തിരയുക

സ്നേഹമെന്ന യഥാർത്ഥ നിയമം സ്നേഹമെന്ന യഥാർത്ഥ നിയമം 

യഥാർത്ഥ ജീവിതനിയമം ക്രിസ്തുവിന്റെ കണ്ണുകളിൽ

വി. മാർക്കോസിന്റെ സുവിശേഷം ഏഴാം അദ്ധ്യായം ഒന്നുമുതൽ പതിമൂന്നുവരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം
സുവിശേഷപരിചിന്തനം Mk. 7, 1-13

ഫാ. ടൈസൺ മണ്ടുംപാൽ

ഈശോമിശിഹായ്ക് സ്തുതിയായിരിക്കട്ടെ.

ദൈവാരാധനയെയും മനുഷ്യസ്നേഹത്തേയും വഴിപാടായി തരംതാഴ്ത്തുന്ന മനുഷ്യ ഹൃദയത്തിന്റെ കപടത! അതോർത്ത് വിലപിക്കുന്ന കാരുണ്യവാനായ ക്രിസ്തുവിന്റെ മുഖമാണ് ഇന്നത്തെ സുവിശേഷത്തിൽ കാണുന്നത്.  നിത്യജീവൻ പ്രാപിക്കാൻ “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും, പൂർണാത്മാവോടും, പൂർണശക്തിയോടും, പൂർണമനസ്സോടും കൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും. ഈ രണ്ടേ രണ്ടു നിയമങ്ങളാണ് ക്രിസ്തു തന്റെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചത്.  ലൂക്ക 10:27 തിരുവചനവും, നിയ 6:5 തിരുവചനവും ഇതുതന്നെയാണ്. പത്തു പ്രമാണങ്ങളുടെയും ആത്മാവ് ഈ രണ്ടു വചനത്തിലാണ്. എന്നാൽ ഈ രണ്ട് ജീവിത നിയമങ്ങളെ ‘കൗശലപൂർവ്വം’ അവഗണിച്ച് നന്മയും തിൻമയും എന്താണന്ന് മനുഷ്യൻ ഇന്ന് സ്വന്തം ഹൃദയത്തിൽ  തീരുമാനിക്കാൻ തുടങ്ങിയിരിക്കുന്നു, മറ്റൊരു വാക്കിൽ പറഞ്ഞാൽ സ്വയം ദൈവമായി അവരോധിച്ച് അഹങ്കാരത്തിന്റെ അങ്ങേയറ്റത്തിൽ ദൈവത്തെ തള്ളി പറയുകയും സ്വന്തം സഹോദരങ്ങളെ വാക്കുകൊണ്ട്, പ്രവൃത്തികൾകൊണ്ട്, ചിന്തകൾ കൊണ്ട് ചവിട്ടി താഴുത്തുകയും ചെയ്യുന്ന ഒരു ഒരു ലോകത്തിന്റെ അരൂപി, നമ്മുടെ ഹൃദയത്തിൽ നമ്മൾ പോലും അറിയാതെ രൂപപ്പെട്ടിരിക്കുന്നു. ഈ ഒരു മാനുഷിക അവസ്ഥയെ ഓർത്തുകൊണ്ട് ദൈവപിതാവിന്റെ ഒരു വിലാപത്തെക്കുറിച്ചാണ് ക്രിസ്തു ഇന്ന് ഓർമ്മപ്പെടുത്തിയത് (ഏശയ 29:13) “ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽ  വളരെ ദൂരെയാണ്.

