തിരയുക

 വിതയ്ക്കപ്പെടുന്ന വചനം. വിതയ്ക്കപ്പെടുന്ന വചനം. 

ദൈവവചനത്തിനായി ഹൃദയനിലങ്ങൾ ഒരുക്കാം

വി. മാർക്കോസിന്റെ സുവിശേഷം നാലാം അദ്ധ്യായം 1 മുതൽ 20 വരെയുള്ള വാക്യങ്ങളെക്കുറിച്ചുള്ള വിചിന്തനം

ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത്, തിരുവനന്തപുരം

സുവിശേഷപരിചിന്തനം Mark 4, 1-20

കർത്താവിനാൽ ഏറ്റം സ്നേഹിക്കപ്പെട്ട സഹോദരീ സഹോദരന്മാരെ,

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമമനുസരിച്ച് പെന്തിക്കോസ്തിക്കു ശേഷം എട്ടാം ഞായർ തിരുസഭ നമ്മുടെ വിചിന്തനത്തിനായിട്ട് നൽകിയിരിക്കുന്നത് വിശുദ്ധ മാർക്കോസിന്റെ സുവിശേഷം നാലാം അദ്ധ്യായം ഒന്നുമുതൽ ഇരുപതുവരെയുള്ള വാക്യങ്ങളാണ്.

കടൽത്തീരത്ത് വച്ച് യേശു പഠിപ്പിക്കുന്ന ഒരു ഉപമയാണ് വിഷയം  ഗലീലി പ്രദേശം മുഴുവൻ യേശുവിന്റെ വചനത്താൽ യേശുവിന്റെ പ്രവർത്തികളാൽ ആകൃഷ്ടരായി അവിടുത്തെ ശ്രവിക്കുവാൻ അവിടുത്തെ വചനങ്ങൾ ഉൾക്കൊള്ളുവാനായി കടന്നു വന്നിരിക്കുന്ന ഒരു സന്ദർഭമാണിത്. കടൽത്തീരം വിശാലമാണ്. ഗലീലിതടാകം എന്ന് പറയുന്ന ആ കടലിന്റെ കരയിൽ ധാരാളം ആളുകൾക്ക് ഇരിക്കുവാനായിട്ട് സാധിക്കും. യാത്രാസൗകര്യങ്ങളോ മറ്റ് ഭക്ഷണസൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഒരു സ്ഥലത്തേക്കാണ് ആയിരക്കണക്കിന് ആളുകൾ കടന്നു വന്നിരിക്കുന്നത്. ഇവരെ ഉദ്ദേശിച്ചതാണ് യേശു അവർക്ക് ഭക്ഷണം കൊടുക്കുവാനായപ്പം വർദ്ധിപ്പിക്കുന്നതുമൊക്ക ചെയ്യന്നത് ഈ സംഭവുമായി ഒക്കെ അനുബന്ധിച്ചാണ്. അപ്പോൾ അതിനിടയിലാണ് ഈശോ ഇപ്രകാരം ഒരുപമ പഠിപ്പിക്കുന്നത്. വിതക്കാരന്റെ ഉപമയും ആ ഉപമയുടെ ഉദ്ദേശവും ആ ഉപമയുടെ ഈശോതന്നെ നൽകുന്ന ഒരു വിശദീകരണവും, അതാണ് ഇന്നത്തെ വേദഭാഗത്തിന്റെ ചിന്താവിഷയം. ഈ വേദഭാഗത്തിലൂടെ കർത്താവ്, താൻ നൽകുന്ന ഉപദേശത്തെ തന്റെ മുന്നിലിരിക്കുന്ന ദൈവജനം അല്ലങ്കിൽ ശ്രോതാക്കളായി തടിച്ചുകൂടിയിരിക്കുന്ന മനുഷ്യർ എപ്രകാരമാണ് സ്വീകരിക്കേണ്ടത് അതിനോട് സ്വീകരിക്കേണ്ട മനോഭാവം എന്താണ് എന്ന് കൃത്യമായി ഓർമിപ്പിക്കുകയാണ് കർത്താവ്. ഇവിടെ പല തരത്തിലുള്ള ശ്രോതാക്കളെ ഉദ്ദേശിച്ചുകൊണ്ട് കർത്താവ് ഈ ഉപമയിൽ കൃത്യമായ വിശദീകരണങ്ങൾ നൽകുന്നുണ്ട്. വിതക്കാരൻ വിതയ്ക്കുവാൻ പുറപ്പെടുന്നു. ഇവിടെ നമുക്ക് തോന്നും, ഈ വിതക്കാരൻ തീരെ ശ്രദ്ധയില്ലാത്തവനാണ്, വിത്ത് വിതയ്ക്കുന്നതിനോട് താത്പര്യമില്ലാത്തവനാണ്. വഴിയരികിൽ വീഴുന്നു, ചിലത് പാറപ്പുറത്ത് വീഴുന്നു. ചിലത് മുൾച്ചെടികൾക്കിടയിൽ വീഴുന്നു. ചിലത് നല്ല നിലത്ത് വീഴുന്നു. നാല് തരത്തിലുള്ള സംഭവങ്ങളിളാണ് ഇവിടെ വിശദീകരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ വിതക്കാരൻ ശ്രദ്ധയില്ലാത്തതുകൊണ്ടോ വിത്തുകൾ വലിച്ചെറിയുന്നതുകൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്.

