തിരയുക

രക്തസാക്ഷിയായ മരിയ ലൗറ മയിനേത്തി ( Maria Laura Mainetti) കുരിശിന്‍റെ പുത്രികളുടെ സന്ന്യാസിനിസമൂഹത്തിലെ അംഗം രക്തസാക്ഷിയായ മരിയ ലൗറ മയിനേത്തി ( Maria Laura Mainetti) കുരിശിന്‍റെ പുത്രികളുടെ സന്ന്യാസിനിസമൂഹത്തിലെ അംഗം 

നിണസാക്ഷി മരിയ ലൗറ മയിനേത്തി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

തന്നെ കുത്തി മുറിവേല്പിച്ച സാത്താന്‍ സേവികകളോടു പൊറുത്ത പുണ്യാത്മാവ്- മരിയ ലൗറ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിണസാക്ഷിയായ സന്ന്യാസിനി മരിയ ലൗറ മയിനേത്തി സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

കുരിശിന്‍റെ പുത്രികളുടെ സന്ന്യാസിനിസമൂഹത്തിലെ അംഗമായിരുന്ന മരിയ ലൗറ മയിനേത്തി വധിക്കപ്പെട്ടതിന്‍റെ ഇരുപത്തിയൊന്നാം വാര്‍ഷികദിനത്തില്‍, ജൂണ്‍ 6-ന്, ഞായറാഴ്ച (06/06/21), ഉത്തര ഇറ്റലിയിലെ ക്യവേന്നയില്‍ ആണ് ഈ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊ (Card.Marcello Semeraro) ആയിരിക്കും മാര്‍പ്പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുക.

ഉത്തര ഇറ്റലിയിലെ തന്നെ കോമൊയ്ക്കടുത്തുള്ള കോളിക്കൊ എന്ന സ്ഥലത്ത് 1939 ആഗസ്റ്റ് 20-നായിരുന്നു മരിയ ലൗറ മയിനേത്തിയുടെ ജനനം. 

സ്തേഫനൊ മയിനേത്തി – മര്‍ചെല്ലീനൊ ഗുസ്മെറോളി ദമ്പതികളുടെ പത്താമത്തെ പുത്രിയായിരുന്ന മരിയ, ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ക്ക് അമ്മയെ നഷ്ടമായി.

തുടര്‍ന്ന് സഹോദരിയുടെയും പിന്നീട് രണ്ടാനമ്മയുടെയും സംരക്ഷണയില്‍ വളര്‍ന്ന  മരിയ, പാര്‍മ എന്ന സ്ഥലത്ത്, കരുശിന്‍റെ പുത്രികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ കീഴിലുള്ള വിദ്യാലയത്തില്‍ പഠനം നടത്തുകയും പിന്നീട് റോമില്‍ പഠനം തുടരുകയം ചെയ്തു. 

ഒരു സന്ന്യാസിനി ആയിത്തീരണമെന്ന തന്‍റെ മോഹം വീട്ടുകാരെ അറിയിച്ച അവള്‍ അവരുടെ അനുവാദത്തോടെ കരുശിന്‍റെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തില്‍ ചേരുകയും 1960-ല്‍ നിത്യവ്രതവാഗ്ദാനം ന‌ടത്തുകയും ചെയ്തു.

തുടര്‍ന്ന് ഇറ്റലിയില്‍ റോമിലുള്‍പ്പെട വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയും അവസാനം, ക്യവേന്നയില്‍, കരുശിന്‍റെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

രണ്ടായിരാമാണ്ടില്‍ ജൂണ്‍ 6-ന് (06/06/2000) ഒരു സംഘം പെണ്‍കുട്ടികള്‍, ബലാല്‍സംഗത്തെത്തുടര്‍ന്ന ഗര്‍ഭിണിയായ ഒരു കുട്ടിയ്ക്കെന്ന വ്യാജേന ഫോണിലൂടെ നടത്തിയ സഹായഭ്യര്‍ത്ഥന കേട്ട് രാത്രി പത്തുമണിയോടെ സിസ്റ്റര്‍ മരിയ പുറപ്പെടുകയും സ്ഥലത്തെത്തിയ സന്ന്യാസിനിയെ സാത്താന്‍ സേവികകളായ മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് സാത്താന് ബലികൊടുക്കുകയുമായിരുന്നു.

തന്നെ ഉപദ്രവിച്ച പെണ്‍കുട്ടികളോട് പൊറുക്കണമെയെന്ന് 19 കത്തിക്കുത്തേറ്റു വീണ് മരിച്ചുകൊണ്ടിരുന്ന വേളയില്‍ സിസ്റ്റര്‍ മരിയ ലൗറ മയിനേത്തി ദൈവത്തോടു പ്രാ‍ര്‍ത്ഥിക്കുകയായിരുന്നുവെന്ന് കൊലപാതകികളായ യുവതികള്‍ കുറ്റസമ്മതവേളയില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2021, 12:07