പരിശുദ്ധാത്മാവു തെളിയിക്കുന്ന സമകാലീന ജീവിതവഴികൾ
- ഫാദർ വില്യം നെല്ലിക്കൽ
ഒന്ന് :
“ഇന്നിൽ ജീവിക്കുക…” ഇതാണു പരിശുദ്ധാത്മാവു പ്രകാശിപ്പിക്കുന്ന ആദ്യത്തെ ജീവിതവഴി. ഇതിനേക്കാൾ നല്ലൊരു സമയം നമുക്കില്ല. ജീവിതത്തെ ഒരു ദാനമാക്കുവാനും നന്മചെയ്യുവാനുമുള്ള ഒരേയൊരു സമയം ഇപ്പോൾ ഇവിടെയാണ്. അതിനാൽ ഇന്നിനെക്കുറിച്ച് കരുതലുള്ളവരായി നമുക്കു ജീവിക്കാം!
രണ്ട് :
“മൊത്തമായും കാണുക...” ഇതാണ് പരിശുദ്ധാത്മാവു തെളിയിക്കുന്ന രണ്ടാമത്തെ വഴി. വൈവിധ്യത്തിന്‍റെ ശ്രുതിലയത്തിലേയ്ക്കും ഐക്യത്തിലേയ്ക്കും സമവായത്തിലേയ്ക്കും ദൈവാരൂപി നമ്മെ ഉൾച്ചേർക്കുകയാണ്. ഓരോരുത്തരുടേയും സഹോദരീ സഹോദരനായി, ഒരേ ശരീരത്തിന്‍റെ ഭാഗങ്ങളായി നമ്മെത്തന്നെ കാണുവാൻ അവിടുന്ന് ഇടയാക്കുന്നു. അതിനാൽ മൊത്തത്തിൽ കാണുവാൻ നമ്മുടെ കാഴ്ചപ്പാട് വിശാലമാകട്ടെ!
മൂന്ന് :
“എനിക്കും മുന്നേ ദൈവമായിരിക്കട്ടെ...” പരിശുദ്ധാത്മാവു നമുക്കായി തുറക്കുന്ന മൂന്നാമത്തെ വഴിയാണിത്. നമ്മെത്തന്നെ ശൂന്യമാക്കുമ്പോഴാണ് നാം ദൈവത്തിന് ഇടം നല്കുന്നത്. നമ്മെത്തന്നെ കണ്ടെത്താനാകുന്നത് നമ്മെത്തന്നെ നല്‍കുമ്പോഴാണ്. ആത്മാവിൽ ദരിദ്രരാകുന്നതിലൂടെ മാത്രമേ നമുക്ക് പരിശുദ്ധാത്മാവിൽ സമ്പന്നരാകുവാൻ സാധിക്കൂ. അതിനാൽ ജീവിതത്തിൽ നമുക്കു ദൈവത്തിന് ആദ്യസ്ഥാനം നല്കാം!