തിരയുക

അതിരുകൾ കടന്നെത്തുന്ന ഉത്ഥിതന്‍റെ സ്നേഹം

ആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ നല്കിയ ഉയർപ്പുതിരുനാൾ സന്ദേശം :

1. കുരിശ് സ്നേഹത്തിന്‍റെ വിദ്യാപീഠം
ഉത്ഥിതനായ ക്രിസ്തുവിൽ അനുഗ്രൃഹീതരായ പ്രിയ സഹോദരരേ,
വി. ഫ്രാന്‍സിസ് ദേ സാലസ് പറയുന്നു ''സ്‌നേഹത്തിന്‍റെ വിദ്യാപീഠം കാല്‍വരിക്കുന്നും യേശുവിന്‍റെ ഒഴിഞ്ഞ കല്ലറയുമാണ്. നമ്മോടുള്ള ഒടുങ്ങാത്ത സ്‌നേഹത്താല്‍ അവിടുന്നു കാല്‍വരിക്കുന്നില്‍ പാപത്തെ കീഴടക്കി ക്രൂശിതനായി മരിച്ചു. ഈ സ്‌നേഹംകൊണ്ട് തന്നെയാണ് അവിടുന്ന് മരണത്തെ കീഴടക്കി കല്ലറ ഭേദിച്ചുകൊണ്ട് ഉത്ഥാനം ചെയ്തതും. '' നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഉത്ഥിതന്‍റെ ഈ സ്‌നേഹം അനുഭവവേദ്യമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ഉത്ഥാന തിരുനാള്‍ മംഗളങ്ങള്‍!

2. അസ്തമിക്കാത്ത സ്നേഹം
ഏറ്റവും ആദ്യത്തെ ഉയിര്‍പ്പു ഞായര്‍ നമ്മെ പഠിപ്പിക്കുന്നത് ജീവന്‍ ഒരിക്കലും അവസാനിക്കുന്നില്ല, സ്‌നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതന്‍ നമ്മില്‍ ജീവിക്കുമ്പോള്‍ നമ്മില്‍നിന്ന് സ്‌നേഹത്തിന്‍റേയും കരുണയുടേയും നീര്‍ച്ചാല്‍ ഒഴുകുവാന്‍ തുടങ്ങും. ഈ നീര്‍ച്ചാല്‍ അനേകര്‍ക്ക് ജീവന്‍റെ തുടിപ്പു നല്‍കും. നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ജീവന്‍റെ തുടിപ്പ് നല്‍കുന്ന കരുണയുടേയും സ്‌നേഹത്തിന്‍റേയും നീര്‍ച്ചാല്‍ നമ്മില്‍നിന്ന് ഒഴുകട്ടെ.

3. ഉത്ഥാനം ആദ്യ സ്നേഹത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്
പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ പറയുന്നു: ''ഉത്ഥാനത്തിന്‍റെ സുവിശേഷം വളരെ വ്യക്തമാണ്: യേശു ഉയര്‍ത്തെന്നു കാണുവാനും അവിടുത്തെ ഉത്ഥാനത്തിന് സാക്ഷികളുമാകാന്‍ നാം തുറന്നുകിടക്കുന്ന ലോകത്തിലെ ഏക കല്ലറയിലേക്ക് പോകേണ്ടതുണ്ട്. ഇത് ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചു പോക്കല്ല; ഇത് കഴിഞ്ഞുപോയ കാലത്തെ ഒരു സുഖമുള്ള സ്മരണയുമല്ല. മറിച്ച് ഇത് ആദ്യ സ്‌നേഹത്തിലേക്കുള്ള തിരിച്ചുപോക്കാണ്. യേശുനാഥന്‍ കൊളുത്തിയ സ്‌നേഹാഗ്നി സ്വീകരിച്ചുകൊണ്ട്, ഈ സ്‌നേഹം എല്ലാ ജനതകളിലേക്കും, ലോകാതിര്‍ത്തികൾവരെയും എത്തിക്കാനുള്ള ക്ഷണമാണ് ഉത്ഥാനത്തിരുനാള്‍ നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്.

4. ഉത്ഥിതനിൽ പ്രത്യാശ  അർപ്പിക്കാം!
'' പ്രതീക്ഷയുടെ തിരിയണഞ്ഞ ഈ കാലഘട്ടത്തില്‍ അനിശ്ചിതത്വത്തിന്‍റെ സ്‌നേഹമില്ലായ്മയുടെ ഇരുട്ട് നമ്മെ ഭയപ്പെടുത്തുകയും മുന്നോട്ടു പോകുന്നതില്‍നിന്ന് നമ്മെ തടയുന്നുമുണ്ട്. എന്നാല്‍ ഇവിടെയാണ് പാപത്തെയും മരണത്തെയും ജയിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തുവിനെ നാം നോക്കേണ്ടത്. വലിയ വെളിച്ചവും ആ വെളിച്ചത്തില്‍നിന്ന് വിവരിക്കാനാവാത്ത സമാധാനവും പ്രത്യാശയും നമ്മുടെ മാനസങ്ങളില്‍ തീര്‍ച്ചയായും നിറയും. ഇവിടെ ആശങ്കകളും അനിശ്ചിതത്വങ്ങളും പ്രത്യാശയ്ക്ക് വഴിമാറുന്നു. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16-ാം അധ്യായം 31-ാം തിരുവചനം നമ്മുടെ മനസ്സില്‍ എപ്പോഴും ഉണ്ടാകണം. ''കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും. '' യോഹന്നാന്‍റെ സുവിശേഷത്തില്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ നമ്മോട് ഇപ്രകാരമാണ് പറയുന്നത്; ''ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്.'' എന്നാണ്.

