തിരയുക

മനുഷ്യഹൃദയങ്ങളിലേയ്ക്ക്  ആരോഹണംചെയ്യുന്നവൻ... മനുഷ്യഹൃദയങ്ങളിലേയ്ക്ക് ആരോഹണംചെയ്യുന്നവൻ... 

മനുഷ്യ മനസ്സുകളിലേയ്ക്ക് ആരോഹണംചെയ്യുന്ന ക്രിസ്തു

സ്വർഗ്ഗാരോഹണ മഹോത്സവത്തിലെ സുവിശേഷചിന്തകൾ - വിശുദ്ധ മർക്കോസിന്‍റെ സുവിശേഷം 16, 15-20. ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

സ്വർഗ്ഗാരോഹണ മഹോത്സവം


1. ആമുഖം:
യേശുവിന്‍റെ സ്വർഗാരോഹണം നമ്മെ ഓർമ്മിപ്പിക്കുന്നത് നാമും സ്വർഗ്ഗരാജ്യത്തിന് അവകാശികളാണെന്നാണ്. ഇന്നത്തെ വായനകളിലും സുവിശേഷത്തിലും നിറഞ്ഞുനിൽക്കുന്നത് സ്വർഗ്ഗാരോപിതനായ യേശു നമുക്ക് നൽകുന്ന നിർദ്ദേശങ്ങളും വാഗ്ദാനങ്ങളുമാണ്. നാം അർപ്പിക്കുന്ന ദിവ്യബലി സ്വർഗീയ ജെറുസലേമിന്‍റെ മുന്നാസ്വാദനമാണ് എന്നത് മറക്കാതിരിക്കാം.

2. സ്വർഗ്ഗാരോഹണം മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും:
യേശുവിന്‍റെ സ്വർഗ്ഗാരോഹണം ചിത്രീകരിക്കാനായി മർക്കോസ് കുറെയധികം പദങ്ങൾ ഉപയോഗിക്കുന്നില്ല. ഒറ്റവാക്യത്തിലാണ് സുവിശേഷകൻ ആ സംഭവത്തെ വ്യക്തമാക്കുന്നത്: "കർത്താവായ യേശു അവരോട് സംസാരിച്ചതിനുശേഷം, സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായി". പക്ഷേ സുവിശേഷകൻ ഈ ഭാഗം പറഞ്ഞിരിക്കുന്നത് യേശു അപ്പോസ്തലന്മാരോട് 'പ്രേക്ഷിത ദൗത്യത്തെ' കുറിച്ച് വിവരിക്കുന്ന ഭാഗത്തിനും, അപ്പോസ്തലന്മാർ ആരംഭിക്കുന്ന 'പ്രേഷിത പ്രവർത്തന'ത്തെപ്പറ്റി പരാമർശിക്കുന്ന ഭാഗത്തിനും ഇടയിലാണ്. അതേസമയം, സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതിന് മുൻപ് യേശുവും ശിഷ്യന്മാരുമായുള്ള ഈ കണ്ടുമുട്ടലിനെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് കാണാൻ സാധിക്കും.

ചോദ്യം 1: ശിഷ്യന്മാരുടെ, അതായത് 'നമ്മുടെ' വിളിയും ദൗത്യവും എന്താണ്?
ഉത്തരം: ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക.
"സകല സൃഷ്ടികളോടും" എന്നുദ്ദേശിക്കുന്നത്, ഈ പ്രപഞ്ചം മുഴുവന്‍റെയും നാഥനും, ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നതും കർത്താവായ ക്രിസ്തുവാണെന്ന് (Cosmic Christ) കാണിക്കുവാനാണ്. അതോടൊപ്പം സ്വർഗാരോഹണം നസ്രായനായ യേശുവിന്‍റെ അവസാനമല്ല ആരംഭമാണെന്നും വ്യക്തമാക്കുന്നു.

ചോദ്യം 2: സുവിശേഷ പ്രഘോഷണത്തിന്‍റെ ഫലമെന്താണ്?
ഉത്തരം: വിശ്വാസവും ജ്ഞാനസ്നാനവും.
ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതും അതിനെ തുടർന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്നതും ആദിമ ക്രൈസ്തവ സഭയുടെ സാഹചര്യത്തിൽ സാധാരണമാണ്. രക്ഷയുടെ അളവുകോൽ വിശ്വാസമാണ്. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടുമെന്ന് പറയുന്നത് - ദൈവത്തിൽനിന്ന് അകന്ന് ജീവിക്കുവാൻ തീരുമാനിച്ച വ്യക്തിയുടെ ജീവിതവും അതിന്‍റെ അവസാനവുമാണ്.

ചോദ്യം 3: സുവിശേഷ പ്രഘോഷണഫലമായുണ്ടാകുന്ന വിശ്വാസത്തിന്‍റെ അടയാളങ്ങളെന്താണ്?
ഉത്തരം: പിശാചുക്കളെ ബഹിഷ്കരിക്കുന്നത്, പുതിയ ഭാഷകൾ സംസാരിക്കുന്നത്, വിഷമേൽക്കാതിരിക്കുന്നത്, രോഗികളെ സൗഖ്യപ്പെടുത്തുന്നത്.
യേശു പറഞ്ഞ ഈ അടയാളങ്ങൾ സംഭവിക്കുന്നത് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം കാണുന്നുണ്ട്. ഭാവിഫലം പ്രവചിക്കുന്ന കുട്ടിയിൽനിന്ന് വിശദ്ധ പൗലോസ് ദുരാത്മാവിനെ പുറത്താക്കുന്നത് (അപ്പ.16:16-18), വ്യത്യസ്‌ത ഭാഷകളിൽ സംസാരിക്കുന്നത് (അപ്പ. 2:2-11), മാൾട്ടയിൽവച്ച് പൗലോസ് അപ്പസ്തോലന്‍റെ കൈയിൽ പാമ്പ് ചുറ്റുന്നത് (അപ്പ. 28:3-6), അതോടൊപ്പം, അപ്പോസ്തലന്മാരിലൂടെ നൽകപ്പെടുന്ന നിരവധിയായ രോഗസൗഖ്യങ്ങളും.

