തിരയുക

ഫ്രാൻസിസ് പപ്പാ ലാമ്പെദൂസയിൽ (LAMPEDUSA) - ഫയൽ ചിത്രം ഫ്രാൻസിസ് പപ്പാ ലാമ്പെദൂസയിൽ (LAMPEDUSA) - ഫയൽ ചിത്രം 

ജൂലൈ 11, മരണമടഞ്ഞ കുടിയേറ്റക്കാർക്കായുള്ള പ്രാർത്ഥനാദിനം

മെഡിറ്ററേനിയൻ പ്രദേശത്തും, മറ്റിടങ്ങളിലും, കുടിയേറ്റശ്രമങ്ങൾക്കിടയിൽ മരിച്ചവർക്കായി പ്രാർത്ഥന അഭ്യർത്ഥിച്ച് ഇറ്റാലിയൻ മെത്രാൻസമിതി. ജൂലൈ 11, ഞായറാഴ്ചയാണ് എല്ലാ ഇറ്റാലിയൻ ഇടവകകളിലും പ്രത്യേക പ്രാർത്ഥന നടക്കുക.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യൂറോപ്പിന്റെ മധ്യസ്ഥനായ വിശുദ്ധ ബെനെഡിക്റ്റിന്റെ തിരുനാൾ ദിനമായ ജൂലൈ പതിനൊന്നിന്, പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഇറ്റലിയിലെ മെത്രാൻസംഘം (CEI). മെഡിറ്ററേനിയൻ കടലിലും കരമാർഗ്ഗമുള്ള യാത്രയിലും മരിച്ച കുടിയേറ്റക്കാർക്കുവേണ്ടി എല്ലാ ഇടവകകളിലും പ്രാർത്ഥിക്കാനാണ് മെത്രാൻസംഘം ആവശ്യപ്പെട്ടത്. മെച്ചപ്പെട്ട ഒരു ഭാവി തേടിയുള്ള യാത്രയിലാണ് അവരുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് ഓർമ്മിപ്പിച്ച മെത്രാൻസംഘം, ഇത് എല്ലാവരുടെയും മനഃസാക്ഷിയെ ഉണർത്തണമെന്നും, കുടിയേറ്റം എന്ന പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ വ്യകതതയോടെ നോക്കിക്കാണണമെന്നും പറഞ്ഞു.

കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2021 ന്റെ ആദ്യ അഞ്ചു മാസങ്ങളിലായി മെഡിറ്ററേനിയൻ കടലിൽ മാത്രം 632 പേര് മരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 200 ശതമാനം അധികമാണ്.

ഈ കണക്കുകൾ പ്രകാരം ഒരു ദിവസത്തിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇറ്റാലിയൻ മെത്രാൻ സംഘം പറഞ്ഞു. ഇതോടൊപ്പം മറ്റു കടൽ ദുരന്തങ്ങളിൽ മരിച്ചവരെയും, സഹാറ മരുഭൂമിയിലും ലിബിയയിലും ബാൽക്കൻ പ്രദേശങ്ങളിലും, കുടിയേറ്റ ശ്രമങ്ങൾക്കിടയിൽ മരിച്ചവരെയും ഉൾപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ മാസം ജൂൺ 13 ഞായറാഴ്ച് ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിൽ  ഫ്രാൻസിസ് മാർപാപ്പ ഉച്ചരിച്ച വാക്കുകൾ ഉദ്ധരിച്ച ഇറ്റാലിയൻ ബിഷപ്പുമാർ "മെഡിറ്ററേനിയൻ യൂറോപ്പിലെ ഏറ്റവും വലിയ ശ്മശാനമായി മാറിയിരിക്കുന്നു" എന്നും "അഭയാർഥികളുടെ നേരെ എല്ലാവരും ഹൃദയം തുറക്കണമെന്നും" പറഞ്ഞു. ഇറ്റാലിയൻ, യൂറോപ്യൻ തീരങ്ങളിൽ എത്താൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടവരെ മറക്കരുതെന്ന് സഭാംഗങ്ങളെ ഓർമ്മിപ്പിച്ച മെത്രാന്മാർ, അടുത്ത ഞായറാഴ്ചത്തെ പ്രാർത്ഥന, "സമാധാനത്തിന്റെ സന്ദേശവാഹകനും നാഗരികതയുടെ അദ്ധ്യാപകനും, യൂറോപ്പിന്റെ രക്ഷാധികാരിയുമായ വിശുദ്ധ ബെനെഡിക്റ്റിന്റെ മാതൃക പിന്തുടരാൻ എല്ലാ  ക്രിസ്ത്യാനികളെയും ഉദ്‌ബോധിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായിരിക്കും" എന്നും കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2021, 08:21