അക്കാലത്തെ യഹൂദപശ്ചാത്തലമനുസരിച്ച്, അവിടുത്തെ കൃഷിരീതിയനുസരിച്ച്, കൊയ്ത്തു കഴിഞ്ഞാൽ വിളഭൂമി ഏതാനും മാസങ്ങൾ വിളവെടുപ്പൊന്നുമില്ലാതെ കിടക്കുക സ്വാഭാവികമാണ്. അങ്ങനെയുള്ളപ്പോൾ ഈ പാടത്തുകൂടെ ആളുകൾ കയറിനടക്കുവാൻ തുടങ്ങും. അങ്ങനെ നിരന്തരമായ പാദമർദ്ധനമേറ്റ ആ വയലുകളിൽ ചില പാതകൾ, നടപ്പാതകൾ രൂപംകൊള്ളും. ഇപ്രകാരം കഠിനമായ പാദമർദ്ധനത്താൽ കട്ടിയായ ആ ഭൂതലം പിന്നീട് ഉഴുതുമറിക്കുമ്പോൾ അല്ലേൽ കിളച്ചുമറക്കുമ്പോഴോ വേണ്ടവിധത്തിൽ ഒരുക്കപ്പെടാറില്ല. അങ്ങനെ വരുന്ന സ്ഥലമാണ് യഥാർത്ഥത്തിൽ കർത്താവ് ഇവിടെ ഉദ്ദേശിക്കുന്ന വഴിയരുക് എന്ന് പറയുന്നത്. അവിടെ വീഴുന്ന വിത്തുകൾ പക്ഷികൾ വന്ന് പെറുക്കിക്കൊണ്ടുപോകും എന്നാണ് പറയുന്നത്. അതിന് ആഴത്തിൽ വേരോടുവാനായിട്ട് സന്ദർഭം ലഭിക്കാതെ വരികയും അത് പക്ഷികൾ വന്നു പെറുക്കികൊണ്ട് പോകുകയും ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുക എന്ന് ചോദിച്ചാൽ, നമ്മളെ സംബന്ധിച്ചിടത്തോളം വളരെ പ്രായോഗികമായ ഒരു വ്യാഖ്യാനം ഇതിന് നൽകുകയാണെങ്കിൽ നമ്മളും വചനത്തെ ഒരു പരിധി വരെ സ്വീകരിക്കാൻ തയ്യാറാണ്. അതുകൊണ്ടാണ് നമ്മൾ ഞായറാഴ്ചകയിൽ പള്ളിയിൽ പോകുന്നത്, അല്ലെങ്കിൽ മാദ്ധ്യമങ്ങളിലൂടെയുള്ള വചനശ്രവണത്തിന് നമ്മൾ താല്പര്യമെടുക്കുന്നത്. അതിനായിട്ട് സമയം കണ്ടെത്തുന്നു എന്നൊക്കെ പറയുന്നത് ശരിയാണ്. ഇത് നമ്മള് നമ്മളാകുന്ന വയലിനെ നമ്മൾ ഒരുക്കി വച്ചിരിക്കുകയാണ്. എന്നാൽ ആ വയലില് നമ്മുടെ ഹൃദയമാകുന്ന വയലിലേക്ക് വചനസ്വീകരണത്തിനായിട്ട് ഒരുക്കുമ്പോൾ അവിടെ അതിന് സ്വീകരിക്കേണ്ടതായ തയ്യാറെടുപ്പുകൾ നമ്മൾ എത്രമാത്രം നടത്തുന്നുണ്ട് എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഈ നമ്മുടെ ഹൃദയമാകുന്ന വയലിലേക്ക് കർത്താവിന്റെ വചനങ്ങൾ കടന്നു വരണമെങ്കിൽ അതിന് അതിന്റെതായ സുസ്ഥിരമായ ഒരുക്കപ്പെട്ട ഒരു നിലമുണ്ടാകണം. ഇവിടേക്ക് ഏതു ആശയങ്ങൾക്കും ഏത് സിദ്ധാന്തങ്ങൾക്കും കയറിയിറങ്ങി നടക്കാവുന്ന ഒരിടമായി നമ്മുടെ ഹൃദയം മാറുമെങ്കിൽ, തീർച്ചയായിട്ടും അവിടെ വചനത്തിനു വേണ്ടി കാര്യമായ ഒരുക്കപ്പെടലുകൾ ഉണ്ടാവുകയില്ല. നമ്മുടെ ഹൃദയത്തിൽ ദൈവവചനം കാര്യമായ ഫലമുളവാക്കുകയില്ല. നമുക്ക് ശരിയായ ഒരുക്കത്തോടുകൂടി ഏതിനെയൊക്കെ വേണമെന്നും ഏതിനെയൊക്കെ വേണ്ടായെന്ന് വയ്ക്കുവാനുമുള്ള ഒരു തയാറെടുപ്പ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നില്ല എങ്കിൽ വചനസ്വീകരണം കാര്യമായ ഫലമുളവാക്കുകയില്ല.

