തിരയുക

ഇറ്റലിയിലെ കസമാരിയിൽ 17/04/21-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട 6 നിണസാക്ഷികൾ, സിസ്റ്റേഴ്സ്യൻ സന്ന്യാസ സഭാംഗങ്ങളായ സിമെയോണെ കർദോണും 5 സഹസന്ന്യാസികളും ഇറ്റലിയിലെ കസമാരിയിൽ 17/04/21-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട 6 നിണസാക്ഷികൾ, സിസ്റ്റേഴ്സ്യൻ സന്ന്യാസ സഭാംഗങ്ങളായ സിമെയോണെ കർദോണും 5 സഹസന്ന്യാസികളും 

നവവാഴ്ത്തപ്പെട്ടവർ, ആറു നിണസാക്ഷികൾ!

രക്തസാക്ഷികളായ സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങൾ, സിമെയോണെ കർദോണും 5 സഹസന്ന്യാസികളും ഇനി വാഴ്ത്തപ്പെട്ടവർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ കസമാരിയിൽ (CASAMARI) 6 നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങളാണ് ഈ നവവാഴ്ത്തപ്പെട്ടവർ.

വത്തിക്കാനിൽ നിന്ന് നൂറുകിലോമീറ്ററിലേറെ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേർഷ്യൻ ആശ്രമത്തിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമറാറൊയായിരുന്നു (Cardinal Marcello Semeraro) ഇവരെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔപചാരികമായി ചേർത്തത്.

1799 മെയ് 13-നും 16-നും ഇടയിലാണ് സിമെയോണെ കർദോണും 5 സഹസന്ന്യാസികളും രക്തസാക്ഷികളായത്.

1799-ൽ തെക്കെ ഇറ്റലിയിലെ നാപ്പോളിയിൽ (നേപ്പിൾസിൽ) ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാൻ നിർബന്ധിതമായ ഒരു വേളയിൽ ദേവാലയങ്ങൾക്കും സന്ന്യാസാശ്രമങ്ങൾക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ഇവർ വധിക്കപ്പെട്ടത്.

കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിൻറെ ഭാഗമാണെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമറാറൊ (Cardinal Marcello Semeraro)  കസമാരിയിൽ (CASAMARI)  വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന  തിരുക്കർമ്മ മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കവെ ഉദ്ബോധിപ്പിച്ചു..

നമ്മുടെ വിശ്വാസത്തിൻറെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിൻറെയും മാറ്റുരച്ചു നോക്കാനുള്ള അവസരം ഈ കഷ്ടപ്പാടുകളിലും അനർത്ഥങ്ങളിലും കണ്ടെത്താൻ നാം വിളിക്കപ്പെടുന്നുവെന്നും കർദ്ദിനാൾ സെമെറാറൊ നവവാഴ്ത്തപ്പെട്ടവരുടെ നിണസാക്ഷിത്വത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.

കൂടുതൽ കൂടുതൽ തീക്ഷ്ണതയുള്ള പ്രേഷിതരായിത്തീരുന്നതിനും കൊടുങ്കാറ്റിൻറെ വേളയിൽ സ്വന്തം മക്കളെ കൈവിടാത്ത നമ്മുടെ പിതാവിലുള്ള വിശ്വാസത്തിൽ വളരുന്നതിനുമുള്ള സാധ്യതയായി ക്ലേശങ്ങളെ കണക്കാക്കണമെന്നും ലോകത്തിൽ ക്രിസ്തീയ സാക്ഷ്യത്തിൻറെ പ്രതിസന്ധികളിൽ, നാം ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ലയെന്നും എല്ലയ്പ്പോഴും പിതാവിൻറെ കരുതലാർന്ന ഔത്സുക്യം നമ്മെ സഹായിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

നവവാഴ്ത്തപ്പെട്ടവരുടെ രക്തസാക്ഷിത്വത്തിൻറെ ചരിത്രം ഈ സത്യം നമ്മെ പഠിപ്പിക്കുന്നുവെന്നും കർദ്ദിനാൾ സെമെറാറൊ കൂട്ടിച്ചേർത്തു.  

 

17 April 2021, 17:31