തിരയുക

അഫ്ഗാനിസ്ഥാനിൽ നിന്നു രക്ഷപ്പെടുന്നതിനായി  വിഴിയിൽ തമ്പടിച്ചിരിക്കുന്ന ജനങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നു രക്ഷപ്പെടുന്നതിനായി വിഴിയിൽ തമ്പടിച്ചിരിക്കുന്ന ജനങ്ങൾ  

യുദ്ധത്തിനും അനീതിക്കുമല്ല അവസാന വാക്ക്, മെത്രാൻ ലാംഗ്!

അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥിക്കുക, ദൈവം അവരെ കൈവിടില്ല.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് അതിസങ്കീർണ്ണമായ അവസ്ഥ സംജാതമായിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങളോട് ബ്രിട്ടനിലെ കത്തോലിക്കാമെത്രാന്മാർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

ആ ജനതയ്ക്കായി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അന്താരാഷ്ട്രകാര്യവിഭാഗത്തിൻറെ ചുമതല വഹിക്കുന്ന ബിഷ്പ്പ് ഡെക്ലാൻ ലാഗ് അഭ്യർത്ഥിച്ചു.

ആഗ്സ്റ്റ് 15-ന് താലിബാൻ അധികാരം പിടിച്ചെടുത്തുന്നതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്ന അഫ്ഗാൻ ജനത അമേരിക്കൻ സൈനിക വിമാനത്തിലേക്ക് കൂട്ടത്തോടെ ഓടിക്കയറുന്നതും പറക്കുന്ന വിമാനത്തിൽ നിന്ന് ചിലർ വീണുമരിക്കുന്നതുമുൾപ്പെടെയുള്ള അതിദാരുണ ദുരന്ത ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാൻസംഘത്തിൻറെ നാമത്തിൽ അദ്ദേഹത്തിൻറെ ഈ അഭ്യർത്ഥന.

യേശുനാഥൻ അഫ്ഗാൻ ജനതയെ കൈവിടില്ല എന്ന് ബിഷപ്പ് ലാംഗ് പ്രത്യാശിക്കുന്നു.

അവസാന വാക്ക് യുദ്ധത്തിൻറെയും അനീതിയുടെതുമല്ല എന്ന ഉറച്ച ബോധ്യം അദ്ദേഹം പ്രകടിപ്പിക്കുന്നു.

അതിനിടെ,  ബംഗ്ലാദേശ് താലിബാൻ ഭരണകൂടത്തോടു കാട്ടുന്ന തുറന്ന മനോഭാവത്തിൽ പ്രാദേശിക കത്തോലിക്കാസഭ ആശങ്ക പ്രകടിപ്പിക്കുന്നു.

താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാനുള്ള സന്നദ്ധത ബംഗ്ലാദേശിൻറെ വിദേശകാര്യമന്ത്രി അബ്ദുൾ മോമെൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സഭയുടെ ഈ ഉത്ക്കണ്ഠ.

അൽക്വയ്ദ, ഐഎസ് എന്നിവയോട് തീവ്രബന്ധം പുലർത്തുന്ന ഇസ്ലാം പ്രസ്ഥാനങ്ങൾ നാട്ടിൽ പ്രബലമാകുന്നതിന് സർക്കാരിൻറെ ഈ തീരുമാനം കാരണമാകുമെന്ന സഭ കരുതുന്നു.

മതതീവ്രവാദത്തിനെതിരെ നാളിതുവരെ പോരാടിയ ബംഗ്ലാദേശ് താലിബാനെ പിന്തുണയ്ക്കുന്നത്  ഇസ്ലാം തീവ്രവാദികൾക്ക് പ്രചോദനമാകുമെന്ന് മെത്രാൻ സംഘത്തിൻറെ നീതിസമാധാനസമതിയുടെ കാര്യദർശി, വൈദികൻ ലിറ്റൺ ഗോമെസ് പറഞ്ഞു.

തീവ്രവാദഭരണകൂടം ഒരു സമൂഹത്തിനും ഒരു നാടിനും നന്നല്ലയെന്നും കത്തോലിക്കർ മാത്രമല്ല ആരും തന്നെ ഇത്തരം ഭരണകൂടത്തിന് പിന്തുണയേകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 August 2021, 12:35