തിരയുക

Vatican News
അഞ്ചപ്പവും രണ്ടു മീനും - ഫയൽ ചിത്രം അഞ്ചപ്പവും രണ്ടു മീനും - ഫയൽ ചിത്രം 

അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന യേശു

വി. ലൂക്കായുടെ സുവിശേഷം ഒൻപതാം അദ്ധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങളെക്കുറിച്ചുള്ള വിചിന്തനം
സുവിശേഷപരിചിന്തനം Luke 9, 10-17

ഫാദർ ജെയിംസ് പട്ടത്തേട്ട്, കോട്ടയം

ദൈവതിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ

മിശിഹായിൽ സ്നേഹിക്കപ്പെട്ട ദൈവജനമേ,

അന്ത്യോക്യൻ ആരാധനക്രമമനുസരിച്ച് തിരുസഭ മാതാവ് വചനവിചിന്തനത്തിനും ധ്യാനത്തിനുമായി വി. ലൂക്കായുടെ സുവിശേഷം  ഒൻപതാം അദ്ധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങളാണ് ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. 4 സുവിശേഷങ്ങളിലും നമുക്ക് കാണാൻ കഴിയുന്ന യേശുവിന്റെ മനോഹരമായ ഒരത്ഭുതമാണ് 5 അപ്പവും 2 മീനും വർദ്ധിപ്പിക്കുന്നത്. യേശുവിന്റെ പ്രസംഗം കേൾക്കുവാൻ, യേശുവിനെ ഒന്ന് കാണുവാൻ, വീട്ടിൽനിന്നും ഇറങ്ങി തിരിച്ചതായിരുന്നു ആ ചെറു ബാലൻ. അവനുള്ള ഭക്ഷണവും കൈയ്യിലേന്തിയാണ് അവൻ പോയത്. സന്ധ്യ മയങ്ങാറായി, നേരം വെകി. എന്നിട്ടും തന്റെ മകനെ കാണാത്തതിനാൽ സങ്കടത്തോടെ വീടിന്റെ ഉമ്മറത്ത് വന്ന് നിന്ന് അമ്മ അകലേക്ക് നോക്കിയപ്പോൾ കണ്ടു. വിജയശ്രീലാളിതനായി വരുന്ന ഒരു സെന്യാധിപനെപ്പോലെ തന്റെ കൊച്ചുമകൻ അകലെ നിന്നും അമ്മേ എന്ന് വിളിച്ചുകൊണ്ട് വലിയ സന്തോഷത്തോടുകൂടി ഓടിവരുന്ന ആ കാഴ്ച. അവൻ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചിട്ട് അവൻ പറഞ്ഞു, അമ്മേ, അമ്മയ്ക്കറിയാമോ? എന്റെ വിശപ്പുമാറ്റാൻ അമ്മ തന്നുവിട്ട ആ അഞ്ചപ്പവും ആ രണ്ട് മീനുമുണ്ടല്ലോ, അതെന്റെ അമ്മേ ഞാനും യേശുവുംകൂടി ആ അഞ്ചപ്പവും രണ്ട് മീനും എന്തു ചെയ്തെന്ന് അമ്മയ്ക്കറിയാമോ? അവിടെ ഉണ്ടായിരുന്ന അയ്യായിരം പേരുടെ വിശപ്പ് മാറ്റാൻ ഞാൻ കൊടുത്തു അമ്മേ എന്ന്. അപ്പോൾ യേശു അതെടുത്ത് അത്ഭുതം പ്രവർത്തിച്ചു എന്റെ അമ്മേ.

