തിരയുക

ഈശോയുടെ തിരുഹൃദയം. ഈശോയുടെ തിരുഹൃദയം. 

കൊളംബിയയേയും, കത്തോലിക്കാ കുടുംബങ്ങളേയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു

ആയിരം ദിവസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം 1902 ജൂൺ മാസം 22 ന് ആദ്യമായി കൊളംബിയൻ റിപ്പബ്ളിക്കിനെ തിരുഹൃദയത്തിന് സമർപ്പിച്ചതിനെ മോൺ. ഉർബീനാ അനുസ്മരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിരുഹൃദയ തിരുനാളായിരുന്ന കഴിഞ്ഞ വെള്ളിയാഴ്ച ജൂൺ 11ന് ബോഗോട്ടയിലുള്ള കൊളോംബിയയിലെ പ്രാഥമീക കത്തീഡ്രലിൽ  കോവിഡ് നിയന്ത്രണ നിയമങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികളുടെ സാന്നിധ്യത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ്  കൊളംബിയൻ  മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും വില്ലവിൻചെൻസിയോ മെത്രാപ്പോലീത്തയുമായ  മോൺ. ഓസ്കാർ ഉർബീന ഒർത്തേഗയുടെ മുഖ്യകാർമ്മികത്വത്തിൽ കൊളംബിയ രാജ്യത്തേയും കത്തോലിക്കാ കുടുംബങ്ങളേയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചത്.

ആയിരം ദിവസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം 1902 ജൂൺ മാസം 22 ന് ആദ്യമായി കൊളംബിയൻ റിപ്പബ്ളിക്കിനെ തിരുഹൃദയത്തിന് സമർപ്പിച്ചതനുസ്മരിച്ച മോൺ. ഉർബീനാ അന്നു മുതൽ  കൊളംബിയൻ ജനത നമ്മുടെ കർത്താവായ  യേശുക്രിസ്തുവിലുള്ള അനിർവ്വചനീയമായ വിശ്വാസത്തിൽ വളർന്നിട്ടുണ്ട് എന്നും ക്രിസ്തുവിന്റെ ഹൃദയവുമായി നമ്മൾ  കൊളംബിയയുടെ ഓരോ മൂലയിലും എത്താൻ പരിശ്രമിക്കുന്നു എന്നും ജീവൻ സംരക്ഷിക്കാനും നന്മയുടെയും, സത്യത്തിന്റെയും, സാഹോദര്യത്തിന്റെയും നീതിയുടെയും അനുരഞ്ജനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുന്നു എന്നും തന്റെ വചന പ്രഘോഷണത്തിൽ പറഞ്ഞു. ദൈവത്തിന്റെ അൽഭുതകരമായ ഹൃദയത്തിൽ കണ്ണുനട്ട് നമുക്ക് ഒരോർത്തർക്കും യേശുവിന്റെ ഹൃദയത്തിനു സമർപ്പിക്കപ്പെട്ട  കൊളംബിയ പണിതുയർത്താൻ അവസരമുണ്ടെന്നു പറഞ്ഞ അദ്ദേഹം  പുത്തൻ ഹൃദയത്തിലും, സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും നിന്ന് പുത്തൻവഴികൾ തുറക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു. ഒരു പുതിയ ഹൃദയം ഒരു പുതിയ വീക്ഷണം ഉറപ്പു നൽകുകയും, ആഴമാർന്ന സ്വാതന്ത്ര്യവും നീതിബോധവും, മനുഷ്യാവകാശത്തെക്കുറിച്ചുള്ള ബഹുമാനവും തള്ളപ്പെട്ടവരോടും തഴയപ്പെട്ടവരോടും ഐക്യദാർഢ്യവും അവരെ സഹോദരീസഹോദരരായി അഗീകരിക്കാനുള്ള വിശ്വാസവും നേടുന്നു. നിറയെ സ്നേഹവും കരുണയുമുള്ള ക്രിസ്തുവിന്റെ ഹൃദയം പോലുള്ള ഒരു പുത്തൻ ഹൃദയത്തിനു മാത്രമേ നമ്മുടെ മുഴുവൻ ശക്തിയോടുംകൂടെ സാഹോദര്യപൂർവ്വകമായ ഒരു രാജ്യം സമാധാനത്തിൽ പടുത്തുയർത്താൻ കഴിയുകയുള്ളൂ എന്ന്  മോൺ. ഉർബീന സൂചിപ്പിച്ചു. സമഗ്രമായ വികസനത്തിന് വിളിക്കപ്പെട്ടവരാണ് സകലരുമെന്നും  അത് സാധ്യമാക്കാൻ നമ്മൾ സംഘർഷങ്ങളും, ഭിന്നതകളും, അനീതികളും, അസമത്വങ്ങളും മറികടക്കേണ്ടതുണ്ടെന്നും രാജ്യനേതാക്കളും വിവിധ സംഘടനകളും, വിദ്യാലയങ്ങളും വിശ്വാസികളും ഈ മഹത്തായ ദൗത്യത്തിന് ഉത്തരവാദികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധാനം ദൈവത്തിൽ നിന്നാണ് വരുന്നത്, സമാധാനത്തിന്റെ നിർമ്മാതാക്കളാകാൻ നമ്മെ ഏവരെയും ക്ഷണിക്കുന്നു എന്നും അതിന്റെ ഉത്തരവാദിത്വം സമാധാനത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന ഒട്ടുമൊഴിവാക്കാനാവാത്ത ഇടമായ കുടുംബമാണെന്നും തന്റെ പ്രഘോഷണത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

സമൂഹത്തിന്റെ ഭാവി കുട്ടികൾക്കും യുവജനങ്ങൾക്കും കൗമാരക്കാർക്കുമായി നടത്തുന്ന ധീരവും അടിസ്ഥാനപരവുമായ തെരഞ്ഞെടുപ്പുകളെ ആശ്രയിച്ചാണെന്നും അവരാണ് നാളത്തെ കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും ഉത്തരവാദികളെന്നും മോൺ. ഉർബീനാ അറിയിച്ചു.  നമ്മൾ ആഗ്രഹിക്കുന്ന നീതിയുടേയും സമാധാനത്തിന്റെയും  ലോകം വാക്കുകൾ  കൊണ്ടോ ബാഹ്യശക്തികൾ അടിച്ചേൽപ്പിക്കുന്നതോ അല്ലെന്നും ഓരോരുത്തരുടേയും പരിശ്രമം കൊണ്ടും ഓരോ വ്യക്തിയുടേയും അന്തസ്സിനോടുള്ള അഗാധമായ ബഹുമാനം കൊണ്ടും കൂടിക്കാഴ്ചയുടെ സംസ്കാരം വീണ്ടെടുത്തുമാണെന്ന് പറഞ്ഞു കൊണ്ടുമാണ് മോൺ. ഉർബീനാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

14 June 2021, 15:03