തിരയുക

തളർന്ന അവസ്ഥയിൽ കഴിയുന്ന 42 കാരിയായ ആനാ എസ്ത്രാദാ തളർന്ന അവസ്ഥയിൽ കഴിയുന്ന 42 കാരിയായ ആനാ എസ്ത്രാദാ 

ദയാവധം എപ്പോഴും അഹിതമായ മാർഗ്ഗമാണ് എന്ന് പെറുവിലെ മെത്രാന്മാർ

രോഗംമൂലം പൂർണ്ണമായും തളർന്ന അവസ്ഥയിൽ കഴിയുന്ന 42 കാരിയായ ആനാ എസ്ത്രാദാ താൻ സ്വന്തം ജീവിതത്തിന്റെ തടവുകാരി" യാണെന്നും, സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നിയമപരമായ അനുവാദം ആഗ്രഹിക്കുന്നുവെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വൈദ്യ സഹായത്തിലൂടെ എപ്പോൾ മരിക്കണം എന്ന് തീരുമാനിക്കാൻ നിയമപരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആദ്യമായി പെറുവിലെ ആനാ എസ്ത്രാദാ എന്ന സ്ത്രീ സമർപ്പിച്ച അപേക്ഷ സ്വീകരിച്ച ന്യായാധിപൻ ആനാ എസ്ത്രാദായുടെ കേസിൽ ദയവധത്തെ നിയമപരമായ വിലക്കിൽ നിന്നും ഒഴിവാക്കിയുള്ള തീർപ്പ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ദയാവധം എപ്പോഴും അഹിതമായ മാർഗ്ഗമാണെന്ന് പെറുവിലെ മെത്രാന്മാർ പ്രസ്താവിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി എസ്ത്രാദാ "ആനാ അർഹിക്കുന്ന മരണം അന്വേഷിക്കുന്നു" എന്ന ബ്ലോഗിലൂടെ സജീവമായിരുന്നു. ഈ കേസിൽ ദയാവധം നിയമപരമാക്കിയ ന്യായാധിപൻ ഭാവിയിൽ സമാനമായ കേസുകൾക്കായി ഒരു ഔദ്യോഗിക രേഖ സൃഷ്ടിക്കാനുള്ള അപേക്ഷ നിരസിക്കുകയും ചെയ്തു. എന്നാൽ പെറുവിൽ വ്യക്തിപരമായും സുബോധത്തോടെയും മരണം ആവശ്യപ്പെടുന്ന വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കുന്ന പ്രവർത്തനം മൂന്നുവർഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. ഈ സാഹചര്യത്തിൽ ആനാ എസ്ത്രാദാ അനുഭവിക്കുന്ന ദുരിതങ്ങൾ തങ്ങൾ മനസ്സിലാക്കുന്നുവെന്നും തങ്ങളുടെ സാമീപ്യവും പ്രാർത്ഥനയും ഉറപ്പുനൽകുന്നുവെന്നും പറഞ്ഞ പെറുവിലെ മെത്രാൻസമിതി ഇതുപോലുള്ള അവസരങ്ങളിൽ വിശ്വാസത്തിന്റെ അനുഭവത്തിൽനിന്ന് വേദനയുടെയും രോഗത്തിന്റെയും രഹസ്യങ്ങൾ ജീവിക്കുകയും തങ്ങളുടെ ദുരിതങ്ങൾക്ക് അർത്ഥം കണ്ടെത്തുകയും ആശുപത്രികളെയും വീടുകളെയും അൾത്താരകളായി കണ്ടവരുടെ ജീവിത സാക്ഷ്യത്തെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കുമെന്നും അവർ അതിൽ നിന്നാണ് ജീവിതത്തിന്റെ മൂല്യം പ്രഖ്യാപിച്ചതെന്നും അഭിപ്രായപ്പെട്ടു.

ദയാവധം എപ്പോഴും തെറ്റായ മാർഗ്ഗമാണെന്ന് ചൂണ്ടിക്കാട്ടിയ മെത്രാന്മാർ ഇത് ജീവിക്കാനുള്ള അവകാശത്തിനെതിരായ ആക്രമണമാണെന്നും, ഇത് ഒരു മനുഷ്യന്റെ അന്ത്യത്തിന് നേരിട്ട് കാരണമാകുന്നുവെന്നും അതിനാൽ എല്ല സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും ദയാവധം ഭയാനകമായ പ്രവർത്തിയാണെന്നും വിശദീകരിച്ചു. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പരമോന്നത ലക്ഷ്യം മനുഷ്യന്റെ സംരക്ഷണവും അവന്റെ അന്തസ്സിനോടുള്ള ബഹുമാനവുമാണെന്ന് പറയുന്ന ഭരണഘടനാ തത്വങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് മെത്രാന്മാർ ദയാവധത്തെ അനുകൂലിക്കുന്നതിനെതിരെ അഭിപ്രായപ്രകടനം നടത്തിയത്.

ഭരണഘടനയുടെ ഈ തത്വങ്ങൾ ഗർഭധാരണത്തിൽ നിന്ന് അതിന്റെ സ്വാഭാവിക മരണം വരെ ജീവനെ പരിപാലിക്കുകയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും അതിനാൽ ഒരു അധികാരത്തിനും ഈ വിഷയത്തിൽ വിപരീതമായി ഇടപെടാൻ കഴിയില്ലെന്നും മെത്രാന്മാർ ചൂണ്ടികാണിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2021, 15:13