പാപ്പായുടെ ഇറാക്ക് സന്ദർശനം, പ്രാദേശിക സഭ പ്രാർത്ഥനയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാർപ്പാപ്പായെ പാർത്തിരിക്കുന്ന ഇറാക്കിലെ കത്തോലിക്കാസഭ പതിനേഴാം തീയതി ഞായറാഴ്ച മുതൽ (17/01/21) പ്രത്യേക പ്രാർത്ഥനകളോടെ ആദ്ധ്യാത്മിക ഒരുക്കം ആരംഭിക്കുന്നു.
മാർച്ച് 5-8 വരെ തീയതികളിലായിരിക്കും ഫ്രാൻസീസ് പാപ്പാ ഇറാക്കിൽ ഇടയസന്ദർശനം നടത്തുക.
ഈ യാത്രയ്ക്കുള്ള ആത്മീയ ഒരുക്കത്തിൻറെ ഭാഗമായിട്ടാണ് വിശ്വാസികൾ ഈ വരുന്ന ഞായറാഴ്ച മുതൽ പ്രത്യേക പ്രാർത്ഥന ചൊല്ലുക.
ഈ പ്രാർത്ഥന, ഇറാക്കിലെ, ബാബിലോണിയായിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയീസ് റഫായേൽ സാക്കൊ തയ്യാറാക്കിയതാണ്.
പാർത്തിരിക്കുന്ന സന്ദർശനം വിജയകരമായി നടത്താൻ കഴിയുന്നതിന് ഫ്രാൻസീസ് പാപ്പായ്ക്ക് ആരോഗ്യവും ഐശ്വര്യവും നമ്മുടെ ദൈവമായ കർത്താവ് പ്രദാനം ചെയ്യുന്നതിനും, വേദനാജനകങ്ങളായ സംഭവങ്ങൾക്ക് സാക്ഷികളായ ഇറാക്കിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്, സംഭാഷണവും സാഹോദര്യ അനുരഞ്ജനവും ശക്തപ്പെടുത്താനും പരസ്പര വിശ്വാസം സംജാതമാക്കാനും സമാധാനത്തിൻറെയും മാനവാന്തസ്സിൻറെയും മൂല്യങ്ങൾ ബലപ്പെടുത്താനുമുള്ള പാപ്പായുടെ പരിശ്രമങ്ങളെ ദൈവം അനുഗ്രഹിക്കുന്നതിനും വേണ്ടിയുള്ള പ്രാർത്ഥന ഇതിലുൾക്കൊള്ളുന്നു.
പാപ്പായുടെ ആസന്നമായിരിക്കുന്ന ഇടയസന്ദർശനം ഇറാക്കിന് പുനർജന്മത്തിൻറെ അടയാളമാണെന്ന് പാപ്പാസന്ദർശന വിവരം ഇക്കഴിഞ്ഞ ഡിസമ്പർ 7-ന് അറിഞ്ഞയുടനെ പാത്രിയാർക്കീസ് കർദ്ദിനാൾ സാക്കോ പ്രതികരിച്ചിരുന്നു.
പാപ്പായുടെ ഭാവി സന്ദർശനം ഒരു വിനോദയാത്രയല്ല, മറിച്ച്, അനിശ്ചിതത്വത്തിൻറെ ഒരു കാലത്തിലൂടെ കടന്നു പോകുന്ന എല്ലാവർക്കും സാന്ത്വന സന്ദേശമേകുന്ന ഒരു തീർത്ഥാടനമാണെന്ന് അദ്ദഹം പറയുന്നു.
ബാഗ്ദാദ്, ഉർ, എർബിൽ, മൊസൂൾ, ക്വരാക്കോഷ് എന്നിവിടങ്ങളാണ് പാപ്പായുടെ ഇറാക്ക് സന്ദർശനാജന്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.