തിരയുക

കർദ്ദിനാൾ എഡ്വേർഡ്  ക്യാസിഡി കർദ്ദിനാൾ എഡ്വേർഡ് ക്യാസിഡി  

കർദ്ദിനാൾ എഡ്വേർഡ് ക്യാസിഡി അന്തരിച്ചു

വത്തിക്കാനിൽനിന്നും പാപ്പാ ഫ്രാൻസിസ് അനുശോചന സന്ദേശം അയച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

1. ഓസ്ട്രേലിയൻ കർദ്ദിനാൾ
ക്രൈസ്തവൈക്യ കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ മുൻപ്രസിഡന്‍റായിരുന്നു, ഓസ്ട്രേലിയക്കാരനായ കർദ്ദിനാൾ ക്യാസിഡി. 97-ാമത്തെ വയസ്സിൽ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ജന്മനാടായ സിഡ്നിയിൽ വെച്ചായിരുന്നു ഏപ്രിൽ 10-ന് അന്തരിച്ചത്. അന്തിമോപചാര ശുശ്രൂഷകളും സംസ്കാരവും നടന്ന ഏപ്രിൽ 13-നാണ് പാപ്പാ ഫ്രാൻസിസ് വത്തിക്കാനിൽനിന്നും അനുശോചന സന്ദേശം അയച്ചത്.

2. സഭൈക്യ സേവകനും നയതന്ത്രജ്ഞനും
ക്രൈസ്തവൈക്യ പ്രവർത്തനങ്ങളുടെ പ്രേഷിതനും വത്തിക്കാന്‍റെ നയതന്ത്രജ്ഞനുമായിരുന്ന കർദ്ദിനാൾ ക്യാസിഡിയുടെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് താൻ ശ്രവിച്ചതെന്നും അനുശോചനം അറിയുക്കുന്നതായും പാപ്പാ സന്ദേശത്തിൽ ആമുഖമായി രേഖപ്പെടുത്തി. ഓസ്ട്രേലിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആർച്ചുബിഷപ്പ് അഡോൾഫ് യല്ലാന വഴി അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

3. പാപ്പായുടെ അനുശോചന സന്ദേശം
കർദ്ദിനാൾ ക്യാസിഡി സഭയ്ക്കും ലോകത്തിനും നല്കിയിട്ടുള്ള നിരവധിയായ നന്മകളെ നന്ദിയോടെ അനുസ്മരിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. ഭിന്നിച്ചുനില്ക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ ഒന്നിപ്പിക്കുവാനും സുവിശേഷം പ്രചരിപ്പിക്കുവാനും പ്രകടമാക്കിയിട്ടുള്ള തീക്ഷ്ണത അപാരമായിരുന്നുവെന്ന് പാപ്പാ വിശേഷിപ്പിച്ചു. പരേതന്‍റെ ആത്മാവിനു നിത്യശാന്തി നേരുകയും, ഈ നല്ല ശ്രേഷ്ഠപുരോഹിതന്‍റെ ദേഹവിയോഗത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്‍റെ അതിരൂപതയിലെ അജഗണങ്ങൾക്കും ഓസ്ട്രേലിയൻ സഭാനേതൃത്വത്തിനും പ്രാർത്ഥനാപൂർവ്വം സമാശ്വാസം നേർന്നുകൊണ്ട്, അപ്പസ്തോലിക ആശീർവ്വാദത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

4. ജീവിതരേഖ
1924 ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനിച്ചു.
1941 വിദ്യാഭ്യാസത്തിനുശേഷം ഗതാഗത വകുപ്പിൽ ജോലിതേടി.
1943 ദൈവവിളി സ്വീകരിച്ചു. വൈദികപഠനം ആരംഭിച്ചു.
1949 വൈദികനായി.
1950 മുതൽ അജപാലന ശുശ്രൂഷകളിൽ വ്യാപൃതനായിരുന്നു.
1953 റോമിലെ പൊന്തിഫിക്കൽ നയതന്ത്രവിദ്യാപീഠത്തിൽ ചേർന്നു പഠിച്ചു.
1962 മുതൽ 1965-വരെ ഇന്ത്യൽ ഡൽഹിയിലുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

1966 മുതൽ 1969-വരെ ഡബ്ലിൻ, എൽ സാൽവദോർ, അർജന്‍റീന എന്നിവിടങ്ങളിലെ അപ്പസ്തോലിക സ്ഥാനപതിയുടെ കാര്യാലയങ്ങളിൽ പ്രവർത്തിച്ചു.
1970 ചൈനയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി, ആർച്ചുബിഷപ്പ് സ്ഥാനത്തേയ്ക്കും ഉയർത്തപ്പെട്ടു.
1972 ബംഗ്ലാദേശ്, ബർമ്മ രാജ്യങ്ങളിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി.
1984 നെതർലാണ്ടിലെ അപ്പസ്തോലിക സ്ഥാനപതി.
1989 ക്രൈസ്തവൈക്യ കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ പ്രസിഡന്‍റായി
ജോൺപോൾ രണ്ടാമൻ പാപ്പാ നിയമിച്ചു.

1991 ജോൺ പോൾ 2-ാമൻ പാപ്പാ ആർച്ചുബിഷപ്പ് ക്യാസിഡിയെ കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് ഉയർത്തി.
2000 മഹാജൂബിലിയുടെ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
2004-ൽ ഔദ്യോഗിക പദവികളിൽനിന്നു വിരമിച്ച്, വിശ്രമജീവിതം ആരംഭിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2021, 14:25