തിരയുക

ജെറി അമൽദേവ് ജെറി അമൽദേവ് 

പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിൽ അമല്‍ദേവും നെല്‍സനും

കെസ്റ്ററും സംഘവും ആലപിച്ച “സ്രഷ്ടാവാം പാവനാത്മാവേ...” പുരാതന Veni Creator Spiritus എന്ന ഗീതത്തിന്‍റെ പരിഭാഷ : ശബ്ദരേഖ ‘സ്റ്റെരിയോ ട്രാക്ക്...’

- ഫാദർ വില്യം  നെല്ലിക്കൽ 

സ്രഷ്ടാവാം പാവനാത്മാവേ...


1. ഓ.എസ്.ജെ. സഭയുടെ നിർമ്മിതി
കേരളത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒ.എസ്.ജെ സഭയാണ് (Oblates of St Joseph) മലയാളത്തിലുള്ള ഈ പരിശുദ്ധാത്മ ഗീതത്തിന്‍റെ നിർമ്മാതാക്കൾ. സഭാസ്ഥാപകനായ വിശുദ്ധ ജോസഫ് മരേല്ലോ പിതാവിന്‍റെ വിശുദ്ധപദ പ്രഖ്യാപനം അവസരമാക്കി 2001-ല്‍ നിര്‍മ്മിച്ച വാഴ്ത്തിടുവിൻ എന്ന ഗാനശേഖരത്തിലുള്ളതാണീ ഗാനം. ഒ.എസ്.ജെ സഭയുടെ ഈ ഗാനശേഖരത്തിന്‍റെ പണിപ്പുരയില്‍ നെല്‍സൺ ഫെർണാണ്ടസ് എന്ന നാടക ഗാന രചയിതാവിനെക്കൊണ്ട് പരിശുദ്ധാത്മഗീതം എഴുതിക്കണമെന്നു നിര്‍ബന്ധം പിടിച്ചത് അമല്‍ദേവാണ്. നിര്‍മ്മാതാക്കളായ ഓഎസ്ജെ അച്ചന്‍മാരുടെ ലിസ്റ്റില്‍ പരിശുദ്ധാത്മഗീതം ഇല്ലായിരുന്നു. Veni CreatorSpiritus എന്ന പുരാതന ലത്തീൻ പരിശുദ്ധാത്മ ഗീതം മലയാളത്തിൽ ചെയ്യണമെന്നത് അമൽദേവിന്‍റെ അഭിപ്രായമായിരുന്നു. മൂലരചന അന്നുതന്നെ അദ്ദേഹം പരിഭാഷപ്പെടുത്തി. കൊച്ചി അമരാവതയിൽ നെൽസൺ ഫെർണാണ്ടസിന്‍റെ അടുക്കൽ അന്നുതന്നെ പോകണമെന്നായി സംഗീതസംവിധായകൻ. ഉടനെ ഞങ്ങൾ കാറിൽ കൊച്ചിക്കു പുറപ്പെട്ടു.

2. കാറ്റേ കടലേ വാ... എന്ന ഗാനത്തിന്‍റേയും
ഒത്തിരി നാടകഗാനങ്ങളുടേയും രചയിതാവ്

ഒരു മണിക്കൂർകൊണ്ട് അമരാവതിയിലെ വസതിയിൽ എത്തി. അന്നൊരു ഞായറാഴ്ച, വൈകുന്നേരം ടിവിയില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം ‘ലൈവ്’ കണ്ടുകൊണ്ടിരിക്കുകയായിരുന്നു നെല്‍സണ്‍ ഫെര്‍ണാണ്ടസ്. നാടകവും, സംഗീതവും സാഹിത്യവും പോലെതന്നെ പ്രിയമാണ് സപ്തതി കഴിഞ്ഞ നെല്‍സന് സ്പോര്‍ട്സും കളികളും! ഞങ്ങളെ സ്വീകരിച്ചിട്ട് അദ്ദേഹം പറഞ്ഞു, “കളി ഇപ്പോൾ തീരും മാഷേ!” അങ്ങനെ ഞങ്ങളും ആ കളിയുടെ അവസാനഭാഗം കണ്ടു. കളി തീർത്തിട്ടാണ് അദ്ദേഹം സംസാരിക്കാൻ തയ്യാറായത്.