പ്രിയമുള്ളവരേ, ഈ കുഞ്ഞ് പറയുന്നത് താനും യേശുവും കൂടി തന്റെ മാത്രം വിശപ്പടക്കാൻ ലഭിച്ചത് അയ്യായിരം പേരുടെ വിശപ്പുമാറ്റുന്ന ഒരത്ഭുതമാക്കി മാറി എന്നുള്ളതാണ്. യേശു ശിഷ്യന്മാരോട് ചോദിക്കുന്നുണ്ട്, നിങ്ങളുടെ പക്കൽ എന്തുണ്ട് എന്ന്? അവരും ലൂക്കായുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്നതുപോലെ അഞ്ചപ്പവും രണ്ട് മീനും ഉണ്ട് എന്നുള്ളത് തന്നെയാണ് പറയുന്നത്. കാരണം ഇത്രയും ആൾക്കൂട്ടത്തിന്റെ നടുവിൽ ഉള്ളത് വെളിപ്പെടുത്തുന്നത് തന്നെ നാണക്കേടാണ്, നിനക്ക് വിവരമില്ലേ എന്ന് യേശു ചോദിച്ചേക്കാം എന്ന് കരുതി അവർക്ക് വേണമെങ്കിൽ അത് മറച്ചുവെയ്ക്കാമായിരുന്നു. പ്രിയമുള്ളവരേ, പക്ഷേ, അവർ ദെവത്തിന് അത് വെളിപ്പെടുത്തി. അഞ്ചപ്പവും രണ്ട് മീനും ഉണ്ട് എന്നുതന്നെ. അതിനാൽ യേശുവിന് വിട്ടുകൊടുക്കാൻ നമ്മൾ തയ്യാറാകണം. നമ്മുടെ ജീവിത യാത്രയിൽ വിജനപ്രദേശംപോലെ ഒറ്റപ്പെട്ടുപോയ ജീവിതസാഹചര്യങ്ങൾ നമുക്ക് ഉണ്ട്. എന്റെ കെയ്യിൽ അവശേഷിക്കുന്നതൊക്കെ ഞാൻ ഇപ്പോൾ നിൽക്കുന്ന ജീവിതസാഹചര്യത്തിൽ എനിക്ക് തികയില്ല എന്നുള്ള അസ്വസ്ഥതകളൊക്കെ നമ്മുടെ മനസ്സിലുണ്ടാകും. മടികൂടാതെ എല്ലാ അത്ഭുതങ്ങളും ചെയ്യുവാൻ കഴിയുന്ന ദെവത്തിന്റെ കരങ്ങളിലേക്ക് വിട്ടുകൊടുക്കുവാനുള്ള മനസ്സാണ് എല്ലാ അത്ഭുതത്തിന്റെയും പ്രധാന ഘടകം എന്ന് അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ്. അതുകൊണ്ടല്ലേ പറയുന്നത് നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദെവത്തിന് നിന്നെ രക്ഷിക്കാനാവില്ല. അല്ലെങ്കിൽ നിന്റെ സഹകരണമില്ലാതെ നിന്റെ ജീവിതത്തിൽ അവന് അത്ഭുതം ചെയ്യുവാനാവില്ല എന്ന തിരിച്ചറിവ് ഈ സുവിശേഷം വായിക്കുന്ന, വിചിന്തനം നടത്തുന്ന ഏവരുടെയും മനസ്സിൽ ഉണ്ടാവണം.

ബെബിളിൽ ഉടനീളം പരിശോധിക്കുമ്പോൾ യേശു ദെവപുത്രനാണ് എന്ന് തെളിയിക്കുന്ന ഓരോ അത്ഭുതത്തിനും ഓരോ അടയാളത്തിനും മനുഷ്യന്റെ സഹകരണം അവന് ആവശ്യമായിരുന്നു. മനുഷ്യനെയും കൂടി ഉൾപ്പെടുത്തികൊണ്ടായിരുന്നു മറ്റുള്ളവന്റെ മുൻപിൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതും അപരന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കാണാൻ അവസരങ്ങൾ ഒരുക്കിയതും. അതായത് സ്നേഹിതനായ ലാസറിനെ സംസ്കരിച്ചശേഷം അവനെ ഉയർപ്പിക്കുമ്പോൾ വെറും കാഴ്ചക്കാരായി മാത്രം ജനങ്ങളെ നിർത്താതെ അവൻ അത്ഭുതത്തിൽ അവരേയും പങ്കാളികളാക്കി. അതിന്റെ മുൻപിൽ എടുത്തുവച്ചിരിക്കുന്ന കല്ല് നിങ്ങൾ എടുത്ത് മാറ്റുക എന്ന് പറഞ്ഞുകൊണ്ട് അവിടെ കൂടെയുള്ള ഒരു മനുഷ്യന്റെ സഹകരണം തന്റെ അത്ഭുതത്തിനായി യേശു അവിടെ യാചിക്കുകയാണ്. തിബേരിയസ് കടൽത്തീരത്ത് തന്റെ ശിഷ്യഗണത്തിനുവേണ്ടി പ്രാതൽ ഒരുക്കിയപ്പോൾ ശിഷ്യർ കൊണ്ടുവന്ന അല്ലെങ്കിൽ അവർ പിടിച്ചുകൊണ്ടുവന്ന മത്സ്യം അവൻ അവർക്കു പാകം ചെയ്തുകൊണ്ട് അവരുടെ കണ്ണുകളെ തുറപ്പിക്കുന്നത്.