ഈ ദൂരത്തായി മനുഷ്യഹൃദയങ്ങളെ തന്നിലേക്കടുപ്പിക്കാനാണ് ക്രിസ്തു ഇന്ന് വചനം പഠിപ്പിക്കുക. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാൻ മറന്നു പോകുന്ന മനുഷ്യരെ ക്രിസ്തു ഓർമ്മപ്പെടുത്തുന്നു. ദൈവപ്രമാണങ്ങൾ എല്ലാം ഒരു വഴിപാടായി അനുസരിച്ച് ജീവിച്ചിരുന്ന ധനികനായ യുവാവ് ക്രിസ്തുവിനോട് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ് “ഈ പത്ത് പ്രമാണങ്ങളും ഞാനനുസരിച്ചിട്ടുണ്ട് ഇനിയും എന്താണ് എനിക്ക് ഒരു കുറവ്?” മത്തായായുടെ സുവിശേഷം 19-)o അധ്യായം  21-)o വാക്യത്തിൽ ആ കുറവ് എന്താണ് എന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ട് “നീ ദരിദ്രനാകണം”, ആത്മാവിൽ ദരിദ്രനാകണം എന്നാണർത്ഥം. മത്തായിയുടെ സുവിശേഷം അഞ്ചാമദ്ധ്യായം മൂന്നാം വാക്യത്തിൽ ക്രിസ്തു ഇത് പഠിപ്പിക്കുന്നുണ്ട്. തന്റെ മലയിലെ പ്രസംഗത്തിൽ  "ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ്". അതുകൊണ്ട് ആത്മാവിൽ ദരിദ്രനാവുക എന്നതാണ് ദൈവവചനം പാലിക്കുക, ദൈവപ്രമാണങ്ങൾ പാലിക്കുക എന്നതുകൊണ്ട് ക്രിസ്തു അർത്ഥമാക്കുന്നത്. ദൈവമാണ് എനിക്കെല്ലാം, ദൈവമില്ലാതെ ഒരു ജീവിതമില്ല,  ഇനി ജീവിക്കുന്നെങ്കിൽ അത് ദൈവത്തിന് വേണ്ടി മാത്രമാണ് എന്ന വിശ്വാസവും, ദൈവത്തോടുള്ള സ്നേഹവും, ദൈവത്തിലുള്ള പ്രതീക്ഷയുമാണ് ഈ ആത്മാവിലുള്ള ദാരിദ്ര്യം. അവിടെ മറ്റുള്ളവർ വെറും മറ്റുള്ളവരല്ല, ദൈവത്തിലുള്ള എന്റെ സഹോദരങ്ങളാണ്, എന്റെ സ്നേഹിതരാണ്. അങ്ങനെ "ദൈവം മാത്രം മതി” എന്ന് വിശ്വാസിച്ച്, ദൈവത്തെ അങ്ങയറ്റം സ്നേഹിച്ചുകൊണ്ട് മുന്നേറുന്ന മനുഷ്യർക്ക് മാത്രമാണ് ദൈവപ്രമാണങ്ങൾ പാലിക്കാൻ സാധിക്കുക. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു സൂചിപ്പിച്ച നാലാം പ്രമാണം, അതായത്  സ്വന്തം മാതാപിതാക്കളോടുള്ള ബഹുമാനം അതുമുതൽ പത്താം പ്രമാണം  വിരൽ ചൂണ്ടി നിൽക്കുന്ന അപരന്റെ വസ്തുക്കളോടുള്ള സത്യസന്ധ്യത വരെ പാലിക്കാൻ സാധിക്കണമെങ്കിൽ ദൈവസ്നേഹത്താൽ നമ്മൾ നിറഞ്ഞിരിക്കണം.

അല്ലാത്ത പക്ഷം ദൈവകൽപനകൾ ഭാരമായും ഭയമായും തോന്നായ ആദിമതാപിതാക്കളെപ്പോലെ ദൈവത്തിന്റെ സ്നേഹത്തിനെതിരെ പ്രവർത്തിക്കുന്നവരോ, അല്ലെങ്കിൽ ക്രിസ്തു ഇന്ന് പറഞ്ഞത് പോലെ കൗശലപൂർവ്വം ദൈവകൽപനകൾ അവഗണിക്കുന്നവരോ ആയി മാറും നമ്മൾ. ദൈവകൽപ്പനകളെ ആദിമുതലേ കൗശലപൂർവ്വം അവഗണിച്ച ഉത്പത്തി പുസ്തകത്തില ആ പുരാതന സർപ്പത്തെ എല്ലാവരും ഓർക്കുന്നുണ്ടല്ലോ? (ഉത്പത്തി 3:1)? ദൈവവചനങ്ങൾ ഹൃദയത്തിൽ സദാസമയവും ധ്യാനിച്ചിരുന്ന ( ലൂക്ക 2:51) പരിശുദ്ധ മറിയത്തോടൊപ്പം നമുക്കും പ്രാർത്ഥിക്കാം, ദൈവസ്നേഹത്താൽ ഞങ്ങളെ നിറക്കണമേ എന്ന്, ദൈവവചനത്തെ സ്നേഹിച്ച് ഹൃദയത്തിൽ സ്വീകരിക്കാൻ ഒരുക്കണമേ എന്ന്. വചനം വിതക്കാൻ ക്രിസ്തു വിതക്കാരനായി നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ മുട്ടുബോൾ സ്നേഹത്തോടെ അകത്തേക്ക് സ്വീകരിക്കാൻ കൃപ നൽകണമേ എന്ന് പ്രാർഥിക്കാം. ഗലാത്തി 2, 20 പത്രോസ് പ്രാർത്ഥിക്കുന്നതു പോലെ, ഇനിമേൽ ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്, എന്ന് പറയാൻ നമുക്കുമാകണം. അതേ ക്രിസ്തുവാണ് യഥാർത്ഥത്തിൽ ഈ നിയമങ്ങളും പ്രമാണങ്ങളുമെല്ലാം. ആ വ്യക്തി തന്നെയാണ് എന്റെ നിയമങ്ങൾ. മുഴുവൻ ദൈവകൽപനകളും ജീവിത നിയമവും ക്രിസ്‌തുതന്നെയാണ്, അത് കൊണ്ടാണ് പത്രോസ് പറഞ്ഞത്, ഞങ്ങൾ എവിടെപ്പോകാനാണ്! നിന്റെ കയ്യിലാണ് ജീവന്റെ വചസ്സുകൾ.

