തിരയുക

ബിഷപ്പ് ജോസഫ് നീലങ്കാവിൽ ബിഷപ്പ് ജോസഫ് നീലങ്കാവിൽ  

ബിഷപ്പ് ജോസഫ് നീലങ്കാവിലിന് അന്ത്യാഞ്ജലി

വടക്കെ ഇന്ത്യയിൽ സാഗർ രൂപതയുടെ മുൻമെത്രാൻ ബിഷപ്പ് ജോസഫ് നീലങ്കാവിൽ സി.എം.ഐ. അന്തരിച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

നല്ല മിഷണറിയും അജപാലകനും
ഫെബ്രുവരി 17, ബുധനാഴ്ച രാവിലെ കേരളത്തിൽ തൃശൂർ ജില്ലയിലെ കോട്ടൂറുള്ള യേശുഭവനിൽവച്ചായിരുന്നു അന്ത്യം. സാഗർ രൂപതയുടെ കേരളത്തിലെ വൈദികർക്കുള്ള വിശ്രമകേന്ദ്രമാണ് യേശുഭവൻ. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 90-Ɔമത്തെ വയസ്സിലായിരുന്നു ബിഷപ്പ് നീലങ്കാവിലിന്‍റെ അന്ത്യം.

വടക്കെ ഇന്ത്യയിൽ മദ്ധ്യപ്രദേശിലുള്ള സാഗർ രൂപതയുടെ മെത്രാനായി 19 വർഷക്കാലം സ്തുത്യർഹമായ സേവനംചെയ്തശേഷം 75-Ɔമത്തെ വയസ്സിൽ വിരമിച്ച് നാട്ടിൽ വന്ന് വിശ്രമജീവിതം നയിക്കുകയായുന്നു ബിഷപ്പ് നീലങ്കാവിൽ.  “പത്രോസിനും ദൈവജനത്തിനുംവേണ്ടി…,” എന്ന ആപ്തവാക്യവുമായി സാഗർ മിഷൻ രൂപതയുടെ ഇടയനായി ജീവിച്ച ഈ കർമ്മയോഗി അജപാലന സമർപ്പണംകൊണ്ടും പക്വമാർന്ന സഭാഭരണംകൊണ്ടും ജനപ്രീതിയാർജ്ജിച്ച പ്രേഷിതനായിരുന്നു. ഈ നല്ലിടയന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു!

ജീവിതരേഖ
1930-ൽ കേരളത്തിൽ തൃശൂർ ജില്ലയിൽ അരണാട്ടുകരയിൽ നീലങ്കാവ് ലാസറിന്‍റെയും കുഞ്ഞമ്മ പാലത്തിങ്കലിന്‍റെയും മകനായി ജനിച്ചു.
പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം കർമ്മലീത്ത സഭയിൽ ചേർന്നു. മാന്നാനം, കൂനമ്മാവ്, ചെത്തിപ്പുഴ ആശ്രമങ്ങളിൽ സന്ന്യാസപഠനം തുടർന്നു.
1950 സി.എം.ഐ. സഭാംഗമായി വ്രതവാഗ്ദാനം സ്വീകരിച്ചു.
1954-ൽ പൂനയിലെ പേപ്പൽ സെമിനാരിയിൽ ചേർന്ന് തത്വശാസ്ത്രവും
1956-മുതൽ ബാംഗ്ലൂർ ധർമ്മാരാം കോളെജിൽ ദൈവശാസ്ത്ര പഠനവും നടത്തി.
1960-ൽ അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.
പൗരോഹിത്യത്തിന്‍റെ ആദ്യത്തെ 2 വർഷങ്ങൾ തൃശൂർ രൂപതയുടെ സാമൂഹ്യസേവന മേഖലയുടെ ഡയറക്ടറായി പ്രവർത്തിച്ചു.
1963-ൽ റോമിലെ ഊർബൻ കോളെജിൽ സഭാനിയമങ്ങളുടെ പഠനം ആരംഭിച്ചു.
1970-ൽ സഭാനിയമത്തിൽ ഡോക്ടറേറ്റും സാമൂഹ്യശാസ്ത്രത്തിൽ പ്രത്യേക ബിരുദവും കരസ്ഥമാക്കി.

തുടർന്ന് സാഗർ രൂപതയുടെ പ്രേഷിതരംഗത്തും സിഎംഐ സഭയുടെ മിഷൻ കൗൺസിലറുമായും പ്രവർത്തിക്കവെയാണ് മെത്രാൻ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടത്.
1987-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഫാദർ നീലങ്കാവിലിനെ സാഗർ രൂപതയുടെ മെത്രാനായി നിയോഗിച്ചു.
2006-ൽ 75-Ɔമത്തെ വയസ്സിൽ വിരമിക്കുംവരെ സാഗർ മിഷൻ രൂപതയ്ക്കും ജനങ്ങൾക്കും അദ്ദേഹം സ്നേഹമുള്ള നല്ലിടയനായി സമർപ്പണജീവിതം നയിച്ചു. പൗരോഹിത്യജീവിതം പൂർണ്ണമായും സഭയ്ക്കും ജനങ്ങൾക്കുംവേണ്ടി വിശ്വസ്തതയോടെ ജീവൻ സമർപ്പിച്ച ശുഷ്ക്കാന്തിയുള്ള പുരോഹിതശ്രേഷ്ഠനായിരുന്നു അദ്ദേഹം.

ഈ അജപാലകന്‍റെ ആത്മാവിന് ദൈവം നിത്യാനന്ദം നല്കി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

 

17 February 2021, 15:07