കാനായിലെ വിവാഹവേളയിൽ യേശു അത്ഭുതം പ്രവർത്തിച്ചത് കൽഭരണികൾ നിറയട്ടെ എന്ന് അവന് വേണമെങ്കിൽ പറയാമായിരുന്നു. എന്നാൽ പരിചാരകർ കൊണ്ടുവന്നു നിറച്ച ആ കൽഭരണിയിലെ വെള്ളമായിരുന്നു, അതായത് അവരുടെ അദ്ധ്വാനത്തിന്റെ ശേഷമായിരുന്നു യേശു ആ വലിയ അത്ഭുതം കാനായിലെ വിവാഹവേളയിൽ പ്രവർത്തിച്ചത്. അങ്ങനെ എല്ലാ അത്ഭുതങ്ങൾക്കും പിന്നിലും വെളിപ്പെടുത്തലുകൾക്ക് പിന്നിലും കൂടെയുള്ള മനുഷ്യരുടെ കൂട്ടത്തിന്റെ സഹകരണം യേശു ആവശ്യപ്പെട്ടിരുന്നു. അതിന്റെ മേലായിരുന്നു യേശുവിന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചത്.

അതുകൊണ്ട് പ്രിയപ്പെട്ട ദെവമക്കളേ, നമ്മൾ തിരിച്ചറിയണം. ജീവിതത്തിൽ എപ്പോഴും എനിക്ക് ലഭിച്ചത് തുച്ഛമാണ്, എനിക്ക് ലഭിച്ചത് കുറഞ്ഞുപോയി എന്നൊക്കെ നമ്മൾ പരാതിപ്പെടുന്നത് അടുത്തുള്ളവന്റെ പക്കൽ എന്താണെന്ന് നോക്കുമ്പോഴാണ് നമുക്ക് പരാതിയുണ്ടാകുന്നത്. മറിച്ച് പ്രിയമുള്ളവരേ, കൂടെയുള്ള ക്രിസ്തുവിന്റെ സമൃദ്ധിയിലേക്ക്, അല്ലെങ്കിൽ അവന്റെ കരങ്ങളിലേക്ക് നോക്കുമ്പോഴാണ് ഈ തുച്ഛമായതുപോലും ഞാൻ നിൽക്കുന്ന വിജനപ്രദേശത്തിൽ അത്ഭുതമാക്കി മാറ്റുവാൻ എന്റെ ദെവത്തിന് കഴിയുമെന്നുള്ള ഉറച്ച ബോധ്യം നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് എല്ലാ സുവിശേങ്ങളും പ്രതിപാതിക്കുന്ന ഇൗ വചനം നമ്മിൽ നിറയ്ക്കേണ്ട വെളിച്ചം നിനക്കെത്രമാത്രം ഉണ്ട് എന്ന് നോക്കിയല്ല, ഉള്ളത് ആശ്രയബോധത്തോടുകൂടി ദെവത്തിൽ ശരണപ്പെട്ട് അവന്റെ കരങ്ങളിൽ അവന്റെ ആശീർവാദത്തിനായി സമർപ്പിക്കുവാൻ കഴിഞ്ഞാൽ എന്റെ ജീവിതത്തിൽ എനിക്ക് അത്ഭുതങ്ങൾ കാണാൻ കഴിയും, പ്രവർത്തിക്കുമെന്നുള്ള ഉറച്ച ബോധ്യം ഈ സുവിശേഷ ഭാഗം നമുക്ക് തരികയാണ്. അതുകൊണ്ട് ഉള്ളതിൽ സന്തോഷിക്കാം. കാരണം എന്റെ കൂടെ എന്റെ ക്രിസ്തു ഉണ്ട്. കൊടുത്താൽ അത്ഭുതം പ്രവർത്തിക്കുവാൻ അവന് സാധിക്കും എന്നുള്ള ആ ഉറച്ച ബോധ്യം  ഈ കുറവുകളുടെ മദ്ധ്യേ, ഈ കൊറോണ കാലഘട്ടങ്ങളുടെ മദ്ധ്യേ, ഈ ബുദ്ധിമുട്ടുകളുടെ മദ്ധ്യേ, ഈ സങ്കടങ്ങളുടെ മദ്ധ്യേ അവന്റെ ആശീർവാദം ഉണ്ടാകുവാൻ നമുക്കും സമർപ്പിച്ച് അത്ഭുത്തിനായി കാത്തിരിക്കാം. പ്രാർത്ഥിക്കാം.

ദൈവം നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ.

പിതാവിന്റെയും പുത്രന്റെയും ജീവനുള്ള പരിശുദ്ധ റൂഹായുടെയും തിരുനാമത്തിൽ ആമ്മേൻ.

03 July 2021, 09:10