സ്നേഹമുള്ളവരെ, ക്രിസ്തുവിനെ അധരം കൊണ്ട് മാത്രം ബഹുമാനിക്കുന്നവരാകാതെ, അവന്റെ ജീവവചനങ്ങൾ ജീവിക്കുന്നവരാകാനും നമ്മുക്ക് ശ്രമിക്കാം, യേശു പ്രതിവചിച്ചു: “എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും” (യോഹന്നാന്‍ 14:23). ദൈവസ്നേഹത്താൽ നിങ്ങളെല്ലാവരും നിറയട്ടെ,  എന്ന് പ്രാർഥിക്കുന്നു. വചനം പാലിക്കുന്നവനിൽ ദൈവസ്നേഹം നിറയുന്നു.  യാക്കോബ് ശ്ലീഹായുടെ ഉപദേശം നമുക്ക് ഓർക്കാം, “ആകയാല്‍, എല്ലാ അശുദ്‌ധിയും വര്‍ദ്‌ധിച്ചുവരുന്ന തിന്‍മയും ഉപേക്‌ഷിച്ച്‌ (ഈ ലോകം അങ്ങനെയാണ്) നിങ്ങളില്‍ പാകിയിരിക്കുന്നതും (മാമ്മോദീസ മുതൽ നമ്മിൽ പാകിയിരിക്കുന്ന വചനങ്ങളുണ്ട്). നമ്മിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്‌മാക്കളെ രക്‌ഷിക്കുവാന്‍ കഴിവുള്ളതുമായ ദൈവവചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍. നമ്മുടെ അഹങ്കാരം കൈവെടിയാം. നന്മയും തിന്മയും തീരുമാനിക്കുന്നത് നമ്മളല്ല, ദൈവം തന്നെയാണ്. അതുകൊണ്ടാണ് വചനത്തെ വിനയപൂർവ്വം സ്വീകരിക്കാൻ ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്‌മവഞ്ചകരാകാതെ കാരണം അതൊരു നുണയാണ്. വചനം കേൾക്കുകയും, വചനത്തിനനുസരിച്ച് ജീവിക്കാതിരിക്കുകയും ചെയ്യുന്നവർ ആത്മവഞ്ചകരാണ് എന്നാണ് ശ്ലീഹാ പഠിപ്പിക്കുക. അതുകൊണ്ടു ശ്ലീഹാ പഠിപ്പിക്കുന്നു, നിങ്ങൾ വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്‌മവഞ്ചകരാകാതെ, ഇന്നത്തെ സുവിശേഷത്തിന്റെ വാക്കുകളിൽ പറഞ്ഞ കൗശലക്കാരാകാതെ, അത്‌ അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. അതാണ് രക്ഷ. അതാണ് ദൈവസ്നേഹത്തിലുള്ള ക്രിസ്തീയജീവിതം. അവിടെ പത്തു പ്രമാണങ്ങൾ എനിക്ക് പ്രമാണങ്ങളല്ല, എന്റെ ജീവിതമാണ്. എന്റെ ദൈവം സ്നേഹം കൊണ്ട് എനിക്ക് നൽകിയ എന്റെ കല്പനകളാണ്. അത് ഹൃദയപൂർവ്വം സ്വീകരിക്കുവാൻ ദൈവം നിങ്ങളെ ശക്തരാക്കട്ടെ. നമുക്കൊന്നും വഴിപാടുകളില്ല. നമുക്ക് ക്രിസ്തുവാണ്, ക്രിസ്തുവിന്റെ ജീവിതമാണ് നമ്മുടെ നിയമം, ആമ്മേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2021, 12:44