തിരയുക

ബെനഡിക്ട് പാപ്പാ ഫാത്തിമയിലെ മാതാവിന്റെ തീർത്ഥാടന ദേവാലയം സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. ബെനഡിക്ട് പാപ്പാ ഫാത്തിമയിലെ മാതാവിന്റെ തീർത്ഥാടന ദേവാലയം സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. 

പോർച്ചുഗലിൽ ഫാത്തിമയിലെ മാതാവിന്റെ തീർത്ഥാടന ദേവാലയം വിശ്വാസികൾക്കായി വീണ്ടും തുറന്നു

യൂറോപ്പിൽ കോവിഡ്- 19 ഇരകളായവരെ അനുസ്മരിച്ച് ദിവ്യബലികൾ അർപ്പിക്കപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോവിഡ് ബാധയെ തുടർന്ന് അടച്ചിട്ട ഫാത്തിമാ മാതാതീർത്ഥാടന ദേവാലയം ഇന്നലെ മാർച്ച് പതിനഞ്ചാം തിയതി വിശ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ബസിലിക്കയിലും, പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട കപ്പേളയിലും തുടങ്ങി തീർത്ഥാടന കേന്ദ്രത്തിലെ എല്ലാ കപ്പേളകളിലും ദിവ്യബലിയും, ജപമാല പ്രാർത്ഥനയും നടത്തപ്പെട്ടു. വാരാന്ത്യത്തിൽ ഞായറാഴ്ച്ച വൈകുന്നേരം 5.30ന് ഫാത്തിമായിലെ ജപമാല രാജ്ഞി ബസിലിക്കയിൽ ദിവ്യപൂജ അർപ്പിക്കപ്പെടും.

കോവിസ്- 19 ന്റെ പുതിയ തരംഗത്തെ തുടർന്ന് ഫാത്തിമാ മാതാ സങ്കേതത്തിൽ തിരുകർമ്മങ്ങൾ കഴിഞ്ഞ ജനുവരി 23 മുതൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. വീണ്ടും തുറന്നതിന് ശേഷം ഇന്നലെ രാവിലെ ഒമ്പത് മണിക്ക് തന്നെ ധാരാളം തീർത്ഥാടകർ ആരാധനക്രമങ്ങളിൽ പങ്കെടുക്കാനെത്തി. യൂറോപ്പിലെ മെത്രാൻ സമിതികളുടെ അദ്ധ്യക്ഷന്മാർ മുൻകൈയെടുത്ത് ഇന്ന് തീർത്ഥാടന ദേവാലയത്തിൽ അർപ്പിക്കപ്പെട്ട എല്ലാ ദിവ്യപൂജകളും, പ്രാർത്ഥനകളും യൂറോപ്പിലെ പകർച്ചവ്യാധിയുടെ ഇരകൾക്കായി അർപ്പിക്കപ്പെട്ടു. യൂറോപ്യൻ ഭൂഖണ്ഡത്തിൽ കോവിഡ്- 19 മൂലം മരിച്ച എൺപത് ലക്ഷത്തിലധികം പേരെ അനുസ്മരിച്ച് കൊണ്ട് എല്ലാ രൂപതകളും, സന്യാസസ്ഥാപനങ്ങളും പ്രാർത്ഥന ശൃംഖലയിൽ പങ്കുചേർന്നു.

കൊറോണാ വൈറസ് പിടിപെട്ട് മരിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ, രോഗികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരോടു സഭയുടെ സാമീപ്യം ആവർത്തിച്ചുറപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ് ഈ പ്രാർത്ഥനയെന്ന് ഇന്ന് രാവിലെ ദിവ്യബലി അർപ്പിച്ചവസരത്തിൽ തീർത്ഥാടന കേന്ദ്രത്തിന്റെ ചാപ്ലിൻ  ഫാ. മിഗ്വേൽ സോത്തോമയോർ പറഞ്ഞു. വിശ്വാസികൾ ഇല്ലാതെയുള്ള ദിവ്യബലി അർപ്പണം അസ്വഭാവികമായ അനുഭവമായിരുന്നുവെന്ന് പറഞ്ഞ ഫാ. മിഗ്വേൽ ഒരു പുരോഹിതന് എല്ലായ്പ്പോഴും ദിവ്യബലിയർപ്പിക്കാൻ കഴിയും എന്നാൽ തന്റെ ജനത്തെ ശ്രുശൂഷിക്കാനും അവരോടു ദൈവത്തെ കുറിച്ച് സംസാരിക്കുവാനുമാണ് തങ്ങൾ അഭിഷിക്തരായിരിക്കുന്നതെന്നും വെളിപ്പെടുത്തി.

ഫാത്തിമാ മാതാ തീർത്ഥാടന ദേവാലയത്തിൽ 11.00, 18.00, 21.30 എന്നീ സമയങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികൾ www.fatima.pt യുട്യൂബ് ചാനലിലും, ഫേസ് ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നത് തുടരും. നോമ്പുകാലത്തെ കുരിശിന്റെ വഴി വെള്ളിയാഴ്ച്ചകൾതോറും വൈകുന്നേരം നാല് മണിക്ക് പ്രക്ഷേപണം ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2021, 13:02