പാപ്പായുടെ പരാഗ്വേ സന്ദർശനത്തിന്റെ ആറാം വാർഷികം: ഇന്നും പ്രതിധ്വനിക്കുന്ന വാക്കുകളും പ്രവർത്തികളും
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പാപ്പായുടെ ഒൻപതാമത് അപ്പോസ്തലീക യാത്രയുടെ ഭാഗമായി നടത്തിയ പരാഗ്വേ സന്ദർശനത്തിന്റെ ആറാം വാർഷികം അനുസ്മരിച്ച പരാഗ്വേ ദേശീയ മെത്രാൻ സമിതി പാപ്പയ്ക്കയച്ച കത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പയ്ക്ക് തങ്ങളുടെ സാമീപ്യവും സാഹോദര്യ സ്നേഹവും പ്രകടിപ്പിക്കുകയും അതിവേഗ സൗഖ്യത്തിനായുള്ള പ്രാർത്ഥനകളും ആശംസകളും അർപ്പിക്കുകയും ചെയ്തു. പാപ്പായുടെ ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കണമെന്ന പരാഗ്വേജനതയുടേയും സഭയുടേയും പ്രർത്ഥനയും അവർ അറിയിച്ചു.
ആറു വർഷം മുൻപ് പാപ്പാ നടത്തിയ സന്ദർശനത്തെ അനുസ്മരിച്ച കത്തിൽ സ്വത്വബോധം സാമൂഹ്യ സംവാദത്തിന് അടിസ്ഥാനമാകണമെന്നും സ്വത്വബോധമില്ലാതെയുള്ള സാമൂഹ്യ സംവാദം പ്രയോജന ശൂന്യമാണെന്നും പാപ്പാ പറഞ്ഞ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്ന യാഥാർത്ഥ്യമാണെന്നും മെത്രാൻ സമിതി അടിവരയിട്ടു. കൂടാതെ അപരന്റെ വൈവിധ്യം ഒരു സമ്പന്നതയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പരസ്പര സംവാദം നമ്മെ കൂടിക്കാഴ്ചയുടെ സംസ്ക്കാരത്തിലേക്ക് ക്ഷണിക്കണമെന്ന പാപ്പായുടെ വാക്കുകളും തങ്ങൾ അനുസ്മരിക്കുന്നു എന്നും മെത്രാൻ സമിതിയുടെ കത്തിൽ ഓർമ്മിച്ചു.