കരുതലിന്‍റെ സംസ്‌കാരവും സമാധാനത്തിനുള്ള മാർഗ്ഗവും
- ഫാദർ വില്യം നെല്ലിക്കൽ
ജനുവരി 30 മഹാത്മഗാന്ധിയുടെ സമാധിദിനത്തോടു ചേർന്നുവരുന്ന ഞായറാഴ്ച ഭാരതത്തിൽ ലോക സമാധാനദിനമായി ആചരിച്ചുകൊണ്ട് ദേവാലയങ്ങളിൽ വായിച്ച പാപ്പാ ഫ്രാൻസിസിന്‍റെ വിശ്വശാന്തി ദിനത്തിലെ കാതൽ. ലോകത്തിന് എന്നും ആവശ്യമായ കരുതലിന്‍റെ സംസ്കാരത്തെക്കുറിച്ച് പാപ്പാ ഫ്രാൻസിസ് ഈ വർഷം പ്രബോധിപ്പിച്ച വിശ്വശാന്തി ദിനസന്ദേശത്തിൽ വിസ്തരിക്കുന്നു. (ഭാഗം രണ്ട്)
കരുതലിന്‍റെ മാതൃകയാണ് സ്രഷ്ടാവായ ദൈവം
സ്രഷ്ടാവായി മാത്രമല്ല, എല്ലാ സൃഷ്ടികളോടും, പ്രത്യേകിച്ച് ആദാമിനോടും ഹവ്വയോടും അവരുടെ സന്തതിപരമ്പരകളോടും കരുതലുള്ളവനായാണ് തിരുവചനത്തില്‍ ദൈവത്തെ അവതരിപ്പിക്കുന്നതെന്ന് പാപ്പാ ഫ്രാൻസിസ് ലോക സമാധാനദിന സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്ത് സ്ഥാപിക്കുന്നു. ചെയ്ത കുറ്റത്തിന് ശപിക്കപ്പെട്ടവനായിരുന്നു എങ്കില്‍പോലും കായേന് ''സംരക്ഷണത്തിന്‍റെ അടയാളം'' സ്രഷ്ടാവ് നല്‍കി. അതിനാലാണ് അവന്‍റെ ജീവന്‍ എടുക്കാതിരുന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ''ലംഘിക്കപ്പെടാനാവാത്ത അന്തസ്സിനെ സ്ഥിരീകരിക്കുമ്പോള്‍തന്നെ, തന്‍റെ സൃഷ്ടിയുടെ ശ്രുതിലയം നിലനിര്‍ത്താനുള്ള ദൈവിക പദ്ധതിയുടെ അടയാളം കൂടിയാണിത്. കാരണം, അക്രമവും സമാധാനവും ഒരുമിച്ചു പുലര്‍ത്താനാകില്ല.
ശാബത്ത് എന്ന അനുഷ്ഠാനത്തിന്‍റെ ഹൃദയത്തിലുള്ളത് സൃഷ്ടിയോടുള്ള കരുതലാണ്. പാവങ്ങളോടുള്ള കരുതലും സാമൂഹികക്രമം പുനഃസ്ഥാപിക്കലും ദൈവികാരാധനാക്രമത്തിനു പുറമെ ശാബത്ത് ലക്ഷ്യമിടുന്നുണ്ട്. എല്ലാ ഏഴാംവര്‍ഷത്തിലും ശാബത്തിന്‍റെ ജൂബിലി ആഘോഷിച്ചിരുന്നപ്പോള്‍ ഭൂസ്വത്തില്‍ ഇളവുകളും കടക്കാര്‍ക്ക് വിടുതലും അടിമകള്‍ക്ക് മോചനവും നല്‍കിയിരുന്നു. അനുഗ്രഹത്തിന്‍റെ ആ വര്‍ഷത്തില്‍ അരിഷ്ടത അനുഭവിച്ചിരുന്നവര്‍ക്ക് ആശ്വാസവും ജീവിക്കാന്‍ പുതിയ അവസരവും അനുവദിച്ചിരുന്നു.
