തിരയുക

Vatican News
വലിയ തിരുമേനി, ആർച്ചുബിഷപ്പ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി, ആർച്ചുബിഷപ്പ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 

വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത “വലിയ തിരുമേനി”ക്ക് അന്ത്യാഞ്ജലി

കേരളത്തിലെ മാർത്തോമാ സഭയുടെ മുൻപരമാദ്ധ്യക്ഷൻ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലംചെയ്തു.

- ഫാദർ വില്യം നെല്ലിക്കൽ 

എല്ലാവർക്കും പ്രിയങ്കരനും നർമ്മരസപ്രിയനുമായിരുന്ന മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം വിശ്രമജീവിതം നയിക്കുകയായിരുന്നു. 104-ാമത്തെ വയസ്സിൽ വാർദ്ധക്യസഹജമായ ആലസ്യങ്ങളാൽ മെയ് 4 ചൊവ്വാഴ്ച തിരുവല്ലയിലുള്ള സഭയുടെ ആശുപത്രിയിൽ അന്തരിച്ചു.

എല്ലാജാതിക്കാർക്കും സഭകൾക്കും
ഒരു “വലിയതിരുമേനി”

“വലിയ തിരുമേനി”യെന്ന് ആദരവോടെ എല്ലാവരും വിളിച്ചിരുന്ന മാർ ക്രിസോസ്റ്റം എല്ലാമതസ്ഥർക്കും എല്ലാത്തരക്കാർക്കും ഒരുപോലെ സ്വീകാര്യനും ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനുമായിരുന്നു. കേരളത്തിലെ ഓർത്തഡോക്സ് സഭാക്കൂട്ടായ്മയിൽനിന്നും പിരിഞ്ഞു രൂപമെടുത്ത മാർത്തോമാസഭയുടെ ഇടയാനായിരുന്നപ്പോഴും സഭകളുടെ കൂട്ടായ്മയിലും ക്രിസ്തുവിലുള്ള ഐക്യത്തിലും നല്ലബോധ്യമുള്ള മാർ ക്രിസോസ്റ്റം പോൾ ആറാമൻ പാപ്പായുടെ ക്ഷണപ്രകാരമാണ് 1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിലെ ഇതര സഭകളിൽനിന്നുള്ള നിരീക്ഷകരിൽ ഒരാളായി വത്തിക്കാനിൽ എത്തിയത്. പിന്നീട് കേരളം സന്ദർശിച്ച ജോൺ പോൾ രണ്ടാമൻ പാപ്പായുമായും 1986-ൽ അദ്ദേഹം വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ജീവിതത്തെ സ്നേഹത്തോടും
നർമ്മരസത്തോടുംകൂടെ കണ്ട അജപാലകൻ

ഒരിക്കൽ തിരുവല്ലയിലെ കുമ്പനാട് "പുലാത്തീൻ" അരമനയിൽ സഭാക്കൂട്ടായ്മയിലെ ഭാര്യയും ഭാർത്താവും തിരുമേനിയെ കാണുവാൻ ചെന്നു. അഭിവാദ്യങ്ങൾ അർപ്പിച്ചുകഴിഞ്ഞ്,  വന്ന കാര്യം ചേദിച്ചപ്പോൾ ദമ്പതികൾ ആവശ്യം ഉണർത്തിച്ചു. തങ്ങളുടെ ദുബായിയിൽ നല്ല ശംബളമുള്ള മകന് അനുയോജ്യയായ ഒരു വധുവിനെ വലിയ തിരുമേനിയുടെ പരിചയത്തിൽ കിട്ടുമോ എന്ന് അന്വേഷിക്കാൻ വന്നതായിരുന്നു.  അദ്ദേഹം ചോദിച്ചു, “വധുവിന്‍റെ പക്ഷത്തുനിന്നും എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?”

തങ്ങൾക്ക് ഒരു ഡിമാന്‍റുമില്ല, നമ്മുടെ സഭാകൂട്ടായ്മയിൽപ്പെട്ട കുട്ടിയായാൽ മതിയെന്നു ആദ്യം പറഞ്ഞെങ്കിലും, പിന്നീട് കണ്ടിഷനുകൾ മല്ലെ പുറത്തുവന്നു.  ധനം, സൗന്ദര്യം, കുടുംബസ്വത്ത്, ഉന്നതകുടുംബം, സാമൂഹ്യനിലവാരം എന്നിങ്ങനെ. പിന്നെ തിരുമേനി അല്പം പുഞ്ചിരിയോടും സ്നേഹത്തോടുംകൂടെ തിരിഞ്ഞു ഭർത്താവിനോടായി  പറഞ്ഞുവത്രേ.  “അല്ലയോ മാത്തച്ചാ, അങ്ങിനെയൊരു പെൻകുട്ടി എന്‍റെ അറിവിൽ എവിടെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ തൊപ്പിയും മാലയുമിട്ട് ഞാൻ ഇവിടെ ഇരിക്കുമായിരുന്നെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ...?”

പിന്നൊന്നും പറയാൻ നില്ക്കാതെ ദമ്പതികൾ ഞൊടിയിടയിൽ അപ്രത്യക്ഷരായെന്നാണ് മാർ ക്രിസോസ്റ്റം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ആദരാഞ്ജലി
സ്നേഹധനനും മനുഷ്യസ്നേഹിയും ജീവിതക്ലേശങ്ങളെയും പ്രതിസന്ധികളെയും നർമ്മരസത്തോടെ കണ്ട മലായാളികളുടെ “വലിയതിരുമേനി”ക്ക്  പ്രാർത്ഥനയോടെ അന്ത്യാഞ്ജലി!

 

05 May 2021, 16:04