തിരയുക

ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുന്നാള്‍. ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുന്നാള്‍. 

ക്രിസ്തുവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍-പാപ്പായുടെ ആശംസ!

ദിവ്യകാരുണ്യം, കൃപയുടെ സ്രോതസ്സും നമ്മുടെ ജീവിതസരണികളെ പ്രകാശിപ്പിക്കുന്ന വെളിച്ചവും !

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ ജീവിതവഴികളെ പ്രകാശിപ്പിക്കുന്ന വെളിച്ചം ദിവ്യകാരുണ്യത്തില്‍ കണ്ടെത്താന്‍ കഴിയട്ടെയെന്ന് മാ‍ര്‍പ്പാപ്പാ ആശംസിക്കുന്നു.

ബുധനാഴ്ച (02/06/21) വത്തിക്കാനില്‍, പതിവുപോലെ, പ്രതിവാരപൊതുദര്‍ശനം അനുവദിച്ച വേളയില്‍ നടത്തിയ മുഖ്യപ്രഭാഷണാനന്തരം വിവിധ ഭാഷാക്കാരായ തീര്‍ത്ഥാടരെയും സന്ദര്‍ശകരെയും സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ ഇറ്റാലിയന്‍ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ, ഈ വ്യാഴാഴ്ച (03/06/21) സഭയില്‍ ക്രിസ്തുവിന്‍റെ  തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍, അതായത്, ദിവ്യകാരുണ്യത്തിരുന്നാള്‍ (CORPUS DOMINI) ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു.

ഈ തിരുന്നാളാചരണം ഔദ്യോഗികമായി ഈ വ്യാഴാഴ്ചയാണെങ്കിലും  (03/06/21) ഇറ്റലിയിലും ഇതര നാടുകളിലും ഇത് ഈ വരുന്ന ഞായറാഴ്ചയാണ് (06/06/21) ആഘോഷിക്കുന്നതെന്നതും പാപ്പാ സൂചിപ്പിച്ചു.

കൃപയുടെ സ്രോതസ്സും നമ്മുടെ ജീവിതസരണികളെ പ്രകാശിപ്പിക്കുന്ന വെളിച്ചവും ദിവ്യകാരുണ്യത്തില്‍,  സ്നേഹത്തിന്‍റെയും മഹത്വത്തിന്‍റെയുമായ ആ രഹസ്യത്തില്‍ കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം  ചെയ്തപ്പോഴും ദിവ്യകാരുണ്യത്തിരുന്നാളിനെക്കുറിച്ച് അനുസ്മരിച്ചാ പാപ്പാ, ക്രിസ്തുവിന്‍റെ മാംസവും രക്തവും അവ‍ര്‍ക്കോരോരുത്തര്‍ക്കും, ബുദ്ധിമുട്ടുകൾക്കിടയില്‍ അവി‌ടത്തെ സാന്നിധ്യവും പിന്തുണയും, അനുദിനം അനുഭവിക്കുന്ന ദുരിതങ്ങളിൽ അത്യുദാത്തമായ ആശ്വാസവും നിത്യമായ പുനരുത്ഥാനത്തിന്‍റെ അച്ചാരവും ആയിരിക്കട്ടെയെന്ന് പറഞ്ഞു.

 

03 June 2021, 07:45