തിരയുക

ബിഷപ്പ് ലീനസ് ഡിസൂസ എസ്. ജെ. ബിഷപ്പ് ലീനസ് ഡിസൂസ എസ്. ജെ.  

ബിഷപ്പ് ലീനസ് നിർമ്മൽ ഗോമസിന് അന്ത്യാഞ്ജലി

പശ്ചിമ ബംഗാളിൽ ബരൂയിപ്പൂർ രൂപതയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ്പ് ലീനസ് നിർമ്മൽ ഗോമസ് അന്തരിച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

തളരാത്ത പ്രേഷിതൻ
രണ്ടു പതിറ്റാണ്ടോളം ബരൂയിപ്പൂർ രൂപതയിൽ സ്തുത്യർഹമായി സേവനംചെയ്ത ബിഷപ്പ് ലീനസ് ഈശോസഭാംഗമാണ്. രൂപതയുടെ പ്രഥമ മെത്രാൻ എന്ന നിലയിൽ തന്‍റെ അജഗണങ്ങൾക്കായി സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആത്മീയവുമായ മേഖലകളിൽ അദ്ദേഹം ത്യാഗപൂർവ്വം ചെയ്ത സേവനങ്ങൾ ബരൂയിപ്പൂറിലെ സമൂഹം ഇന്നും നന്ദിയോടെ അനുസ്മരിക്കുന്നു. രൂപതാ ഭരണത്തിൽനിന്നും 1995-ൽ വിരമിച്ചുവെങ്കിലും  തുടർന്നും ബിഷപ്പ് ലീനസ് അദ്ധ്യാപകനായും അജപാലകനായും ബാംഗ്ലാദേശിലെ ഡാക്കായിൽ വീണ്ടും 18 വർഷക്കാലം പ്രവർത്തിക്കുകയുണ്ടായി. 2014-ൽ മാത്രമാണ് അദ്ദേഹം ഇന്ത്യയിലേയ്ക്കു മടങ്ങിയത്.

ജീവിതസമർപ്പണം
വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 99-ാമത്തെ വയസ്സിൽ കൽക്കട്ടയിലെ സെന്‍റ് സേവ്യേഴ്സ് സമൂഹത്തിൽ വെച്ച് ഫെബ്രുവരി 27-നായിരുന്നു അന്ത്യം.  അന്തിമോപചാര ശുശ്രൂഷകൾ മാർച്ച് 1, ശനിയാഴ്ച വൈകുന്നേരം അമലോത്ഭവനാഥയുടെ നാമത്തിലുള്ള സ്ഥലത്തെ ഭദ്രാസന ദേവാലയത്തിൽ നടന്നു.

1921-ൽ പശ്ചിമ ബംഗാളിലെ ബാലിദിയോറിൽ ജനിച്ചു.  പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഈശോ സഭയിൽ ചേർന്നു പഠിച്ച് 1954-ൽ പൗരോഹിത്യം സ്വീകരിച്ചു.  ബംഗാളി ഭാഷാപണ്ഡിതനും നല്ല അദ്ധ്യാപകനുമായിരുന്നു ഫാദർ ലീനസ്.  കൽക്കട്ടയിലെ സെന്‍റ് തേരേസാസ് ഇടവകയിൽ വികാരിയായി പ്രവർത്തിക്കവെ 1977-ൽ പോൾ 6-ാമൻ പാപ്പായാണ് ഫാദർ ലീനസിനെ ബെരൂയിപ്പൂർ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിച്ചത്.  നീണ്ട 66 വർഷങ്ങളുടെ ധന്യമായ പൗരോഹിത്യ സമർപ്പണത്തിൽ 43-വർഷക്കാലം അദ്ദേഹം ബെരൂയിപ്പൂർ രൂപതയുടെ ഇ‌ടയനായിരുന്നു.

സഭാശുശ്രൂഷയിൽ ത്യാഗപൂർവ്വം ജീവിതം സമർപ്പിച്ച ഈ കർമ്മയോഗിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു !
 

04 March 2021, 13:43