തിരയുക

ദക്ഷിണാഫ്രിക്കയിലെ കൊറോണാ വൈറസ്  മൂലം ദുർബ്ലലരായ ആളുകൾക്ക് ഓർഡർ ഓഫ് മാൾട്ട ഭക്ഷണം നൽകുന്നു ദക്ഷിണാഫ്രിക്കയിലെ കൊറോണാ വൈറസ് മൂലം ദുർബ്ലലരായ ആളുകൾക്ക് ഓർഡർ ഓഫ് മാൾട്ട ഭക്ഷണം നൽകുന്നു 

കരുതലിലും ഐക്യദാർഢ്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്ന് മാൾട്ടയിലെ മെത്രാന്മാർ

മാൾട്ടയിലെ ആർച്ച് ബിഷപ്പ് മോൺ. ചാൾസ് ജൂഡ് സിക്ലൂന, ഗോസോ ബിഷപ്പ് മോൺ ആന്റൺ ട്യൂമ, സഹായ ബിഷപ്പ് മോൺ. ജോസഫ് ഗാലിയ-കുർമി എന്നിവർ ഒപ്പിട്ട ഇടയലേഖനത്തിലാണിത് വിശദീകരിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തപസ്സുകാലത്തോടനുബന്ധിച്ച് നൽകിയ ഇടയലേഖനത്തിൽ ഫ്രാൻസിസ് പാപ്പയുടെ "ഫ്രത്തെല്ലി  തൂത്തി" എന്ന ചാക്രിക ലേഖനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കരുതലും ഐക്യദാർഢ്യവും അധിഷ്ഠിതമാക്കിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ മാൾട്ടയിലെ ജനങ്ങളോടു മെത്രാന്മാർ ആവശ്യപ്പെട്ടു.

ഒറ്റയ്ക്ക് കഷ്ടപ്പെടുന്നവരുടെ നിശ്ശബ്ദമായ നിലവിളി കേൾക്കുകയും പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത് ഏറ്റവും ദുർബ്ബലരായവരോടു കൂടുതൽ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്തവരെ പ്രശംസിക്കുകയും ചെയ്തു. വലിച്ചെറിയൽ സംസ്കാരത്തിന്റെ ഇരകളാക്കപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിലവിളി കേൾക്കുവാൻ വിശ്വാസികളോടു ആഹ്വാനം ചെയ്ത മെത്രാന്മാർ ദൈവ സ്നേഹത്തിന്റെ മുന്നിൽ നമ്മെ തുറവുള്ളവരാക്കുകയും മറ്റുള്ളവരുമായി ആ സ്നേഹം പങ്കുവയ്ക്കുകയും ചെയ്താൽ മാത്രമേ സഹോദരങ്ങളായി ജീവിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ എന്ന് പ്രബോധിപ്പിക്കുകയും ചെയ്തു.

മറ്റുള്ളവരെ ശത്രുക്കളായല്ല സഹോദരങ്ങളായാണ് കാണേണ്ടതെന്നും മതിലുകളും അതിരുകളുമില്ലാത്ത ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ കഴിഞ്ഞാൽ 'വ്യക്തിമാഹാത്മ്യ വാദം' എന്ന വൈറസിനെ പരാജയപ്പെടുത്താൻ കഴിയുമെന്നും മാൾട്ടയിലെ മെത്രാന്മാർ വിശ്വാസികളെ ഓർമ്മിപ്പിച്ചു.  സംവാദത്തിന്റെ സമൂഹം സാമൂഹിക സൗഹൃദത്തെ പരിപോഷിപ്പിക്കും എന്ന് ചൂണ്ടിക്കാണിച്ച മെത്രാന്മാർ വംശീയത, വർഗ്ഗീയത, വിദ്വേഷം, ഗാർഹിക പീഡനം, കുടുംബത്തകർച്ച, അന്യായപലിശ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം, അധികാര ദുർവിനിയോഗം, പ്രകൃതി പൈതൃകത്തോടു പ്രകടിപ്പിക്കുന്ന നശീകരണ മനോഭാവം  തുടങ്ങി വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും നാം അനുഭവിക്കുന്ന മുറിവുകൾ തിരിച്ചറിയാൻ അനുവദിക്കുന്ന സംഭാഷണമാണതെന്ന് കൂട്ടിച്ചേർത്തു. ഇത്തരം മുറിവുകൾ സൗഖ്യപ്പെടുത്താൻ പ്രവർത്തിക്കണമെന്ന് സൂചിപ്പിച്ച മെത്രാന്മാർ ഓരോ മനുഷ്യന്റെയും ജീവിതത്തെയും അന്തസ്സിനെയും ബഹുമാനിക്കുന്ന ഒരു സംസ്കാരത്തിനായി നാം കൂടുതൽ അദ്ധ്വാനിക്കണമെന്നും ഓർമ്മിപ്പിച്ചു.

ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്നും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതാകയാൽ ആരെയും ഉപയോഗശൂന്യമായി കണക്കാക്കാനാവില്ലെന്നും ആരും ഒരിക്കലും ഒഴിവാക്കപ്പെടരുതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കി. കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പ്രതിസന്ധിയുടെയും ദുരിതങ്ങളുടെയും നിമിഷങ്ങളിലൂടെ കടന്നുപോകുകയും തന്റെ കുടുംബത്തിനുവേണ്ടി സ്വദേശത്ത് നിന്നും വളരെ അകലെ അഭയം തേടേണ്ടി വരുകയും ഒരു അഭയാർഥിയായി കഴിയുകയും ചെയ്ത തിരുകുടുംബത്തിന്റെ കാവൽക്കാരനായ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടരാൻ വിശ്വാസികളെ മെത്രാന്മാർ ക്ഷണിക്കുകയും ചെയ്തു. ദുരന്തങ്ങൾക്കിടയിലും ദൈവത്തോടു എപ്പോഴും ആഴമായ വിശ്വാസവും മറ്റുള്ളവരോടു സ്നേഹവും, കരുണയും പ്രകടിപ്പിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാറാകുകയും ചെയ്ത  വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവെന്നും ഇടയലേഖനം ചൂണ്ടികാണിച്ചു.

ഈ തപസ്സ് കാലത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണവും മധ്യസ്ഥതയും അഭ്യർത്ഥിക്കുകയും സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഉപകരണങ്ങളായി മാൾട്ടാ സമൂഹം രൂപപ്പെടാൻ നമ്മെ അദ്ദേഹം സഹായിക്കുകയും ചെയ്യട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് മാർട്ടായിലെ മെത്രാന്മാർ ഇടയലേഖനം ഉപസംഹരിച്ചത്.

 

22 February 2021, 13:10