തിരയുക

അർണ്ണോസ് പാതിരിയുടെ കാവ്യശില്പം “ഉമ്മയുടെ ദുഃഖം” നാട്യാവിഷ്ക്കാരം

ഫാദർ പോൾ പൂവത്തിങ്കൽ സി.എം.ഐ. സംഗീതാവിഷ്ക്കാരവും ആലാപനവും..

- ഫാദർ വില്യം  നെല്ലിക്കൽ 

തൃശൂർ  ഗാനചേതന സംഗീത അക്കാഡമി ഒരുക്കിയ അർണ്ണോസ് പാതിരിയുടെ (1681-1732) കാവ്യശില്പം, “ഉമ്മയുടെ ദുഃഖ”ത്തിന്‍റെ സംഗീത-നൃത്താവിഷ്ക്കാരമാണിത്.

സംഗീതാവിഷ്ക്കാരം – ഫാദർ പോൾ പൂവത്തിങ്കലും ഡോ. അബ്ദുൾ അസ്സീസും.
പശ്ചാത്തലസംഗീതം – പോളി തൃശൂർ
ആലാപനം – ഫാദർ പോൾ പൂവത്തിങ്കലും സംഘവും.
അവതരണവും നിർമ്മാണവും - തൃശൂർ ചേതന ഗാനാശ്രമം.

ഉമ്മയുടെ ദുഃഖം

1.അമ്മ കന്യാമാണി തന്‍റെ നിർമ്മല ദുഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും

2. ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൽകാനെ ചിന്തിച്ചു കൊൾവാൻ ബുദ്ധിയും പോരാ

3. സർവ്വ മാനുഷർക്കു വന്ന സർവ്വ ദോഷതരത്തിന്നായ് 
സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
സർവ്വ നന്മ കടലോന്‍റെ സർവ്വ പങ്കപ്പാട് കണ്ടു
സർവ്വ ദുഃഖം നിറഞ്ഞുമ്മ പുത്രനെ നോക്കി

4. എൻ മകനെ നിർമ്മലനെ നന്മയെങ്ങും നിറഞ്ഞോനേ
ജന്മ ദോഷത്തിന്‍റെ ഭാരം പൊഴിച്ചൊ പുത്രാ

5. ചിന്തയുറ്റങ്ങുപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുറിച്ചോ പുത്രാ  

6. വിണ്ണിലോട്ടു നോക്കി നിന്‍റെ കണ്ണിലും നീ ചോര ചിന്തി
മണ്ണുകൂടെ ചോരയാലേ നനച്ചോ പുത്രാ

7. ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ

8. എത്രനാളായ് നീയവനെ വാർത്തുപാലിച്ചു നീചർ
ശത്രു കൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ

9. ആളുമാറി അടിച്ചയ്യോ ധൂളി നിന്‍റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ

10. ഉള്ളിലുള്ള വൈരമോടെ യുദർ നിന്‍റെ തലയിന്മേൽ
മുള്ളു കൊണ്ട് മുടി വെച്ച് തറച്ചോ പുത്രാ

11. ഈയതിക്രമങ്ങൾ ചെയ്യുവാനായ് നീയവരോടെന്തു ചെയ്തു
നീയനന്ത ദയായല്ലോ ചെയ്തു പുത്രാ

12. ഈ മഹാപാപികൾ ചെയ്ത ഈമഹാ നിഷ്ഠൂര കൃത്യം
നീ മഹാ കാരുണ്യത്തോടെ ക്ഷമിച്ചോ പുത്രാ

13. വലഞ്ഞു വീണെഴുനേറ്റു കൊലമരം ചുമ്മന്നയ്യോ
കോല മല മുകളിൽ നീ അണഞ്ഞോ പുത്രാ

14. കണ്ണിനാനന്ദകരനാം   ഉണ്ണി നിന്‍റെ തിരുമേനി
മണ്ണുവെട്ടി കിളക്കുമ്പോൽ മുറിച്ചോ പുത്രാ

15. മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്‌
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ

16. ആദി ദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദി നാഥാ മോക്ഷവഴി തെളിച്ചോ പുത്രാ

17.ആദി നാഥാ കുരിശിന്മേൽ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്‍റെ കരമെല്ലാം വലിയുന്നു
പ്രാണവേദന സകലം നീ സഹിച്ചോ പുത്രാ

18. ഓമനയേറുന്ന നിന്‍റെ തിരുമുഖഃ ഭംഗി കണ്ടാൽ
ഈമഹാ പാപികൾക്ക് തോന്നുമോ പുത്രാ

ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗി കണ്ടാൽ
കണ്ണിനന്ദകരം ഭാഗ്യ സുഖമേ പുത്രാ

19. സർവ്വലോക നാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വ ദുഃഖ കടലിന്‍റെ നടുവിൽ ഞാൻ വീണുതാണു
സർവ്വ സന്താപങ്ങളെല്ലാം പറവൂ പുത്രാ

20. നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൽ
ഈ മഹാദുഖങ്ങളൊക്കെ തണുയ്ക്കും പുത്രാ
നിൻ മനസ്സിനിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻ
എൻ മനസ്സിൽ തണുപ്പില്ല നിർമ്മല പുത്രാ

21. അമ്മകന്നി നിന്‍റെ ദുഃഖം പാടിവന്നപേക്ഷിച്ചു
എൻ മനോതാപം കളഞ്ഞു തെളിക്ക തായേ

22.നിൻ മകന്‍റെ ചോരയാലെ എന്മനോദോഷം കഴുകി
വെണ്മ നല്കിടേണമെന്നിൽ നിർമ്മല തായേ ...

ഫാദർ പോൾ പൂവത്തിങ്കൽ, ഗാനചേതന തൃശൂർ അവതരിപ്പിച്ച അർണോസ് പാതിരി രചിച്ച  “ഉമ്മയുടെ ദുഃഖം” കാവ്യശില്പത്തിന്‍റെ  സംഗീത-നൃത്താവിഷ്ക്കാരം

ഏവർക്കും പ്രാർത്ഥനാപൂർവ്വം പെസഹായുടെ ആശംസകൾ!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2021, 14:44