ആർച്ചുബിഷപ്പ് അനന്തരായർക്ക് അന്ത്യാഞ്ജലി
- ഫാദർ വില്യം നെല്ലിക്കൽ
1. സ്നേഹമുള്ള നല്ലിടയൻ
മെയ് 4-ന് ചെന്നൈയിലെ സെന്‍റ് തോമസ് ആശുപത്രിയിൽ കോവിഡ്-19 ചികിത്സയിലായിരിക്കെ ശ്വാസതടസ്സം മൂർച്ഛിച്ചാണ് ആർച്ചുബിഷപ്പ് അനന്തരായർക്ക് അന്ത്യം സംഭവിച്ചത്. ലാളിത്യമാർന്ന ജീവിതശൈലികൊണ്ടും അജപാലന തീക്ഷ്ണതകൊണ്ടും തമിഴ്മക്കൾക്ക് പ്രിയങ്കരനായ ആർച്ചുബിഷപ്പ് അനന്തരായരുടെ അന്തിമോപചാര ശുശ്രൂഷകൾ അമലോത്ഭവനാഥയുടെ നാമത്തിൽ പോണ്ടിച്ചേരിയിലുള്ള ഭദ്രാസനദേവാലയത്തിൽ മെയ് 5-ന് നടത്തുകയുണ്ടായി.
2. ഹ്രസ്വ ജീവിതരേഖ
1945-ൽ അനന്തരായർ പോണ്ടിച്ചേരിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അതിരൂപതയുടെ സെമിനാരിയിൽ ചേർന്നു പഠിച്ചു. തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങൾ ബാംഗളൂരിലെ സെന്‍റ് പീറ്റേഴ്സ് സെമിനാരിയിലായിരുന്നു.
1971-ൽ പൗരോഹിത്യം സ്വീകരിച്ചു.
1972-76 കാലയളവിൽ ഫാദർ അനന്തരായർ പോണ്ടിച്ചേരിയിലെ സെന്‍റ് ജോസഫ്സ് ബോർഡിങ്ങിന്‍റെ ഡയറക്ടറായി സേവനംചെയ്തു. തുടർന്ന് ബാംഗളൂരിലെ സെന്‍റ് പീറ്റേഴ്സ് സെമിനാരിയിലെ പ്രഫസറായി നിയമിതനായി. അവിടെ മൂന്നു വർഷക്കാലം സെമിനാരിയുടെ റെക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1984-96 കാലയളവിൽ ഫാദർ അനന്തരായർ ഭാരതത്തിലെ ലത്തീൻ സഭയുടെ കാനോന നിയമയ വ്യാഖ്യാനത്തിനുള്ള കമ്മിഷന്‍റെ ചെയർമാനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
1997-ൽ ഊട്ടിയുടെ മെത്രാനായി നിയമിതനായി.
2004-ലാണ് പോണ്ടിച്ചേരി-കടലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടത്.
2006-2015 ദേശീയ കാനോന നിയമ കമ്മിഷന്‍റെ ചെയർമാനായി രണ്ടാമൂഴവും നിയമിതനായി.
2021-ൽ 75-വയസ്സെത്തി അതിരൂപതാ ഭരണത്തിൽനിന്നും വിരമിച്ചു.
3. അന്ത്യാഞ്ജലി
അഞ്ചുപതിറ്റാണ്ടിൽ അധികം നീണ്ട ധന്യമായ അജപാലന സമർപ്പണം കാഴ്ചവച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ് അനന്തരായർ നിത്യതയിലേയ്ക്കു കടന്നത്. ഭാരതസഭയുടെ ഈ നല്ലിടയന് പ്രാർത്ഥനാപൂർവ്വം അന്ത്യാഞ്ജലി അർപ്പിക്കുന്നു!