തിരയുക

നവവാഴ്ത്തപ്പെട്ട വൈദികൻ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ (JOHANN BAPTIST JORDAN), അഥവാ,  കുരിശിൻറെ ജോർദ്ദാൻ മരിയ ഫ്രാൻസീസ്,  ദിവ്യരക്ഷകൻറെ നാമത്തിലുള്ള സന്ന്യാസി-സന്ന്യാസിനി സഭകളുടെ (സാൽവത്തോറിയൻ സമൂഹങ്ങളുടെ) സ്ഥാപകൻ നവവാഴ്ത്തപ്പെട്ട വൈദികൻ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ (JOHANN BAPTIST JORDAN), അഥവാ, കുരിശിൻറെ ജോർദ്ദാൻ മരിയ ഫ്രാൻസീസ്, ദിവ്യരക്ഷകൻറെ നാമത്തിലുള്ള സന്ന്യാസി-സന്ന്യാസിനി സഭകളുടെ (സാൽവത്തോറിയൻ സമൂഹങ്ങളുടെ) സ്ഥാപകൻ 

ദൈവവചനം ജീവിതവെളിച്ചമാക്കിയ വാഴ്ത്തപ്പെട്ട ജൊഹാൻ ബാപ്റ്റിസ്റ്റ്!

സാൽവത്തോറിയൻ സമൂഹങ്ങളുടെ സ്ഥാപകനായ കുരിശിൻറെ ജോർദ്ദാൻ മരിയ ഫ്രാൻസീസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ശനിയാഴ്ച (15/05/21) റോം രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലായിരുന്നു തിരുക്കർമ്മം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവവചന പാരായണവും മനനവും  ആയിരുന്നു നവവാഴ്ത്തപ്പെട്ട വൈദികൻ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻറെ ജീവിതവഴിയിൽ വെളിച്ചം വീശിയിരുന്നതെന്ന് കർദ്ദിനാൾ ആഞ്ചെലൊ ദെ ദൊണാത്തിസ് (Card.Angelo De Donatis).

ദിവ്യരക്ഷകൻറെ നാമത്തിലുള്ള സന്ന്യാസി-സന്ന്യാസിനി സഭകളുടെ (സാൽവത്തോറിയൻ സമൂഹങ്ങളുടെ) സ്ഥാപകനായ വൈദികൻ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ (JOHANN BAPTIST JORDAN), അഥവാ, ജോർദ്ദാൻ കുരിശിൻറെ മരിയ ഫ്രാൻസീസിനെ ശനിയാഴ്ച (15/05/21) റോം രൂപതയുടെ കത്തീദ്രലായ, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രഖ്യാപിച്ച തിരുക്കർമ്മ മദ്ധ്യേ, റോം രൂപതയ്ക്കു വേണ്ടിയുള്ള വികാരിയായ അദ്ദേഹം സുവിശേഷസന്ദേശം നല്കുകയായിരുന്നു. 

നവവാഴ്ത്തപ്പെട്ട ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻറെ ദൈവവിളിയുടെ വിത്ത് തളിരിട്ടത് ഈ തിരുലിഖിത വായനയിലൂടെയും വചന ധ്യാനത്തിലൂടെയും ആയിരുന്നുവെന്ന് കർദ്ദിനാൾ ദെ ദൊണാത്തിസ് വിശദീകരിച്ചു.

മതാത്മകമായ രൂപീകരണത്തിന് ആവശ്യമായ സത്ത നവവാഴ്ത്തപ്പെട്ടവൻ ആർജ്ജിച്ചിരുന്നത് വേദപുസ്തകത്തിൽ നിന്നാണെന്നും എല്ലായ്പോഴും തരുലിഖിതം വായിക്കുക എന്ന് വാഴ്ത്തപ്പെട്ടവൻ സ്വയം പറഞ്ഞിരുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു.

എല്ലാവരെയും രക്ഷിക്കുന്നതിനായി സകലരോടും ദൈവവചനം പ്രഘോഷിക്കുകയും കൂട്ടായ്മയിൽ വർത്തിക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്താപരങ്ങളായിരുന്നുവെന്നും കർദ്ദിനാൾ ദെ ദൊണാത്തിസ് വിശദീകരിച്ചു. 

