തിരയുക

മൊസൈക് ചിത്രീകരണം മാർക്ക് രൂപ്നിക് എസ്. ജെ.  :  അബ്രാഹത്തിന്‍റെ  വീട്ടിൽ അതിഥികളായി എത്തിയ മൂന്നു ദൈവിക പുരുഷന്മാർ (ഉല്പത്തി 18, 1-15). മൊസൈക് ചിത്രീകരണം മാർക്ക് രൂപ്നിക് എസ്. ജെ. : അബ്രാഹത്തിന്‍റെ വീട്ടിൽ അതിഥികളായി എത്തിയ മൂന്നു ദൈവിക പുരുഷന്മാർ (ഉല്പത്തി 18, 1-15). 

പരിശുദ്ധത്രിത്വത്തിലെ സ്നേഹബന്ധിതമായ കൂട്ടായ്മ

പരിശുദ്ധ ത്രിത്വ മഹോത്സവത്തിലെ സുവിശേഷചിന്തകൾ : വിശുദ്ധ മത്തായിയുടെ സുവിശേഷം 18, 16-20 ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവം


1. ആമുഖം:
ഇന്ന് നാം പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാൾ ആഘോഷിക്കുകയാണ്. ത്രിത്വത്തിലെ ഒന്നാമനായ പിതാവായ ദൈവം, വിദൂരത്തായിരിക്കുന്ന ഒരു യാഥാർത്ഥ്യമല്ല മറിച്ച്, ത്രിത്വത്തിലെ രണ്ടാമനായ യേശുവിലൂടെ നമുക്ക് പൂർണ്ണമായും വെളിപ്പെടുത്തി, ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവിലൂടെ ഈ ലോകാവസാനംവരെ നമ്മോടൊപ്പം ഉണ്ടായിരിക്കുന്നു. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ത്രീത്വയ്കദൈവത്തിന്‍റെ നാമത്തിലാണ്. അതുപോലെതന്നെ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പുത്രനായ ക്രിസ്തുവിനോടു ചേർന്ന് പിതാവായ ദൈവത്തിന് അർപ്പിക്കുന്നതാണ് ഓരോ ദിവ്യബലിയും. ഈ കൊറോണാ മഹാമാരിയുടെ കെടുതിയിൽ നിന്നുള്ള മോചനത്തിനായും; ത്രിത്വത്തിലെ ഒന്നാകലിന്‍റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഒരു മാനവരാശിയായി, ദൈവത്തിന്‍റെ മക്കളായി, ദൈവത്തിന്‍റെ രൂപവും സാദൃശ്യവുമാണ് നമുക്കുള്ളതെന്ന ആഴമായ ബോധ്യത്തിൽ ജീവിക്കുന്നതിനുള്ള കൃപയ്ക്കായും നമുക്ക് ഇന്നേദിനം പ്രാർത്ഥിക്കാം.

ത്രിത്വൈക ദൈവത്തെ വെളിപ്പെടുത്തുന്ന വചനഭാഗങ്ങളാണ് നാമിന്ന് ശ്രവിച്ചത്. നിയമവാർത്തന പുസ്തകത്തിൽനിന്നുള്ള ഒന്നാം വായനയിൽ ദൈവം ഇസ്രായേൽ ജനത്തെ പരിപാലിച്ച ചരിത്രവും, കർത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തിൽ ഉറപ്പിക്കാനുള്ള നിർദ്ദേശവും നാം ശ്രവിച്ചു. ബഹുദൈവ വിശ്വാസവും, വിഗ്രഹാരാധനയും നിറഞ്ഞുനിന്നിരുന്ന പൂർവ്വ ഇസ്രായേൽ ചരിത്രത്തിൽ ഏകദൈവത്തിൽ അടിയുറച്ച് വിശ്വസിക്കാനും, ആ ദൈവത്തിന്‍റെ മാത്രം ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കാനും തിരുവചനം ആവശ്യപ്പെടുന്നു. തിരുസഭയുടെ വിശ്വാസപ്രമാണം നാം ആരംഭിക്കുന്നതും "ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു" എന്ന് ഏറ്റുചൊല്ലിക്കൊണ്ടാണ്.

