തിരയുക

ഫിലിപ്പീൻസിലെ ഒരു ക്രിസ്തുവിശ്വാസി, കോവിദ് മഹാമാരിയുടെ ഈ കാലത്ത് പ്രാർത്ഥനയിൽ ഫിലിപ്പീൻസിലെ ഒരു ക്രിസ്തുവിശ്വാസി, കോവിദ് മഹാമാരിയുടെ ഈ കാലത്ത് പ്രാർത്ഥനയിൽ 

ഫിലിപ്പീൻസിൽ ക്രൈസ്തവ വിശ്വാസത്തിന് 500 വയസ്സ്!

ഫിലിപ്പീൻസിലെ സഭയ്ക്കു വേണ്ടി മർപ്പാപ്പാ ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫിലിപ്പീൻസിൽ ക്രൈസ്തവവിശ്വാസം എത്തിച്ചേർന്നതിൻറെ അഞ്ചാം ശതാബ്ദിയോടനുബന്ധിച്ച് മാർപ്പാപ്പാ ഞായറാഴ്ച (14/03/2021) വത്തിക്കാനിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിക്ക് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യയാഗം ആരംഭിക്കും. 

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ, ഫിലിപ്പീൻസ് സ്വദേശിയായ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ ഗോകിം തഗ്ലെ (Cardinal Luis Antonio Gokim Tagle) ഈ ദിവ്യബലിയിൽ സഹകാർമ്മികനായിരിക്കും.

സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപുകൾ തേടിയിറങ്ങിയ നാവികനും പര്യവേഷകനുമായിരുന്ന പോർച്ചുഗീസ് സ്വദേശി ഫെർജിനാഞ്ച് മഗേല്ലാൻ (Ferdinand Magellan) 1521 മാർച്ച് 17-ന് ഫിലീപ്പീൻസിലെ 7641 ചെറുദ്വീപുകളിൽ ഒന്നായ സെബു (Cebu) ദ്വീപിൽ കാലുകുത്തിയതോടെയാണ് അന്നാട്ടിൽ ക്രിസ്തുമതവിശ്വാസത്തിൻറെ വിത്തു വിതയ്ക്കപ്പെട്ടത്.

ഇന്ന് ഫിലിപ്പീൻസിലെ 10 കോടി 67 ലക്ഷത്തോളം വരുന്ന മൊത്ത ജനസംഖ്യയിൽ 92 ശതമാനവും ക്രൈസ്തവരാണ്. ഇവരിൽ 80 ശതമാനത്തിലേറെയും കത്തോലിക്കാവിശ്വാസികളും. ഫിലിപ്പീൻകാരായ പ്രവാസികളുടെ സംഖ്യ ഒരു കോടിയോളം വരും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2021, 14:32