ജർമ്മൻ സ്വദേശിയായ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ 1848 ജൂൺ 16-ന് അന്നാട്ടിലെ ഗുർട്ട് വയിൽ (Gurtweil) എന്ന സ്ഥലത്ത് ജനിച്ചു. പൗരോഹിത്യത്തോടു പ്രതിപത്തിയുണ്ടായിരുന്നെങ്കിലും സ്വകുടുംബത്തിൻറെ ദാരിദ്ര്യം മൂലം വിവിധ തൊഴിലുകളിൽ ഏർപ്പെടാൻ അദ്ദേഹം നിർബന്ധിതനായി. എന്നിരുന്നാലും വൈദിക ജീവിതമെന്ന സ്വപ്നത്തെ താലോലിച്ചു വളർത്തിയ ജൊഹാൻ സ്വകാര്യമായി പ്രാഥമിക വിദ്യാഭ്യാസവും തുർന്ന് ദൈവശാശ്ത്രം തത്വശാസ്ത്രം എന്നിവയിൽ ബിരുദം നേടുകയും വിവിധ യൂറോപ്യൻ ഭാഷകൾ സ്വായത്തമാക്കുകയും ചെയ്തു.  അവസാനം ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ ജൊഹാൻ സെമിനാരിയിൽ പ്രവേശിക്കുകയും 1878 ജൂലൈ 21-ന് പരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

തുടർന്ന് പൗര്സത്യഭാഷാ പഠനത്തിനായി റോമിലും പിന്നീട് ലെബനനിലെ അയിഴ വ്വാർക്കയിലും എത്തി. വിശുദ്ധ നാട്ടിലായിരിക്കുമ്പോഴാണ് വിശ്വാസ പ്രചാരണത്തിനായി സന്ന്യാസ സമൂഹം സ്ഥാപിക്കാൻ താൻ വിളിക്കപ്പെട്ടിരിക്കുന്നവെന്ന ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായത്.

അങ്ങനെ റോമിലെത്തിയ ജൊഹാൻ 1881 ഡിസമ്പഡ 8-ന് ഇന്ന് സാൽവത്തോറിയൻ സമൂഹം എന്നറിയപ്പെടുന്ന ദിവ്യരക്ഷകൻറെ സന്ന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. ഏഴു വർഷത്തിനു ശേഷം, 1888 ഡിസമ്പർ 8-ന് റോമിനു പുറത്തുള്ള തീവൊളി (Tivoli) എന്ന സ്ഥലത്ത് മാലഖമാരുടെ വാഴ്ത്തപ്പെട്ട മരിയ എന്ന സന്ന്യാസിനിയുടെ സഹായത്തോടെ ദിവ്യരക്ഷകൻറെ സന്ന്യാസിനി സമൂഹവും അദ്ദേഹം ആരംഭിച്ചു.

വിശ്വാസ പ്രചാരണത്തിനായുള്ള വത്തിക്കാൻ സംഘം 1893-ൽ ആസാമിലെ പ്രേഷിതപ്രവർത്തനം സാൽവത്തോറിയൻ സമൂഹത്തിനു ഭരമേല്പിക്കുകയുണ്ടായി.

1902-ൽ ഈ സന്ന്യാസസമൂഹത്തിൻറെ ആജീവനാന്ത പൊതുശ്രേഷ്ഠനായി തിരഞ്ഞെടുക്കപ്പെട്ട നവവാഴ്ത്തപ്പെട്ട ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ സ്വിറ്റസർലണ്ടിലെ ഫ്രീബുർഗിലേക്കു മാറുകയും  1918 സെപ്റ്റംബർ 8-ന് അന്നാട്ടിലെ താഫേഴ്സ് (Tafers) എന്ന സ്ഥലത്ത് വച്ച് മരണമടയുകയും ചെയ്തു.

1956-ൽ അദ്ദേഹത്തിൻറെ ഭൗതികാവിശിഷ്ടങ്ങൾ റോമിലേക്കു മാറ്റുകയും സാൽവത്തോറിയൻ സഭയുടെ പൊതുഭവനത്തിലെ (ജനറലേറ്റ്) കപ്പേളയിൽ അടക്കം ചെയ്യുകയും ചെയ്തു.

 

15 May 2021, 14:22