പ്രവാചക പാരമ്പര്യം അനുസരിച്ച്, ഏറ്റവും ദുര്‍ബലരായ അംഗങ്ങളെ ഒരു സമൂഹം പരിഗണിക്കുന്ന രീതിയിലാണ് ബൈബിള്‍ അനുശാസിക്കുന്ന സാമൂഹിക രീതി ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ പ്രകടമായിരുന്നതെന്ന് പാപ്പാ സന്ദേശത്തിൽ വചനാധിഷ്ഠിതമായി സ്ഥാപിക്കുന്നു (ആമോസ് 2:6-8) (ഏശയ്യ 5.8).
യേശുവിന്‍റെ പൗരോഹിത്യത്തിലെ കരുതല്‍
ദൈവപിതാവിന് മാനവരാശിയോടുള്ള സ്‌നേഹത്തിന്‍റെ പരമമായ വെളിപ്പെടുത്തലിനെ പ്രതിനിധീകരിക്കുന്നതാണ് യേശുവിന്‍റെ ജീവിതവും പൗരോഹിത്യവുമെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നസ്രത്തിലെ സിനഗോഗില്‍ ദൈവത്താല്‍ അഭിഷിക്തനായവനാണ് താനെന്ന് യേശു കാണിച്ചുകൊടുത്തു. പാവങ്ങള്‍ക്ക് സദ്‌വാര്‍ത്തയേകാനും, ബന്ധിതരുടെ മോചനം പ്രഖ്യാപിക്കാനും, അന്ധര്‍ക്ക് കാഴ്ച നല്‍കാനും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും അയക്കപ്പെട്ടവനാണെന്ന് അവിടുന്ന് തെളിയിച്ചു. (ലൂക്കാ 4:18). ജൂബിലി വര്‍ഷവുമായി ഈ രക്ഷാകര നടപടികള്‍ പിതാവില്‍നിന്ന് അവിടുത്തേക്ക് നല്‍കപ്പെട്ടിരിക്കുന്ന ദൗത്യത്തിന് വാചാലമായി സാക്ഷ്യംവഹിക്കുന്നു. ദയാവായ്‌പോടെ, ആത്മാവിലും ശരീരത്തിലും രോഗികളായവരോട് ചേര്‍ന്നുനിന്നുകൊണ്ട് ക്രിസ്തു അവര്‍ക്ക് സൗഖ്യം നല്‍കി. അവിടുന്ന് പാപികള്‍ക്ക് മാപ്പും പുതുജീവിതവും നല്‍കി. തന്‍റെ അജഗണങ്ങളോട് കരുതലുള്ള നല്ല ഇടയനാണ് യേശു. പരിക്കേറ്റവരുടെ അടുത്തേക്ക് അവിടുന്ന് ഇറങ്ങിച്ചെന്ന് അവന്‍റെ മുറിവുകള്‍ വെച്ചുകെട്ടുകയും പരിചരിക്കുകയും ചെയ്യുന്ന നല്ല സമറിയാക്കാരനാണ് അവിടുന്ന്.
പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്വത്തില്‍നിന്ന് നമ്മെ മോചിപ്പിക്കാന്‍ കുരിശില്‍ സ്വയം അര്‍പ്പിച്ച് നമ്മോടുള്ള കരുതലിന്‍റെ ആത്യന്തികമായ തെളിവ് തന്‍റെ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണവേളയില്‍ യേശു നല്‍കി. തന്‍റെ ജീവന്‍ ദാനമായി പരിത്യാഗം ചെയ്തുകൊണ്ട് നമുക്കായി അവിടുന്ന് സ്‌നേഹത്തിന്‍റെ പാത തുറന്നുനല്‍കി. നാം ഓരോരുത്തരോടും അവിടുന്ന് പറയുന്നു ''എന്നെ അനുഗമിക്കുക; പോകൂ, ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യുക, എന്ന് സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഫ്രാൻസിസ് സന്ദേശത്തിലെ കരുതലിന്‍റെ പാഠം വ്യക്തമാക്കുന്നു. (ലൂക്കാ 10:37).
തുടരും...