തിരയുക

കർദ്ദിനാൾ പീറ്റർ ടേർക്സൺ കർദ്ദിനാൾ പീറ്റർ ടേർക്സൺ 

"സൃഷ്ടിയുടെ നന്മകൾ ഭൂമുഖത്തെ സകലർക്കും അവകാശപ്പെട്ടത്…"

ഭക്ഷ്യനീതി സംബന്ധിച്ച യുഎൻ സംഗമത്തിൽ വത്തിക്കാന്‍റെ അഭിപ്രായപ്രകടനം :

- ഫാദർ വില്യം  നെല്ലിക്കൽ 

1. കർദ്ദിനാൾ ടേർക്സൺ വത്തിക്കാന്‍റെ പ്രതിനിധി
മെയ് 26-ന് ബുധാനാഴ്ച യുഎന്നിന്‍റെ ഭക്ഷ്യസംഘടന ഫാവോ (FAO) സംഘടിപ്പിച്ച ആഗോള ഭക്ഷ്യനീതിയെ (foor justice) സംബന്ധിച്ച ഓൺലൈൻ സംഗമത്തിൽ സംയോജിത മാനവപുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ തലവൻ (Prefect of the Dicastery for Integral Human Development)  കർദ്ദിനാൾ പീറ്റർ ടേർക്സൺ അഭിപ്രായ പ്രകടനം നടത്തി..

2. പുറംതള്ളപ്പെടുന്ന പാവങ്ങൾ

ഇന്നിന്‍റെ സാമൂഹിക ചുറ്റുപാടിൽ പ്രത്യേകിച്ച് കോവിഡ്-19 മഹാവ്യാധിയിൽ മനുഷ്യകുലം ക്ലേശിക്കുമ്പോൾ ഭക്ഷ്യകാര്യത്തിലും മറ്റു വിധത്തിലും ഏറ്റവും അധികം ക്ലേശിക്കുന്നത് പാവങ്ങൾതന്നെയെന്ന് കർദ്ദിനാൾ ടേർക്സൺ പ്രസ്താവിച്ചു. ആവശ്യത്തിന് ഭക്ഷണം കിട്ടാതെയും വാങ്ങാനുള്ള സാമ്പത്തികം ഇല്ലാതെയും കൃഷിയിടങ്ങളിൽ ജോലിയില്ലാതെയും, അല്ലാതെതന്നെ ക്ലേശിക്കുന്ന പാവങ്ങൾ തന്നെയാണ് ഈ മഹാവ്യാധിക്കാലത്ത് ഏറ്റവും അധികം ക്ലേശിക്കുന്നതെന്ന് കണക്കുകളോടെ കർദ്ദിനാൾ ടേർക്സൺ അഭിപ്രായപ്പെട്ടു. ഇതുവഴി 2030-ാമാണ്ടിൽ യുഎൻ ലക്ഷ്യംവച്ചിരിക്കുന്ന സുസ്ഥിതി വികസന പദ്ധതിയുടെ (UN Sustainable Development Goal) പൂജ്യംവിശപ്പ് (zero hunger) എന്ന മോഹവും പാളിപ്പോവുകയാണെന്ന്  അദ്ദേഹം  അഭിപ്രായ പ്രകടനത്തിൽ ചൂണ്ടിക്കാട്ടി.

3. മാനവികതയുടെ അപമാനം
ഫാവോയുടെ കണക്കുകൾ പ്രകാരം 15 കോടിയോളം പാവങ്ങൾ കോവിഡ് കാലത്തോടെ ഭക്ഷണത്തിന്‍റെ കാര്യത്തിൽ അരക്ഷിതാവസ്ഥയിൽ അമർന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ മാനവികതയെ സംബന്ധിച്ച് ദാരിദ്ര്യം ഒരു സാമൂഹ്യദുരന്തം മാത്രമല്ല വിശ്വസാഹോദര്യത്തിന്‍റെ കാഴ്ചപ്പാടിൽ അത് വലിയ അപമാനമാണ്. കാരണം കുറെപ്പേർ വിശപ്പടക്കി ജീവിക്കുമ്പോൾ അധികം പേർ പൊരിവയറോടെ ഉറങ്ങാൻ പോകുന്നത് മാനവികതയ്ക്ക് അപമാനം തന്നെയാണെന്നും വത്തിക്കാന്‍റെ പ്രതിനിധി സമർത്ഥിച്ചു.

4. തകരുന്ന ജനാധിപത്യമൂല്യങ്ങൾ
ദാരിദ്യത്തിന്‍റെ മൂലകാരണം ഭക്ഷ്യദൗർലഭ്യം മാത്രല്ല, രാഷ്ട്രങ്ങളിൽ ഉയർന്നു കാണുന്ന ജനാധിപത്യ സംസ്കാരത്തിന്‍റെ തകർച്ച, അഭ്യന്തര കലാപങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും, പാരിസ്ഥിതിക വിനാശം, വ്രണിതാക്കളും പാവങ്ങളുമായവരെ പരിത്യജിക്കുന്ന സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങൾ എന്നിവയാണ് വർദ്ധിച്ച ഭക്ഷ്യ അനീതിക്കു പിന്നിലെന്നും കർദ്ദിനാൾ ടേർക്സൺ വിശദീകരിച്ചു.

5. എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരം
ഇതിനു പരിഹാരം മനുഷ്യാന്തസ്സ് എക്കാലത്തും വെല്ലുവിളിക്കുന്ന എല്ലാവരെയും ആശ്ലേഷിക്കുന്ന ഒരു നവമാനവികതയാണെന്ന് “എല്ലാവരും സഹോദരങ്ങൾ” (Fraterlli Tutti 127) എന്ന ചാക്രികലേഖനത്തിൽ പാപ്പാ ഫ്രാൻസിസ് പറയുന്ന ആശയം കർദ്ദിനാൾ പ്രഭാഷണത്തിൽ ഉദ്ധരിച്ചു. അതിനാൽ കൂടുതൽ പാവങ്ങളെ ഉൾക്കൊള്ളുന്നതും, ആശ്ലേഷിക്കുന്നതും സുസ്ഥിതിപൂർണ്ണവുമായ ഭക്ഷ്യ നീതി സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ വിഭാവനംചെയ്യണം എന്ന അഭിപ്രായ പ്രകടനത്തോടെയാണ് കർദ്ദിനാൾ ടേർക്സൺ പ്രഭാഷണം ഉപസംഹരിച്ചത്.

 

27 May 2021, 14:48