മലയാളത്തിലെ പ്രസിദ്ധനായ നാടകകൃത്ത് സി ജെ തോമസ് ആ മനുഷ്യൻ നീ തന്നെ എന്ന പ്രസിദ്ധമായ ദാവീദ് രാജാവിന്റെ ജീവിതത്തെക്കുറിച്ചുള്ള നാടകത്തിൽ, ഇപ്രകാരം ഒരു വാക്യം എഴുതിവച്ചിട്ടുണ്ട്. കണ്ണുള്ളത്  കാണാൻ മാത്രമല്ല, കാണാതിരിക്കാനും കൂടിയുള്ളതാണ്, അടയ്ക്കപ്പെടുവാൻ വേണ്ടിക്കൂടിയുള്ളതാണ് കണ്ണ്. നമുക്ക് ചില കാര്യങ്ങളെ വേണ്ടന്ന് വായിക്കുവാനും ചില കാര്യങ്ങളോട് നോ എന്ന് പറയുവാനും സാധിക്കുന്നിടത്താണ് നമ്മുടെ ഹൃദയം ഒരുക്കപ്പെട്ട ഹൃദയമാകുന്നത്. അല്ലാതെ ഏത് മനുഷ്യനും, ഏത്  സിദ്ധാന്തത്തിനും ഏത് ആശയത്തിനും കേറി മേയാൻ പറ്റുന്ന ഒരു വിളഭൂമിയാണ് നമ്മുടെ ഹൃദയമെങ്കിൽ ഇവിടെ വചനം കാര്യമായ ഫലം പുറപ്പെടുവിക്കുകയില്ല. അതുകൊണ്ടു നമുക്ക് നമ്മുടെ ഹൃദയത്തിന് ചില നിയന്ത്രങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ദൈവവചനസ്വീകരണത്തിനായി നമ്മെത്തന്നെ ഒരുക്കാനായിട്ട് ശ്രമിക്കാം.

രണ്ടാമതായിട്ട്, ഈ വിതക്കാരൻ, അയാളുടെ വിത്തകൾ കൊണ്ട് മുള്ളുകൾക്കിടയിൽ വിതയ്ക്കുകയല്ല ചെയ്യുന്നത്. മറിച്ച് ആ വിളഭൂമിയിൽ, ശരിക്ക് ഒരുക്കപ്പെടാതെ കിടക്കുന്നത് കൊണ്ട് മുള്ളുകളുടെ വിത്തുകള് അവിടെ  അന്തര്ലീനമായിരിക്കുന്നതുകൊണ്ട് വിത്തുകളെക്കാളും വേഗത്തിൽ മുള്ളുകൾ മുളച്ചുവരുന്നു. നമ്മൾ മുമ്പേ വഴിയെപ്പറ്റി ധ്യാനിച്ചതുപോലെ, ഇതുപോലുള്ള ആശയങ്ങൾ, സിദ്ധാന്തങ്ങൾ, ചിന്തകൾ, നമ്മുടെ അടിത്തട്ടിൽ രൂപപ്പെട്ടുകഴിയുമെങ്കിൽ, വചനം നമ്മിലേക്ക് കടന്നു വരുമ്പോൾ, നമ്മുടെ അന്തർതലങ്ങളിലുള്ള മുള്ളുകൾ വളർന്നുപൊന്തി വിത്തുകൾ നല്ല നാമ്പുകളെ ഞെരിച്ചുകളയാനായിട്ട് സാധ്യതയുണ്ട്.