5. നമ്മെ കീഴടക്കിയ ക്രിസ്തുവിന്‍റെ സ്നേഹം
ധന്യനായ ഫുള്‍ട്ടന്‍ ജെ ഷീന്‍ പറയുന്നത് ഇപ്രകാരമാണ്; ക്രിസ്തുവിന്‍റെ കുരിശിന് കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു; ക്രിസ്തുവിന്‍റെ ഉത്ഥാനമാണ് അവയ്‌ക്കെല്ലാം ഉത്തരങ്ങള്‍ നല്‍കിയത്. കുരിശിന്‍റെ ചോദ്യമിതായിരുന്നു. നീതിയെ ഒരു മരത്തില്‍ ചേര്‍ത്തുവച്ച് ആണിയടിക്കുവാന്‍ പാപത്തെയും മരണത്തെയും ദൈവം എന്തിന് അനുവദിച്ചുവെന്ന്. ഉത്ഥാനം അതിന് നല്‍കിയ ഉത്തരമിതാണ്, പാപത്തിനു ചെയ്യുവാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്ത് ക്ഷീണിച്ചിരിക്കുന്നു. എന്നാല്‍ പാപത്തെയും മരണത്തെയുംകാള്‍ ശക്തമായ സ്‌നേഹം അതിനെ കീഴടക്കിയിരിക്കുന്നു.

6. അതിജീവനത്തെ പിൻതുണയ്ക്കുന്ന സ്നേഹം
വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനം 13-ാം അധ്യായം 7-ാമത്തെ തിരുവചനത്തില്‍ നാം വായിക്കുന്നു: ''സ്‌നേഹം സകലതും സഹിക്കുന്നു സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്നു. '' അതിദാരുണമായ സകല പീഡകളും ക്രിസ്തു സഹിച്ചത് നമ്മെ അവിടുന്നു നിസീമമായി സ്‌നേഹിച്ചതുകൊണ്ടാണ്. ഈ സ്‌നേഹമാണ് സകലത്തെയും അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. ഉത്ഥിതന്‍റെ ഈ സ്‌നേഹമാണ് നമ്മുടെ ഹൃദയത്തിലും നിറയേണ്ടത്. ഈ സ്‌നേഹമാണ് നമ്മില്‍നിന്ന് ഒരു നദിപോലെ നമ്മുടെ സഹോദരങ്ങളിലേക്ക് ഒഴുകി അവരുടെ കഷ്ടതകളില്‍നിന്നുള്ള ഉയിര്‍പ്പിനു കാരണമാകേണ്ടത്.

7. ജീവിതപരിസരങ്ങളെ ഉയിർപ്പിക്കാം
ഉത്ഥിതനായ ക്രിസ്തുവിന്‍റെ ഏക ആഗ്രഹം പിതാവ് തനിക്കു നല്‍കിയ സകലരേയും ഉയിര്‍പ്പിലേക്ക് നയിക്കുക എന്നതാണ്. മാനവരാശിയെ ഉയിര്‍പ്പിലേക്ക് നയിക്കുവാനുള്ള വലിയ ദൗത്യമാണ് ഉത്ഥിതനില്‍നിന്ന് നാം സ്വീകരിച്ചിരിക്കുന്നത്. വി. ക്രിസോസ്റ്റം പറയുന്നതുപോലെ ഇതു സാധ്യമാക്കുന്നതിന് നാം ചെയ്യേണ്ടത്, നമ്മുടെ കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുകയല്ല... മറിച്ച് പാവങ്ങളിലേക്കും രോഗികളിലേക്കും മാനസികമായി തകര്‍ന്നിരിക്കുന്നവരിലേക്കും നമ്മുടെ കരങ്ങൾ നീട്ടിക്കൊണ്ടാണ്. ഇപ്രകാരം നാം ചെയ്യുമ്പോള്‍ നമ്മുടേയും മറ്റുള്ളവരുടേയും ഉയിര്‍പ്പ് എത്രയോ വേഗം സാധ്യമാകുമെന്ന് വിശുദ്ധന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

8. അതിർവരമ്പുകൾ താണ്ടുന്ന ഉത്ഥിതന്‍റെ സ്നേഹം
പ്രശസ്ത ശാസ്ത്രജ്ഞനും ഈശോ സഭാവൈദികനും  തെയാര്‍ ദെ ഷര്‍ദെയിൻ ഇങ്ങനെ പ്രാര്‍ത്ഥിച്ചു,  ''ഓ യേശുവേ പ്രഭാപൂര്‍ണ്ണനായി, ഉത്ഥിതനായി അങ്ങ് പ്രത്യക്ഷപ്പെടുക. അങ്ങയോടുകൂടി ലോകത്തെ നയിക്കുവാന്‍ മഹത്വമണിഞ്ഞ് അങ്ങ് ഞങ്ങളുടെ പക്കല്‍ വരിക'' എന്ന്. ദൈവം തന്‍റെ സ്‌നേഹത്തെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തുന്നില്ല. സ്‌നേഹം മരണത്തിന്‍റെ പരിധികള്‍ കവിഞ്ഞൊഴുകുവാന്‍ പ്രാപ്തമാണ്. ഉത്ഥിതന്‍റെ സ്‌നേഹം ഉള്ളില്‍ നിറച്ചുകൊണ്ട് പാവങ്ങളുടെ ഉയിര്‍പ്പിനു കാരണമാകുന്ന ഉത്ഥിതന്‍റെ നല്ല ഉപകരണങ്ങളായി തീരാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !
 

03 April 2021, 17:25