“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം
1. കുടുംബങ്ങൾക്കായുള്ള സിനഡു
സമ്മേളനത്തിന്‍റെ ഫലപ്രാപ്തി
പാപ്പാ ഫ്രാൻസിസിന്‍റെ പ്രബോധനം സ്നേഹത്തിന്‍റെ ആനന്ദം, Amoris Laetitia ഇന്നത്തെ കുടുംബങ്ങൾക്കുള്ള മനോഹരമായ സമ്മാനമാണെന്ന് അൽമായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ ഉപകാര്യദർശി, ഗബ്രിയേല ഗമ്പീനോയാണ് അഭിപ്രായപ്പെട്ടത്. മാർച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ആഗോള സഭ ആരംഭിച്ച കുടുംബങ്ങളുടെ വർഷം സംബന്ധിച്ച് തലേനാൾ റോമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംബ്രിയേല ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2. കുടുംബങ്ങൾക്കുള്ള സമ്മാനം
കുടുംബങ്ങളെ സംബന്ധിച്ച് 2016-ൽ നടന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളേയും നിർദ്ദേശങ്ങളേയും അധികരിച്ച് പാപ്പാ ഫ്രാൻസിസ് ഒരുക്കിയ അപ്പസ്തോലിക പ്രബോധനം, “അമോരിസ് ലെത്തീസ്സിയ”യെ ആധാരമാക്കിയാണ് ഇത്തവണ കുടുംബവർഷം ആചരിക്കപ്പെടുന്നതെന്ന പ്രത്യേകത ഗമ്പീനി സമ്മേളനത്തിൽ വിശദമാക്കി. പാപ്പായുടെ പ്രബോധനം ഉൾക്കൊള്ളുന്ന കുടുംബങ്ങളുടെ അജപാലന സംരക്ഷണം, കുടുംബങ്ങളെ ഇന്നു ചേർത്തു നിർത്തുവാനുള്ള നവമായ രീതികൾ, കുടുംബങ്ങളെ സഹായിക്കുവാൻ സഭയ്ക്കുണ്ടാകേണ്ട പ്രായോഗിക സംവിധാനങ്ങൾ, അജപാലന പദ്ധതികൾ എന്നിവ കുടുംബ ജീവിതത്തെ ബലപ്പെടുത്തുന്ന പ്രായോഗിക പദ്ധതികളായി ഗമ്പീനി ചൂണ്ടിക്കാട്ടി. അതിനാൽ “സ്നേഹത്തിന്‍റെ ആനന്ദം” എന്ന പാപ്പായുടെ പ്രബോധനവും, കുടുംബ നവീകരണപദ്ധതികളും ഏറെ ഫലപ്രദവും മനോഹരവുമാണെന്നും, അത് കുടുംബങ്ങൾക്കുള്ള സമ്മാനമാണെന്നും ഗമ്പീനി വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചു.
3. കുടുംബങ്ങൾക്കുള്ള നവമായ മാർഗ്ഗരേഖ
പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ചതും, തിരുക്കുടുംബ പാലകന്‍റെ തിരുനാളിൽ ആരംഭിച്ചതുമായ കുടുംബവർഷവും, കുടുംബങ്ങൾക്കായി പാപ്പാ തരുന്ന അപ്പസ്തോലിക പ്രമാണരേഖയും ഒരു അച്ചടിച്ച പുസ്തകത്തിന്‍റെ ഓർമ്മ മാത്രമായി മാറാതെ, വിവാഹമെന്ന കൂദാശയ്ക്കും ക്രിസ്തീയ കുടുംബങ്ങൾക്കും സമൂഹത്തിൽ കൂടുതൽ ആന്തരികമായ സ്ഥിരപ്രതിഷ്ഠ വളർത്തിയെടുക്കുവാനുള്ള മാർഗ്ഗരേഖയായി കുടുംബങ്ങളും സമൂഹവും ഇടവക രൂപതാതല നേതൃത്വങ്ങളും അതിനെ കാണുകയും അംഗീകരിക്കുകയുംവെണമെന്ന് ഗമ്പീനി അഭ്യർത്ഥിച്ചു.
4. “സ്നേഹത്തിന്‍റെ ആനന്ദം”
കുടുംബങ്ങൾക്കുള്ള പ്രായോഗിക നവീകരണ പദ്ധതി
അപ്പസ്തോലിക പ്രബോധനത്തിന്‍റെ വരികൾക്കിടയിൽ മെത്രാന്മാർ നിർദ്ദേശിക്കുന്നതും, പാപ്പാ ഫ്രാൻസിസ് തന്‍റെ അജപാലന പരിചയ സമ്പത്തിൽ മെനഞ്ഞെടുത്തിരിക്കുന്നതുമായ കുടുംബ നവീകരണത്തിനുള്ള പ്രായോഗികവും ക്രിയാത്മകവുമായ പദ്ധതികൾ ഉൾക്കൊള്ളുവാനും പ്രായോഗികമാക്കുവാനുമാണ് ദേശീയ പ്രാദേശീക തലത്തിൽ സഭകൾ പരിശ്രമിക്കേണ്ടതെന്നും ഗബ്രിയേല വാർത്താസമ്മേളനത്തിൽ അനുസ്മരിപ്പിച്ചു. സഭയുടെ നവവും കാലികമായ ഈ പ്രബോധനം, “സ്നേഹത്തിന്‍റെ ആനന്ദം” വായിക്കുകയും പഠിക്കുകയും ചെയ്തെങ്കിലേ അതിന്‍റെ അജപാലനപരവും ആത്മീയവുമായ മൂല്യങ്ങൾ ഉൾക്കൊണ്ട് ക്രിയാത്മകമായും ബൗദ്ധികമായും കുടുംബങ്ങളെ നന്മയിൽ വളർത്തുവാൻ സാധിക്കൂവെന്നും ഒരു കുടുംബിനിയുമായ ഗമ്പീനി അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: