തിരയുക

കർദ്ദിനാൾ ജോർജ്ജ് മാർ ആലഞ്ചേരി കർദ്ദിനാൾ ജോർജ്ജ് മാർ ആലഞ്ചേരി 

ഓക്സിജനുവേണ്ടി കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ അഭ്യർത്ഥന

അടിസ്ഥാന മനുഷ്യാവകാശമാണ് ഓക്സിജനെന്ന് കർദ്ദിനാൾ കേന്ദ്രസർക്കാരിനോട്...

- ഫാദർ വില്യം നെല്ലിക്കൽ

പ്രാണവായുവിനുവേണ്ടി പിടയുന്നവർ
ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമെന്ന് കർദ്ദിനാൾ ജോർജ്ജ് മാർ ആലഞ്ചേരി പ്രസ്താവിച്ചു. ഭാരതത്തിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവൻ നിലനിർത്താൻ പ്രാണവായുവിനുവേണ്ടി പിടയുന്ന ആളുകൾക്ക് ഓക്സിജൻ എത്തിക്കുവാൻ സാദ്ധ്യമായ എല്ലാ നടപടികളും ഉ‌‌ടൻ എടുക്കണമെന്നും മെഡിക്കൽ ഓക്സിജന്‍റെ ലഭ്യത ഒരു അടിസ്ഥാന മനുഷ്യാവകാശമായി പരിഗണിച്ച് ഉറപ്പുവരുത്തണമെന്നും സീറോ മലബാർ സഭയുടെ പരമാധികാരിയും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ ആലഞ്ചേരി ഏപ്രിൽ 25-ന് കൊച്ചിയിൽ പുറത്തുവിട്ട പ്രസ്താവനയിലൂടെ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഓക്സിജന്‍റെ ദൗർലഭ്യംമൂലം നൂറുകണക്കിന് കോവിഡ് രോഗികൾ പിടഞ്ഞു മരിക്കുന്ന സാഹചര്യം കണ്ടുകൊണ്ടാണ് മാർ ആലഞ്ചേരി സർക്കാരിനോട് ഈ അഭ്യർത്ഥന നടത്തിയത്.

തീവ്രവ്യാപനത്തിന്‍റെ അടിയന്തിരാവസ്ഥ
പ്രതിദിനം 3 ലക്ഷത്തിൽ അധികം പേർക്ക് കോവിഡ് പിടിപെടുകയും രണ്ടായിരത്തിൽ അധികം പേർ മരിക്കുകയും ചെയ്യുന്ന തീവ്രവ്യാപനത്തിന്‍റെ അവസ്ഥയിലാണ് ഭാരതത്തിൽ ഇന്ന് കോവിഡ് മഹാവ്യാധി നടമാടുന്നത്. ചിതകൾ ഒടുങ്ങാത്ത നഗരങ്ങളും ആശുപത്രികൾക്കു മുമ്പിൽ പ്രവേശനം അഭ്യർത്ഥിച്ചു കിടക്കുന്ന കണക്കില്ലാത്ത ആംബുലൻസുകളുടെ നീണ്ടനിരയും അശരണരായി അലയുന്ന രോഗികളുടെ ബന്ധുക്കളും മാധ്യമങ്ങളിലൂടെ കാണുന്നതുതന്നെ ഹൃദയഭേദകമായ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഭക്ഷണത്തിന്‍റേയും കോവിഡ് കുത്തിവെയ്പു മരുന്നുകളുടേയും അടിയന്തിരാവശ്യം എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ ഉണ്ടെന്നും കർദ്ദിനാൾ പ്രസ്താവനയിലൂടെ സർക്കാരിനെ ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2021, 08:04