2. പരിശുദ്ധ ത്രിത്വത്തിലെ ജീവിതം നൽകുന്ന പ്രത്യേകതകൾ :
ഇന്നത്തെ രണ്ടാമത്തെ വായനയിൽ നാം ഒരുപടികൂടി കടന്ന് ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്മാരാണെന്ന പൗലോസപ്പൊസ്തലന്‍റെ പ്രബോധനം ശ്രവിക്കുന്നു. ഒന്നാംവായന യഹൂദ പശ്ചാത്തലത്തിൽ നിന്നുള്ളതാണെങ്കിൽ രണ്ടാം വായന യേശുവിന്‍റെ ജീവിതത്തിന്‍റെയും, സുവിശേഷത്തിന്‍റെയും, ആദിമ ക്രൈസ്തവ സഭയുടെയും പശ്ചാത്തലത്തിലാണ്. മനുഷ്യനെ ദൈവത്തിന്‍റെ വെറുമൊരു സൃഷ്‌ടിയോ (മറ്റുസൃഷ്‌ടികളെപ്പോലെ), ദാസനോ ആയിട്ടല്ല മറിച്ച്, "ദൈവത്തിന്‍റെ പുത്രന്മാരും പുത്രിമാരുമായിട്ടാണ്" ദൈവാത്മാവ് ഉയർത്തുന്നത്. ദൈവത്തിന്‍റെ പുത്രന്മാർ, പുത്രിമാർ എന്നുള്ള ഈ അവകാശം നമുക്ക് രണ്ടു

3. പ്രത്യേകതകൾ നൽകുന്നുണ്ട്:

1) നാം ദൈവത്തെ ആബാ-പിതാവേ എന്ന് വിളിക്കുന്നു.
2) ദൈവപുത്രനായ യേശുവിന്‍റെ പീഡകളിൽ നാം ഭാഗഭാക്കുകളാകുന്നു.

"സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയിലൂടെയും, നിത്യജീവനിലെ കുരിശുകൾ വഹിച്ചുകൊണ്ട്, യേശുവിന്‍റെ പീഡകളിൽ ഭാഗഭാക്കുകളായും ഈ രണ്ടു പ്രത്യേകതകളും നാം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ട്. ദൈവാത്മാവിനാൽ നയിക്കപ്പെട്ട്, ദൈവത്തെ ആബാ-പിതാവേയെന്ന് വിളിക്കുന്നവൻ ത്രിത്വൈക ദൈവത്തിലാണ് വിശ്വസിക്കുന്നത്. കാരണം, യേശുവാണ് ദൈവത്തെ 'പിതാവേ' എന്ന് വിളിച്ചതും, "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന് അഭിസംബോധനചെയ്തു പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചതും.

4. നാം നേരിടേണ്ടിവരുന്ന പ്രലോഭനം:
ഉത്ഥിതനായ ക്രിസ്തുവും പതിനൊന്നു ശിഷ്യന്മാരും മാത്രമുള്ള ഒരു രംഗമാണ് നാം സുവിശേഷത്തിൽ കണ്ടത്. ക്രിസ്തുവുമായുള്ള ശിഷ്യരുടെ അവസാനത്തെ ഒത്തുചേരലാണ് ഗലീലിയിലെ മലമുകളിൽ നടക്കുന്നത്. ക്രിസ്തുവിന്‍റെ നിർദ്ദേശമനുസരിച്ചാണ് അവർ ജറുസലേമിൽനിന്നും മലമുകളിൽ എത്തിയത്. യഥാർത്ഥത്തിൽ മുറിവേറ്റൊരു കൂട്ടായ്മയാണത്. ഗുരുവിനെ ഒറ്റിക്കൊടുത്തതിന്‍റെയും തള്ളിപ്പറഞ്ഞതിന്റെയും അനുഭവം അവർക്കിടയിലുണ്ട്. യഹൂദരോടുള്ള ഭയത്താൽ കതകടച്ചിരുന്ന ദിനരാത്രങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. ഒരു മുഴം കയറിൽ അവസാനിച്ച യൂദാസിന്‍റെ ചിത്രവും മായാതെ മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ വിശ്വസിക്കുകയും സംശയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു കൂട്ടായ്മ.

സുവിശേഷകൻ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: "അവനെ കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു. എന്നാൽ ചിലർ സംശയിച്ചു". സത്യത്തിൽ ഇതുതന്നെയാണ് പലപ്പോഴും നമ്മുടെ ആത്മീയജീവിതത്തിന്‍റെയും അവസ്ഥ. വിശ്വാസത്തിന്റെയും സംശയത്തിന്റെയും ആപേക്ഷികതയിൽ സമ്മിശ്രമായ ക്രിസ്തുബന്ധം. നമ്മുടെ ഉള്ളിൽ അവനോട് സ്നേഹമുണ്ട്, വിശ്വാസവുമുണ്ട്. എങ്കിലും സംശയത്തിന്‍റെ ഒരു വേട്ടമൃഗം എവിടെയോ പതിഞ്ഞിരിപ്പുണ്ട്. അത് ചിലപ്പോൾ മുന്നിൽ വരുന്നവന്‍റെ മുറിവിൽപോലും വിരലിടുവാൻ നമ്മെ പ്രേരിപ്പിക്കും. എങ്കിലും ദൈവം നമ്മിലേക്ക് വന്നിരിക്കും. ഒരു സംശയത്തിനും അവനെ നിയന്ത്രിക്കാനോ നിർത്തുവാനോ സാധിക്കില്ല. സംശയിച്ചുനിന്ന തന്‍റെ ശിഷ്യരെ സമീപിച്ചതുപോലെ (v.18), നിന്‍റെയും എന്‍റെയും സംശയത്തിന് ഉത്ഥിതനെ നിയന്ത്രിക്കാനാവില്ല.