ഇനി അതുപോലെതന്നെയാണ് ഈ പാറപ്പുറത്ത് വിതയ്ക്കപ്പെടുന്ന വിത്ത്. അത് ഒരിക്കലും വിതക്കാരൻ കൊണ്ടുവന്ന് പാറപ്പുറത്ത് ഇടുന്നതല്ല, അയാളുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്നതല്ല. അടിത്തട്ടിൽ വലിയ പാറകൾ സ്ഥാപിച്ചതിന് ശേഷം നമ്മളതിൻമീതെ കുറെ ഭക്തകൃത്യങ്ങളുടെ, അല്ലെങ്കിൽ നല്ല പ്രവൃത്തികളുടെ ഒരു നേരിയ കവചമിട്ടിട്ട് വചനസ്വീകരണത്തിന് തയ്യാറാകുന്നവരാണ് നമ്മൾ. യഥാർത്ഥത്തിൽ ഈ നേരിയ കവചത്തിന് മുകളിലേക്കല്ല വചനത്തെ സ്വീകരിക്കേണ്ടത്. മറിച്ച്, അടിത്തട്ടിലുള്ള കഠിനമായ ഈ പാറകളാണ് തച്ചുടയ്ക്കപ്പെടേണ്ടത്. യാതൊരുവിധത്തിലുള്ള മാനസാന്തരവുമില്ലാത്ത കഠിനമായ മനസ്സിന്റെയും മനഃസാക്ഷിയുടെയും ഉടമകളായിട്ട്, അതിന് മീതെ ചില ഭക്താനുഷ്‌ഠാനങ്ങളുടെ ചില നേരിയ കവചം മണ്ണും വാരിയിട്ടിട്ട് നമുക്ക് നല്ല ക്രൈസ്തവരെന്ന് നടിച്ചുകൊണ്ട് ജീവിക്കുവാനായിട്ട് കഴിയും. അതല്ല ഇവിടെ വേണ്ടത്. യഥാർത്ഥമായി തച്ചുടയ്ക്കപ്പെടേണ്ടത് നമ്മുടെ അന്തർതലങ്ങളിലുള്ള അവസ്ഥകളെയാണ് തച്ചുടയ്‌ക്കേണ്ടത്. അതുകൊണ്ടാണ് പഴയനിയമത്തിൽ മോശയോട് ദൈവം കൽപ്പിക്കുന്നത്, നീ ആ പാറമേൽ പോയിട്ട് ഈ വടികൊണ്ട് അടിക്കണം. അവിടെനിന്ന് ജലം പുറപ്പെട്ടുവരണം. നമ്മുടെ കഠിനമായ ഹൃദയമാകുന്ന പാറമേൽ, നമ്മുടെ നോമ്പാൽ, ഉപവാസത്താൽ, നമ്മൾ ശക്തമായി അടിച്ചുകൊണ്ട് അവിടെനിന്ന് ജലം പുറപ്പെടുവിക്കണം. ആ ജലം സ്വീകരിച്ചുകൊണ്ട് നല്ല വിത്തുകൾ വളരണം. ഈ ജലമൊഴുകുന്നു എന്ന് പറയുന്നത് എന്താണെന്നറിയാമോ? ഈ ജലമൊഴുകുന്നു എന്ന് പറയുന്നത് നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാണ്. നമ്മുടെ കഠിനതരമായ ചിന്തകളെ, പ്രവർത്തനങ്ങളെ, ഒക്കെ തച്ചുടച്ചുകൊണ്ട്, അവയിൽനിന്ന് പരിശുദ്ധാത്മാവിന്റെ കൃപകളാകുന്ന നല്ല നീരുറവകൾ ഒഴുകിയിട്ട്, അത് ഫലദായകമാക്കണം. അത് പിന്നീട് മറ്റുള്ളവരിലേക്ക് ഒഴുക്കുവാനും നമുക്ക് കഴിയണം. നന്മയായി, സ്നേഹമായി, കരുതലായി ഒക്കെ. ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ, മഹാമാരിയുടെ പശ്ചാത്തലത്തിൽ, നമുക്ക് ഇപ്രകാരം നല്ല നിലങ്ങളായി മാറിക്കൊണ്ടിരിക്കാം. നമ്മുടെ ഉള്ളിലുള്ള കഠിനതരമായ പാറകളെയും, മുള്ളുകളെയും, മറ്റുള്ളവർ കയറിനടക്കാനായിട്ട് പാകത്തിന് ഒരുക്കിയിട്ടിരിക്കുന്ന വഴികളെയും ഒക്കെ നിയന്ത്രിച്ചുകൊണ്ട് ശ്രദ്ധയോടുകൂടി, ആത്മാവിന്റെ ഒരുക്കത്തോടുകൂടി, നമ്മുടെ ഉള്ളിൽ ദൈവം കൂദാശകളിലൂടെ നിക്ഷേപിച്ചിരിക്കുന്ന കൃപാവരത്തിന്റെ തികവോടുകൂടി നമുക്ക് വചനത്തെ സ്വീകരിക്കാൻ ഒരുങ്ങാം. ആ വചനം ഫലദായകമായിത്തീരട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2021, 13:34