3. കാലഘട്ടത്തിന്‍റെ ഭാഷാവരം :
യേശു വാഗ്ദാനം ചെയ്ത ഈ അടയാളങ്ങൾ ഇന്ന് നമ്മിലൂടെ നിറവേറ്റപ്പെടേണ്ടിയിരിക്കുന്നു. ജീവിതത്തെ നശിപ്പിക്കുന്ന, നിരാശപ്പെടുത്തുന്ന, തിരുസഭയെ തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിന്‍റെ പൈശാചിക ശക്തികളെ എതിർക്കാനും നശിപ്പിക്കാനും ഈ വചനം നമ്മെ ധൈര്യപ്പെടുത്തുന്നുണ്ട്. ആധുനിക മനുഷ്യന് മനസിലാകുന്ന, ആധുനിക മനുഷ്യനെ മനസിലാക്കുന്ന പുതിയ വാക്കുകളും ഭാഷയും സമ്പർക്കവും നാം വളർത്തിയെടുക്കണം. കാലഘട്ടത്തിന്‍റെ അടയാളങ്ങൾ മനസിലാക്കി, ഇന്നത്തെ മനുഷ്യന് മനസിലാകുന്ന വിധത്തിൽ സുവിശേഷം പ്രസംഗിക്കുന്നതാണ് ഈ കാലഘട്ടത്തിന്‍റെ ഭാഷാവരം. സർപ്പത്തോടും വിഷദ്രാവകങ്ങളോടും ഉപമിക്കാവുന്ന ഈ കാലഘട്ടത്തിലെ എത്ര വിഷമയമായ തിന്മയ്ക്കും ആത്മീയ മനുഷ്യനെ നശിപ്പിക്കാൻ സാധിക്കുകയില്ലെന്നും ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

4. വിളിയും ദൗത്യവും പൂർത്തിയാക്കുക :
തന്‍റെ പീഡാനുഭവവും മരണവും ഉത്ഥാനവും സ്വർഗ്ഗാരോഹണവുംവഴി നമുക്കും സ്വർഗത്തിലേക്കുള്ള വഴി ഈ ഭൂമിയിൽ യേശു കാണിച്ചു തന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഇന്നത്തെ ഒന്നാം വായനയുടെ അവസാനവാക്യത്തിൽ മാലാഖമാർ ചോദിക്കുന്നത് - "അല്ലയോ ഗലീലിയരേ..., നിങ്ങൾ ആകാശത്തിലേയ്ക്ക് നോക്കി നിൽക്കുന്നതെന്ത്? നിങ്ങളിൽനിന്ന് സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ട യേശു സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നത് നിങ്ങൾ കണ്ടതുപോലെ തന്നെ തിരിച്ചു വരും". അതിന്‍റെ അർത്ഥം, നമ്മുടെ കടമ ആകാശത്തിലേയ്ക്ക് നോക്കി നില്ക്കുകയല്ല, മറിച്ച് ഈ ഭൂമിയിൽ യേശു നമ്മെ ഏൽപ്പിച്ച 'വിളിയും ദൗത്യവും' പൂർത്തിയാക്കുകയാണ്.

5. ഉപസംഹാരം:
ഇവിടെ ഓർക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്, യേശുവിന്‍റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള കടന്നുപോകലായിട്ടാണ് യോഹന്നാന്‍റെ സുവിശേഷമൊഴികെ മറ്റെല്ലാ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. അതായത്, യോഹന്നാന്‍റെ സുവിശേഷത്തിൽ യേശുവിന്‍റെ സംഭാഷണങ്ങളിലാണ് സ്വർഗ്ഗാരോഹണം ഒരു വിഷയമാകുന്നത്. ഒരു സംഭവമായി അത് ചിത്രീകരിക്കുന്നില്ല. ഇവിടെ, യേശു ആരോഹണം ചെയ്തു എന്നത് പ്രഘോഷണമാണ്, പക്ഷേ അത് മേഘങ്ങൾക്കുള്ളിലേക്കാണോ, അതോ നമ്മുടെ ഓരോരുത്തരുടെയും സ്വത്വത്തിന്‍റെ ആഴത്തിലേക്കാണോ എന്നതുമാത്രമാണ് സംശയം. സ്നേഹമുള്ളവരേ, അവിടുന്നു സംവഹിക്കപ്പെട്ടത് ആകാശവിതാനങ്ങൾക്കപ്പുറത്തേക്കല്ല, അവനെ സ്നേഹിച്ചവരുടെ ഹൃദയത്തിനുള്ളിലേക്കാണ്. കൺമുന്നിൽനിന്നും മറഞ്ഞു എന്ന കാരണത്താൽ അവന്‍റെ നന്മകളൊന്നും അവസാനിക്കുന്നില്ല. കാരണം അവൻ സംവഹിക്കപ്പെട്ടിരിക്കുന്നത് ഓരോ ശിഷ്യരുടെയും, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്കാണ്.  ആമേൻ.

ഗാനമാലപിച്ചത് വിജയ് യേശുദാസാണ്. രചന ജെസ്സി ജോസഫ്, സംഗീതം ജെർസൺ ആന്‍റെണി.

പെസഹാക്കാലം ആറാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകൾ
 

15 May 2021, 15:11