5. ത്രിത്വൈകം നൽകുന്ന ദൗത്യം:
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ അവസാന വാക്യങ്ങളാണ് നാം ഇന്ന് സുവിശേഷത്തിൽ ശ്രവിച്ചത്. ശിഷ്യന്മാരെ പ്രേക്ഷിതദൗത്യത്തിനായി ഒരുക്കുന്ന യേശു "പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ ജ്ഞാനസ്നാനപ്പെടുത്തുവാൻ പറയുന്നു. യേശുവിന്‍റെ ജ്ഞാനസ്നാനസമയത്തും പിതാവും പരിശുദ്ധാത്മാവും യേശുവിനോടൊപ്പം നിറഞ്ഞുനിൽക്കുന്നു. സ്വർഗം തുറക്കപ്പെടുന്നതും പിതാവായ ദൈവം പരിശുദ്ധാത്മാവിനെ പ്രാവിന്‍റെ രൂപത്തിൽ അയച്ചുകൊണ്ട് "ഇവനെന്‍റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന് പറയുന്നത് നാം സുവിശേഷങ്ങളിൽ കാണുന്നു. അതുകൊണ്ട് തന്നെയാണ് തിരുസഭയിലെ ഓരോ ജ്ഞാനസ്നാനവും ത്രിത്വൈക ദൈവത്തിന്‍റെ നാമത്തിൽ നടത്തപ്പെടുന്നത്.

ചുരുക്കത്തിൽ, പ്രഘോഷണം മാത്രമല്ല ഒരു കടമയുംകൂടി ക്രിസ്തു അനുയായിക്ക് ഉത്ഥിതൻ നൽകുന്നുണ്ടെന്ന് സാരം. 'ജ്ഞാനസ്നാനം നൽകുക' എന്ന ക്രിയ - 'മുക്കുക', 'നിമജ്ജനം' ചെയ്യുക എന്നീ ക്രിയകളുടെ പര്യായമാണ്. ഓരോരുത്തരെയും ദൈവസ്നേഹത്തിൽ മുക്കിയെടുക്കുക; അതാണ് കടമ. അത് പിതാവിന്‍റെ നാമത്തിൽ ചെയ്യണം - കാരണം ലോകത്തിന്‍റെ തുടിപ്പാണ് ദൈവം. പുത്രന്‍റെ നാമത്തിൽ ചെയ്യണം - കാരണം മേരീതനയന്‍റെ നൈർമ്മല്യത്തിലാണ് നമ്മുടെ എല്ലാവരുടെയും നൈതീകത. പരിശുദ്ധാത്മാവിന്‍റെ നാമത്തിൽ ചെയ്യണം - കാരണം, ആർദ്രതയുടെ പൂമ്പൊടി കൊണ്ടുവരുന്ന വിശുദ്ധ തെന്നലാണത്.

6. ഉപസംഹാരം:
നാം വിശ്വസിക്കുന്ന ദൈവം ത്രിത്വൈക ദൈവമാണെന്ന് നമുക്ക് വെളിപ്പെടുത്തിയത് യേശു തന്നെയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹത്തിലൂന്നിയ സ്വഭാവത്തെയും സത്തയെയും കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചകളിലും, വിശേഷ ദിനങ്ങളിലും, ജപമാല പ്രാർത്ഥനയിലും നാം ഏറ്റുചൊല്ലുന്ന വിശ്വാസപ്രമാണം രൂപപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ ഓരോ പ്രവർത്തിയും ത്രീത്വയ്ക ദൈവത്തിന്‍റെ നാമത്തിൽ ആരംഭിക്കുവാൻ ശ്രദ്ധിക്കാം. എല്ലാറ്റിലും ഉപരി 'ഓരോ ദിവസവും' ത്രിത്വൈക ദൈവത്തിന്‍റെ നാമത്തിൽ ആരംഭിക്കുവാൻ മറക്കാതിരിക്കാം.

ആമേൻ.

 പരിശുദ്ധ ത്രിത്വമഹോത്സവത്തിലെ സുവിശേഷചിന്തകൾ.

 ഗാനം ആലപിച്ചത് കെ. ജി. മാർക്കോസും സംഘവുമാണ്. രചനയും സംഗീതവും ഫാദർ തദേവൂസ് അരവിന്ദത്ത്.
 

29 May 2021, 14:15