3. അമൽദേവിന്‍റെ ലത്തീൻ പരിജ്ഞാനം
അമല്‍ദേവ് Veni Creator ഗീതം ഗദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തിയത് മണിമണിപോലെ നെല്‍സനു വിവരിച്ചു കൊടുത്തു. പരിശുദ്ധാരൂപിയെ സ്രഷ്ടാവായ ദൈവമായിട്ടും സകലത്തിന്‍റെയും പ്രായോജകരായിട്ടും വര്‍ണ്ണിക്കുന്ന അമല്‍ദേവിന്‍റെ വിവരണം നെല്‍സനെ ആശ്ചര്യപ്പെടുത്തി! അദ്ദേഹം ശ്രദ്ധയോടെ കേട്ടുകൊണ്ട് ചില ആശയങ്ങൾ കുറിച്ചെടുത്തു. ലത്തീൻ മൂലരചനയില്‍ വൃത്തബദ്ധമായ 32 വരികളുണ്ടായിരുന്നു. ലത്തീന്‍ രചന ഇത്ര അര്‍ത്ഥഗര്‍ഭമോ... എന്ന് ഇടയ്ക്ക് നെല്‍സണ്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ത്രിത്വത്തിലെ മൂന്നാമനെ വിളിച്ചപേക്ഷിക്കുന്ന ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ആശയപ്രാധാന്യമുളള ഗഹനമായ പ്രാര്‍ത്ഥനയാണിതെന്ന് അല്‍ദേവ് വ്യക്തമാക്കി. നെല്‍സന്‍ സന്തോഷത്തോടെ എഴുതാമെന്നു സമ്മതിച്ചെങ്കിലും... അല്പം വിഷമത്തോടെ അമല്‍ദേവിനോട് ചോദിച്ചു, “ഒരാഴ്ച കഴിഞ്ഞു പോരെ മാഷേ...?” നെല്‍സന്‍റെ മനസ്സില്‍ സന്തോഷ് ട്രോഫിയും അതിന്‍റെ തുടർന്നുള്ള ഫൈനലുമായിരുന്നു. അമല്‍ദേവ് അനിഷ്ടം പ്രകടമാക്കാതെയെങ്കിലും സമ്മതിച്ചു. ഞങ്ങള്‍ മടങ്ങി.

3. എഴുതിത്തീരുംവരെ ഉറക്കംകെട്ട അനുഭവം
പിറ്റേന്നു രാവിലെ 8 മണിക്കു സി.എ.സി-ല്‍ (Cochin Arts & Communications, Ernakulam) നെല്‍സണ്‍ ഫെര്‍ണാണ്ടസിന്‍റെ ഫോണ്‍! പാട്ട് എഴുതി തീര്‍ന്നുവത്രെ! വിശ്വസിക്കാനായില്ല. നെല്‍സന്‍റെ വ്യാഖ്യാനം ഇങ്ങനെയായിരുന്നു. അന്നത്തെ സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍സ് രണ്ടാമത്തെ കളിയും കണ്ടു വൈകി ഉറങ്ങാൻ ഒരുങ്ങിയെങ്കിലും ഉറങ്ങാനായില്ലത്രെ. മനസ്സുനിറയെ അമല്‍ദേവ് വിവരിച്ച പരിശുദ്ധാത്മ ഗീതത്തിന്‍റെ മൂലകൃതിയിലെ ബിംബങ്ങളായിരുന്നു – തീനാവും അംഗുലിയുമെല്ലാം നെൽസന്‍റെ മനസ്സിനെ വീര്‍പ്പുമുട്ടിക്കുകയും ഉറക്കം കെടുത്തുകയും ചെയ്തു. പിന്നെ എഴുതാനും പ്രേരിപ്പിച്ചു! ആ നവംമ്പര്‍ പാതിരാവിന്‍റെ ചെറുകുളിരില്‍ അദ്ദേഹത്തിന്‍റെ മനസ്സിൽ മനോഹരമായ വരികള്‍ വിരിഞ്ഞു.

4. ഔദ്യോഗിക ഗാനമായി അംഗീകരിക്കാവുന്ന
“വേനി ക്രെയാത്തോറി”ന്‍റെ മലയാളസൃഷ്ടി

മൂലകൃതിയുടെ ഈണത്തിന്‍റെ ചുവടുപിടിച്ച് അമല്‍ദേവ്... സ്രഷ്ടാവാം പാവനാത്മാവേ... ചിട്ടപ്പെടുത്തി. കെസ്റ്ററും സംഘവും മനോഹരമായി പാടിയിരിക്കുന്നു! പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍! ഏവർക്കും പെന്തക്കോസ്താ മഹോത്സവത്തിന്‍റെ ആശംസകള്‍! എങ്കിലും ഇന്നും കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് പൊതുവായൊരു പരിശുദ്ധാത്മഗീതം ഇല്ലല്ലോ എന്നത് ഒരു ദുഃഖസത്യമാണ്. പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ... മനസ്സുകളെ തെളിയിക്കട്ടെ!!

