തിരയുക

 റോമിലുള്ള ദൈവിക കരുണയുടെ ദേവാലയത്തിൻറെ, പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിൻറെ  ഉൾവശം റോമിലുള്ള ദൈവിക കരുണയുടെ ദേവാലയത്തിൻറെ, പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിൻറെ ഉൾവശം  

ദൈവിക കരുണയുടെ ഞായർ, പാപ്പായുടെ ദിവ്യബലി!

ദൈവിക കരുണയുടെ ഞായർ- 11 ഏപ്രിൽ 2021

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവിക കാരുണ്യഞായർ തിരുന്നാൾക്കുർബ്ബാന മാർപ്പാപ്പാ റോമിൽ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിൽ (chiesa di Santo Spirito in Sassia) ഞായറാഴ്‌ച (11/04/21) അർപ്പിക്കും.

തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഫ്രാൻസീസ് പാപ്പാ 1994 മുതൽ ദൈവിക കാരുണ്യത്തിനു സമർപ്പിതവും വത്തിക്കാന് സമീപത്തുള്ളതുമായ ഈ ദേവാലയത്തിൽ ദൈവികകാരുണ്യ ഞായർ ദിവ്യബലി അർപ്പിക്കുന്നത്.

പ്രാദേശിക സമയം രാവിലെ 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധ കുർബ്ബാന ആരംഭിക്കും.

കോവിദ് 19 രോഗപ്രതിരോധ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇതിൽ പങ്കുകൊള്ളുന്ന വിശ്വാസികളുടെ എണ്ണം 80-ൽ താഴെയായി നിജപ്പെടുത്തിയിരിക്കുന്നു. തടവുകാർ, ഈ ദേവാലയത്തിനടുത്ത് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ, അംഗവൈകല്യം സംഭവിച്ചവർ, സിറിയ, നൈജീരിയ ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ, കുടിയേറ്റക്കാർ എന്നിവരുടെ പ്രാതിനിദ്ധ്യം ഈ ദിവ്യബലിയിൽ ഉണ്ടായിരിക്കും. 

ദൈവിക കരുണയുടെ ജൂബിലിവർഷത്തിൽ പാപ്പാ പ്രത്യേകം നിയോഗിച്ച ആയിരത്തിലേറെ വരുന്ന കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികരെ പ്രതിനിധാനം ചെയ്യുന്ന ഏതാനും ദൈവികരുണയുടെ പ്രേഷിത വൈദികർ സഹകാർമ്മികരായിരിക്കും.

ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്നു തുടങ്ങുന്ന മദ്ധ്യാഹ്ന പ്രാർത്ഥന പാപ്പാ ഈ ദിവ്യബലിയുടെ അവസാനം നയിക്കും.  

അനുവർഷം ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ദൈവിക കാരുണ്യ ഞായർ ആചരിക്കപ്പെടുന്നത്.

ദൈവിക കാരുണ്യത്തിൻറെ പ്രേഷിതയായ മരിയ ഫൗസ്തീന കൊവ്വാത്സക്ക യെ രണ്ടായിരാമാണ്ടിൽ ഏപ്രിൽ 30-ന് വിശുദ്ധയായി പ്രഖ്യാപിച്ച അന്നുതന്നെയാണ്, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ദൈവിക കാരുണ്യ ഞായർ ആചരണം സഭയിൽ ഏർപ്പെടുത്തിയത്. 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2021, 15:09