർ ജനറൽ ലോറൻസോ ഫിഗ്വേറോവ വ്യക്തമാക്കി.

ഉപവി പ്രവർത്തനത്തിനായി ലഭിക്കുന്ന ഓരോ സംഭാവനയും കുട്ടികൾക്കും, പ്രായമായവർക്കും  കുടിയേറ്റക്കാർക്കും, കുടുംബങ്ങൾക്കും വേണ്ട സംരക്ഷണത്തിനും ക്ഷേമത്തിനുമായി പരിവർത്തനം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെബ് വഴി സംഭാവന നൽകുന്നതിനു പുറമേ #multiplicanoSolidaridad എന്ന പ്രത്യേക ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക ശൃംഖലകളിൽ വിവിധ സഹായ സംരംഭങ്ങൾ പ്രചരിപ്പിക്കാൻ കാരിത്താസ് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

വിശുദ്ധ ആൽബർട്ട് ഹുർതാദോയുടെ ചരമം അനുസ്മരിച്ചുകൊണ്ട് സാധാരണ എല്ലാ വർഷവും ചിലിയിൽ ആഗസ്റ്റ് മാസം ഐക്യദാർഢ്യത്തിന്റെ മാസമായി ആചരിക്കപ്പെടുന്നു. 1952 ഓഗസ്റ്റ് പതിനെട്ടാം തീയതി മരണപ്പെട്ട ഈ വിശുദ്ധൻ ചിലിയിൽ നിന്നുള്ള ഒരു ഈശോ സഭാ വൈദികനായിരുന്നു. തന്റെ ജീവിതം ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി സമർപ്പിക്കുകയും തെരുവിലെ കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, തടവുകാർ, പ്രായമായവർ, അംഗവൈകല്യമുള്ളവർ, ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർ, മാനസിക രോഗമുള്ളവർ എന്നിവരെ സംരക്ഷിക്കുന്ന ഒരു ഭവനത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

1994 ഒക്ടോബർ 14ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2005 ഒക്ടോബർ 23ന് ബെനഡിക് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയർത്തി. ചിലിയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഫ്രാൻസിസ് പാപ്പയും 2018 ജനുവരി 16ന് സാൻഡിയാഗോയിലെ ഹൂർത്തഡോ കേന്ദ്രം സന്ദർശിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2021, 14:48