A സ്രഷ്ടാവാം പാവനാത്മാവേ,
മക്കള്‍തന്‍ ഹൃത്തില്‍ വരേണേ
സൃഷ്ടികളാമിവരില്‍ വരേണേ നിന്‍റെ
ദിവ്യപ്രസാദം തരേണേ.

A ആശ്വാസദായകന്‍ നീയേ
ദൈവത്തില്‍ വരദാനം നീയേ
ജീവന്‍റെ ഉറവും തീനാവും നവ്യ-
ആത്മീയ തൈലവും നീയേ.

        B ദൈവത്തിന്‍ കൈവിരല്‍ നീയേ
        സ്വര്‍ഗ്ഗത്തില്‍ കൈയ്യൊപ്പും നീയേ
        ജീവന്‍റെ വചസ്സുകള്‍ നാവില്‍ നിത്യം-
        തൂവിത്തരുന്നതും നീയേ.

        B ദീപങ്ങളാമിന്ദ്രിയങ്ങള്‍
        നീ തെളിച്ചീടുന്ന നേരം
        സ്നേഹത്തിന്‍ ശീലുകള്‍ മൂളും ഞങ്ങള്‍
        ശാന്തിഗീതങ്ങളും പാടും.

C മാംസരക്തങ്ങളെ നിന്‍റെ
മാന്ത്രികാംഗുലിയാല്‍ തൊടുമ്പോള്‍
ജീര്‍ണ്ണതയെല്ലാം ഒളിക്കും മന്നില്‍
ജീവചൈതന്യം തുടിക്കും.

C വഴികാട്ടിയായി നീ വന്നാല്‍
ജീവിതവീഥിയില്‍ നിന്നാല്‍
ശത്രുവിന്നണികള്‍ തകര്‍ക്കാന്‍ പാരില്‍
ശക്തിയാര്‍ജ്ജിച്ചിടും ഞങ്ങള്‍.

        D ദൈവത്തെയും പുത്രനെയും
        നിന്നിലൂടറിയുന്നൂ ഞങ്ങള്‍
        അവരുടെ ആത്മാവാം നിന്നില്‍ പാരം
        വിശ്വസിച്ചീടുന്നു ഞങ്ങള്‍.

        D ദൈവപിതാവിന്നും സുതനും
        മൂന്നാമനാകുമങ്ങേയ്ക്കും
        സ്തുതിയായിരിക്കട്ടെയെന്നും എങ്ങും
        സ്തുതിയായിരിക്കട്ടെ എന്നും.

5. ലത്തീൻ മൂലരചനയെക്കുറിച്ച്
ജെര്‍മ്മനിയിലെ മെയിന്‍സ് രൂപതയുടെ മെത്രാനായിരുന്ന റബാനൂസ് മാവുരൂസ് (Rabanus Maurus 776-856) രചിച്ച് സംഗീതാവിഷ്ക്കാരം ചെയ്തതാണ് Veni Creator Spiritus പരിശുദ്ധാത്മ ഗീതം. സഭയുടെ പുരാതന ലത്തീന്‍ ഗാനശേഖരമായ Liber Usualis, അനുദിന ഗാനാഞ്ജലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗീതം കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ്. പെന്തക്കോസ്ത മഹോത്സവം, വൈദികപട്ടം, മെത്രാഭിഷേകം, സ്ഥൈര്യലേപനം തുടങ്ങിയ ശ്രേഷ്ഠമുഹൂര്‍ത്തങ്ങളില്‍ ഉപയോഗിക്കുന്ന ഈ ഗീതം ഭക്തിയോടെ ആലപിക്കുകയോ, ഗദ്യരൂപത്തില്‍ ഉരുവിടുകയോ ചെയ്യുന്നവര്‍ക്ക് പ്രത്യേക അവസരങ്ങളില്‍ (Eg. On the Solemnity of Pentecost) സഭ പൂർണ്ണ പാപമോചനം അനുവദിക്കുന്നുണ്ട്.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2021, 14:24